തിരുവനന്തപുരം: പോലീസിനെ ഫോണിൽ വിളിച്ച് മരണമൊഴി അറിയിച്ച ശേഷം യുവാവ് ജീവനൊടുക്കി.വെങ്ങാനൂർ പ്രസ് റോഡിൽ താമസിക്കുന്ന ചിക്കു എന്ന് വിളിക്കുന്ന അമൽജിത്ത് (28) ആണ് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച ശേഷം വീടിനുള്ളിൽ തൂങ്ങി മരിച്ചത്.ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. തൊടുപുഴ പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്.ഇല്ലാത്ത കേസ് പോലീസ് തന്‍റെ മേൽ കെട്ടിവച്ചെന്നും ഇത് മൂലം തന്‍റെ ജീവിതം പോലീസ് നശിപ്പിച്ചെന്നും ഇതിനാലാണ് ആത്മഹത്യ ചെയ്തതെന്നുമാണ് ഇയാള്‍ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് പറഞ്ഞത്.
കുടുംബ വഴക്കിനെ തുടർന്ന് ഉണ്ടായ പ്രശ്നങ്ങളിൽ പോലീസ് തന്നെ മാത്രം പ്രതിയാക്കിയെന്നായിരുന്നു ഇയാളുടെ ആരോപണം. ചെയ്യാത്ത കുറ്റത്തിന് താൻ 49 ദിവസം ജയിൽ വാസം അനുഭവിച്ചെന്നും 17 ദിവസം മാനസിക രോഗാശുപത്രിയില്‍ കഴിഞ്ഞെന്നും യുവാവ് പറയുന്നു. താൻ മരിച്ചുപോയാലും കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി എടുക്കണമെന്നും യുവാവ് പറയുന്നുണ്ട്. കൺട്രോൾ റൂമിൽ നിന്ന്
പോലീസ് ഉദ്യോഗസ്ഥർ ഇയാളെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല
അമൽജിത്ത് ഫോണ്‍ വിളിച്ചതിന് പിന്നാലെ പൊലീസ് കൺട്രോൾ റൂമിൽ നിന്ന് സന്ദേശം വിഴിഞ്ഞം പൊലീസിന് കൈമാറിയെങ്കിലും ഇയാളുടെ കൃത്യമായ സ്ഥലം കണ്ടെത്താൻ കഴിഞ്ഞില്ല. പൊലീസ് സംഘം വെങ്ങാനൂർ മേഖലയിലെത്തി യുവാവിനെ കണ്ടെത്താൻ ശ്രമിക്കുന്നതിനിടയിൽ ഇയാള്‍ ആത്മഹത്യ ചെയ്തിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് പൊലീസുമായി സംസാരിച്ച 8 മിനിറ്റ് വരുന്ന ഫോൺ റെക്കോർഡിംഗ് ഇയാള്‍ സുഹൃത്തുക്കൾക്ക് അയച്ച് നൽകി.
ഒടുവില്‍ പൊലീസ് വീട് കണ്ടുപിടിച്ചപ്പോഴേക്കും യുവാവ് മരണത്തിന് കീഴടങ്ങിയിരുന്നു. തനിക്ക് പരാതികളുമായി മുന്നോട്ട് പോകാൻ സാമ്പത്തിക ശേഷി ഇല്ലെന്നും താൻ മരിച്ച് കഴിഞ്ഞാൽ തന്‍റെ മൂന്ന് മക്കളുടെയും സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്നും അവരുടെ വിദ്യാഭ്യാസം, ഭക്ഷണം എന്നിവ സർക്കാർ നോക്കണമെന്നും അറിയിച്ചാണ് യുവാവ് ഫോൺ കട്ട് ചെയ്തത്, മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ഇന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റും. സംഭവത്തിൽ വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

