തെക്കുംകൂർ എന്ന നാട്ടുരാജ്യത്തെ പറ്റി കേട്ടിട്ടുണ്ടോ? അറിയണം ആ നാടിനെ…| THEKKUMKOOR
പന്ത്രണ്ടാം നൂറ്റാണ്ടിൻ്റെ തുടക്കം മുതൽ പതിനെട്ടാം നൂറ്റാണ്ടിൻ്റെ മദ്ധ്യം വരെയും കേരളത്തിലെ പ്രബല നാട്ടുരാജ്യമായിരുന്ന തെക്കുംകൂറിൻ്റെ പരിഷ്കരിച്ച ഒരു ഭൂപടം തയ്യാറാക്കി. ഇതിനു മുമ്പ് രചിച്ച ഭൂപടത്തിൽ ഉണ്ടായ തെറ്റുകുറ്റങ്ങൾ പരിഹരിച്ച് ഏറെക്കുറെ കൃത്യത വരുത്താൻ സാധിച്ചുവെന്ന് കരുതുന്നു.
1740 ലെ രാഷ്ട്രീയ സാഹചര്യങ്ങളും നാട്ടുരാജ്യങ്ങളുടെ അതിർത്തിഘടനയും വ്യക്തമാക്കുന്ന 1901 ൽ ബ്രിട്ടീഷുകാർ തയ്യാറാക്കിയ ഒരു മാപ്പിനെ അടിസ്ഥാനമാക്കിയാണ് ഇതിനുമുമ്പ് ഒരു ഭൂപടം തയ്യാറാക്കിയത്. അതിലെ അതിർത്തികൾക്ക് വ്യക്തതയില്ലാതിരുന്നത് ഒരു പോരായ്മയായിരുന്നു. ആ ഭൂപടം അനുമതി കൂടാതെയും വികൃതപ്പെടുത്തിയും ആരൊക്കെയോ വിക്കിപീഡിയയിൽ ഉപയോഗിച്ചിരിക്കുന്നതും കാണാനായി. വിവിധ കാലഘട്ടങ്ങളിൽ ഈ നാട്ടുരാജ്യത്തിൻ്റെ അതിർത്തികൾക്ക് വ്യത്യാസം വരുന്നുണ്ട്. നീരേറ്റുപുറത്തിന് പടിഞ്ഞാറ് കുട്ടനാട് പതിനാലാം നൂറ്റാണ്ടിൽ ചെമ്പകശ്ശേരിക്ക് ദാനം ചെയ്തിരുന്നു. കൈപ്പട്ടൂർകടവ് മുതൽ കിടങ്ങന്നൂർ വരെയുണ്ടായിരുന്ന കൈപ്പുഴ തമ്പാൻ്റെ പ്രദേശങ്ങൾ പിന്നീട് പന്തളത്തിന് നൽകി. മലമ്പുറം (ഇന്നത്തെ ഇടുക്കി ജില്ല)പതിനഞ്ചാം നൂറ്റാണ്ടിൽ പൂഞ്ഞാറിന് നൽകിയിരുന്നു.
ഈ മാറ്റങ്ങൾക്കെല്ലാം ശേഷം പതിനെട്ടാം നൂറ്റാണ്ടിൻ്റെ ആദ്യ പകുതിയിൽ നിലനിന്നിരുന്ന രാജ്യവിസ്തൃതിയെ കാണിക്കുന്ന ഭൂപടമാണിത്.
ഈ ഭൂപടത്തിൽ തെക്കൻ പ്രദേശങ്ങളുടെ അതിർത്തിയിലുണ്ടായ പിഴവാണ് പ്രധാനമായും പരിഹരിച്ചിരിക്കുന്നത്. വടക്കുംകൂറുമായി അതിർത്തി പങ്കിടുന്ന കൈപ്പുഴ മുതൽ തലപ്പുലം വരെ നീളുന്ന മൺകോട്ട പ്രത്യേക നിറത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇടപ്പള്ളി രാജാവിന് അധികാരമുള്ള ചമ്പക്കര, കല്ലൂപ്പാറ, ചേനപ്പാടി പ്രദേശങ്ങളും പറവൂർ രാജാവിൻ്റെ അധീനതയിലുള്ള പരിപ്പും ചെമ്പകശ്ശേരിയുടെ കുടമാളൂരും പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. അയൽരാജ്യങ്ങളായ വടക്കുംകൂർ, പൂഞ്ഞാർ, പന്തളം, കായങ്കുളം, ചെമ്പകശ്ശേരി, തൃക്കുന്നപ്പുഴ എന്നിവ കൂടാതെ വടക്കുംകൂർ റാണിയുടെ അധീനതയിലുള്ള പുളിങ്കുന്നും പ്രത്യേക നിറങ്ങളിൽ കാണാം.
ഉണ്ണുനീലിസന്ദേശത്തിൽ പരാമർശിക്കുന്ന നാട്ടുവഴിയുടെ തിരുവല്ല മുതൽ അതിരമ്പുഴയിലെ കോട്ടമുറി വരെയുള്ള ഭാഗം തെക്കുംകൂറിലൂടെ കടന്നുപോകുന്നത് രേഖപ്പെടുത്തിയിട്ടുണ്ട്. മണികണ്ഠപുരത്ത് ആരംഭിച്ച് കടുത്തുരുത്തിക്ക് പോകുന്ന “നാരായപ്പെരുവഴി”യുടെ കിടങ്ങൂർ വരെയുള്ള ഭാഗം കാണാം. ഞാലിയാകുഴിയിൽ നിന്ന് പള്ളം സ്രാമ്പിയിലേയ്ക്കുള്ള വഴി, ആനിക്കാട് നിന്നും കാഞ്ഞിരപ്പള്ളിയിലേയ്ക്കുള്ള വഴി ഒക്കെയും കാണാം. 18-ാം നൂറ്റാണ്ടിന് മുമ്പ് നിലനിന്നിരുന്ന മറ്റു നാട്ടുപാതകളെ കുറിച്ച് വ്യക്തമായി അറിവില്ലാത്തതിനാൽ ചേർക്കാനായിട്ടില്ല.ഭരണ തലസ്ഥാനമായ കോട്ടയം, പ്രധാന പട്ടണവും മറ്റൊരു ആസ്ഥാനവുമായ ചങ്ങനാശ്ശേരി, ആദ്യകാലത്തെ ആസ്ഥാനങ്ങളായിരുന്ന വെന്നിമല, മണികണ്ഠപുരം എന്നിവ കൂടാതെ പ്രാദേശികമായി നിലവിലിരുന്ന ഇടങ്ങളും കോട്ടകളും പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി, ചിറക്കടവ്, ളാലം, , ഒളശ്ശ, വടവാതൂർ, പള്ളം, കുമരകം, മുട്ടാർ,കിടങ്ങറ, കോഴഞ്ചേരി, അതിരമ്പുഴ, വെമ്പള്ളി എന്നിവിടങ്ങളിലെ ഇടങ്ങളും കോട്ടയം (തളിക്കോട്ട), മലരിക്കൽ, നാട്ടകം മണികണ്ഠപുരം, ചങ്ങനാശ്ശേരി എന്നിവടങ്ങളിലെ കോട്ടകളുമാണ് അടയാളപ്പെടുത്തിയിട്ടുള്ളത്.

