Thursday, May 9, 2024
spot_img

പോപ്പുലര്‍ ഫ്രണ്ട് നിരോധനം വിലയിരുത്താന്‍ ട്രൈബ്യൂണലിനെ നിയമിച്ച് കേന്ദ്രം ;ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേശ് കുമാർ ശർമയെ ട്രൈബ്യൂണൽ ചെയർമാനായി നിയമിച്ചു

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിന്‍റെയും അനുബന്ധ സംഘടനകളുടെയും നിരോധനത്തിന് നൽകിയ അനുമതി പരിശോധിക്കാൻ കേന്ദ്രം ട്രൈബ്യൂണലിനെ നിയോഗിച്ചു. ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേശ് കുമാർ ശർമയെ ട്രൈബ്യൂണൽ ചെയർമാനായി നിയമിച്ച് നിയമ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ആറുമാസത്തിനകം ട്രൈബ്യൂണൽ കേന്ദ്രത്തിന്‍റെ നടപടി പരിശോധിച്ച് അന്തിമ തീരുമാനമെടുക്കും.

സെപ്റ്റംബർ 28നാണ് പോപ്പുലർ ഫ്രണ്ടിനെയും എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള ട്രൈബ്യൂണൽ പരിശോധിച്ച് അന്തിമ തീരുമാനം എടുക്കണമെന്ന ചട്ടമനുസരിച്ചാണ് കേന്ദ്രം തുടർനടപടികൾ പ്രഖ്യാപിച്ചത്. ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേശ് കുമാർ ശർമ ആറ് മാസത്തിനകം വിശദമായ വാദം കേൾക്കുകയും നിരോധനം നിയമപരമാണോ എന്ന് തീരുമാനിക്കുകയും ചെയ്യും. നിരോധനത്തിലേക്ക് നയിച്ച കണ്ടെത്തലുകൾ കേന്ദ്ര അന്വേഷണ ഏജൻസികൾ ട്രൈബ്യൂണലിന് മുന്നിൽ അവതരിപ്പിക്കും. പോപ്പുലർ ഫ്രണ്ടിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകർക്ക് നിരോധനത്തിനെതിരെ വാദിക്കാൻ അവസരമുണ്ടാകും.

യു.എ.പി.എ നിയമത്തിലെ സെക്ഷൻ 3 പ്രകാരം പോപ്പുലർ ഫ്രണ്ടിന് നിരോധനം ഏർപ്പെടുത്തുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ഇത് ട്രൈബ്യൂണൽ സ്ഥിരീകരിക്കണമെന്ന് സെക്ഷൻ 4 നിർദ്ദേശിക്കുന്നു. ആഗോള ഭീകര സംഘടനകളുമായുള്ള ബന്ധം, കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ കൊലപാതകങ്ങളിലുള്ള പങ്ക്, വിദേശത്ത് നിന്നുള്ള കുഴൽപ്പണം എന്നിവ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തിയത്. കേരളത്തിൽ നിന്ന് അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കൾ ഡൽഹിയിൽ എൻഐഎ കസ്റ്റഡിയിൽ തുടരുകയാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഡൽഹിയിൽ മാത്രം അഞ്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കൂടി യുഎപിഎ ചുമത്തി ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Related Articles

Latest Articles