Thursday, May 2, 2024
spot_img

ശബരിമല മേൽശാന്തി നിയമനം റദ്ദാക്കണമെന്ന ഹർജി തള്ളി ഹൈക്കോടതി! നിയമനത്തിൽ ഇടപെടേണ്ടതില്ലെന്ന് കോടതി

കൊച്ചി: ശബരിമല മേൽശാന്തി നിയമനം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. നിയമനത്തിൽ ഇടപെടേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു. ദേവസ്വം ബെഞ്ചാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത്. മേൽശാന്തി തെരഞ്ഞെടുപ്പിൽ ആവശ്യമില്ലാത്ത ആളുകളുടെ സാന്നിദ്ധ്യമുണ്ടെന്ന് ഹൈക്കോടതി സൂചിപ്പിച്ചിരുന്നു. എന്നാൽ ഒബ്സർവർമാരുടെ സാന്നിദ്ധ്യത്തിലാണ് തെരഞ്ഞെടുപ്പ് നടത്തിയതെന്ന് ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു.

കോടതി നിർദ്ദേശപ്രകാരം തെരഞ്ഞെടുപ്പിന്‍റെ സിസിടിവി ദൃശ്യം തിരുവിതാംകൂർ ദേവസ്വംബോർഡ് കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ ദൃശ്യങ്ങൾ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നേരത്തെ പരിശോധിക്കുകയും ചെയ്തിരുന്നു. ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സ്വദേശി മദുസൂധനൻ നമ്പൂതിരിയാണ് തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചത്. നറുക്കെടുപ്പിന് തയ്യാറാക്കിയ പേപ്പറുകളിൽ രണ്ടെണ്ണം മടക്കിയും മറ്റുള്ളവ ചുരുട്ടിയുമാണിട്ടതെന്നായിരുന്നു പ്രധാന ആരോപണം.ശ്രീകോവിലിന് മുമ്പിൽ കഴിഞ്ഞമാസം 18നായിരുന്നു നറുക്കെടുപ്പ് നടന്നത് .

കുട്ടി നറുക്കെടുത്ത ലോട്ട് ഉൾപ്പെടെ ചിലത് തുറന്ന നിലയിലാണെന്നും ഇത് നറുക്കിട്ട കുടം കുലുക്കിയപ്പോൾ സംഭവിച്ചതാകാമെന്നും കോടതി വാക്കാൽ അഭിപ്രായപ്പെട്ടെങ്കിലും ദൃശ്യങ്ങൾ വീണ്ടും പരിശോധിക്കുമെന്ന് അറിയിക്കുകയാണ് ചെയ്തത്. നറുക്കെടുപ്പ് നടക്കുന്നതിന്റെ മുകളിൽ നിന്നുള്ള ദൃശ്യങ്ങളാണ് ദേവസ്വം ബോർഡ് ഹാജരാക്കിയത്.

Related Articles

Latest Articles