ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിന് പിന്നാലെ ഹമാസ് തീവ്രവാദികൾ തട്ടിക്കൊണ്ടു പോയെന്ന് കരുതിയിരുന്ന ഇസ്രയേൽ വനിത ഷാനി ഗബെയുടെ (25) മൃതദേഹം ഇസ്രായേലിൽ നിന്ന് കണ്ടെടുത്തതായി അധികൃതർ സ്ഥിരീകരിച്ചു . ഇക്കാര്യം പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൂപ്പർനോവ റേവിൽ സംഗീത പരിപാടിക്കിടെ നടന്ന കൂട്ടക്കൊലയ്ക്ക് ഏകദേശം ഏഴ് ആഴ്ചകൾക്ക് ശേഷമാണ് ഗാബെയുടെ മൃതദേഹം തിരിച്ചറിഞ്ഞതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. സംഭവത്തിന് ശേഷം അപ്രത്യക്ഷയായതിനാൽ ബന്ദികളാക്കപ്പെട്ടവരുടെ കൂട്ടത്തിൽ ഷാനി ഗബെയും ഉണ്ടാകും എന്നാണ് യുവതിയുടെ കുടുംബവും കരുതിയിരുന്നത്.
ഹമാസ് ഭീകരർ തീയിട്ട ആംബുലൻസിൽ പൂർണ്ണമായി കത്തിക്കരിഞ്ഞ് കണ്ടെടുത്ത മൃതദേഹത്തിൽ പല്ലുകൾ കൊണ്ട് മാത്രമാണ് മൃതദേഹം തിരിച്ചറിഞ്ഞതെന്ന് സമൂഹ മാദ്ധ്യമ ഫോറങ്ങളിലെ ചില റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. നഗരത്തിലെ മുനിസിപ്പാലിറ്റി അധികൃതരും അവളുടെ മരണം സ്ഥിരീകരിച്ചു,
“ഞങ്ങളുടെ ഷാനി പോയി. ഞങ്ങളുടെ ഹൃദയം തകർന്നിരിക്കുന്നു. ഞങ്ങൾ എല്ലാവരും കരയുന്നു, ഞങ്ങൾക്കിത് വിശ്വസിക്കാൻ കഴിയുന്നില്ല . ഒക്ടോബർ ഏഴിന് ഷാനിയുടെ കൊലപാതകത്തെക്കുറിച്ചുള്ള കയ്പേറിയ വാർത്ത ഇന്ന് രാവിലെ ലഭിച്ചതോടെ നാൽപ്പത്തിയേഴ് ദിവസത്തെ പ്രതീക്ഷകൾക്ക് വിരാമമായി. ഞങ്ങളുടെ പ്രാർത്ഥനയും പിന്തുണയും അവളുടെ മാതാപിതാക്കളായ ജേക്കബിനും മിഖാളിനും സഹോദരൻ അവിയലിനും സഹോദരി നിറ്റ്സനുമൊപ്പമുണ്ട്. അവളുടെ ഓർമ്മ എന്നും ഞങ്ങളിൽ നിലനിൽക്കും ” മേയർ സൈമൺ അൽഫാസി കുറിച്ചു.
നിയമ ബിരുദധാരിയായ ഷാനി സംഭവ ദിവസം രാവിലെ അമ്മയെ വിളിച്ചിരുന്നു, ഹമാസ് തീവ്രവാദികളുടെ റോക്കറ്റാക്രമണം നടക്കുന്നതായും അവൾ അമ്മയോട് പറഞ്ഞു.ഇതിനിടെ വാഹനം മറിയുകയും കാലിൽ മുറിവേറ്റ് സുരക്ഷിതമായ ഇടം തേടി കിബ്ബത്ത്സ് അലൂമിമിന് സമീപമുള്ള ഒരു ഫീൽഡ് ഷെൽട്ടറിലേക്ക് അവൾ കയറുകയുമായിരുന്നു. എന്നാൽ അവിടെയും ഹമാസ് തീവ്രവാദികൾ ആക്രമണം നടത്തുകയായിരുന്നു.

