Thursday, May 9, 2024
spot_img

എരുമേലിയിലെത്തിയത് വ്യക്തമായി കണ്ടവരുണ്ട്,പിന്നീട് എങ്ങോട്ട് പോയി? ജെസ്‌ന തിരോധാനത്തിന് ഇന്നേക്ക് 5 വര്‍ഷം

കോട്ടയം: ജെസ്‌ന മരിയ ജയിംസിനെ കാണാതായിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം.ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും ഒടുവില്‍ സിബിഐയും കേസ് ഏറ്റെടുത്തിട്ട് ജെസ്‌നയെ കണ്ടെത്താനായിട്ടില്ല.
2018 മാര്‍ച്ച് 22 ന് രാവിലെ 9.15 നാണ് മുക്കൂട്ടുതറ ടൗണിനു സമീപമുള്ള വീട്ടില്‍ നിന്നും ജെസ്ന ഇറങ്ങുന്നത്.

കൈയില്‍ കരുതിയ ചെറിയബാഗിനുള്ളില്‍ മൂന്നാം തീയതിയിലെ പരീക്ഷയ്ക്ക് പഠിക്കുന്നതിനുള്ള പുസ്തകം മാത്രം എടുത്തിരുന്നു. വീടിനു മുന്‍പില്‍ കാത്തു നിന്ന് ഓട്ടോറിക്ഷയില്‍ മുക്കൂട്ടുതറ ടൗണിലെത്തി. 9.30 ന് ചാത്തന്‍തറയില്‍ നിന്നും എരുമേലിയിലേയ്ക്ക് പുറപ്പെട്ട ബസില്‍ കയറി എരുമേലിയിലെത്തിയത് വ്യക്തമായി കണ്ടവരുണ്ട്. കോളജിലെ ജൂനിയര്‍ വിദ്യാര്‍ത്ഥിയും അമ്മയും യാത്ര ചെയ്ത ബസിലാണ് അവള്‍ കയറിയത്.

എരുമേലി സ്വകാര്യ ബസ് സ്റ്റാന്റിലെത്തിയ ജസ്ന മുണ്ടക്കയത്തേയ്ക്ക് ബസില്‍ കയറുന്നതിനായി പോകുന്നത് കണ്ടതായി ഇവര്‍ നല്‍കിയ വിവരമാണ് അവസാനമായി ലഭിച്ചത്. പിന്നീട് അവള്‍ എവിടേയ്ക്കാണ് പോയതെന്ന് ആര്‍ക്കും അറിയില്ല. പൊലീസ് നടത്തിയ അന്വേഷണത്തിലും വ്യക്തമായ സൂചനകള്‍ ഇതുവരെയും കണ്ടെത്താനായിട്ടില്ല. ആരോടും അധികം സംസാരിക്കാത്ത പ്രകൃതം. കറുത്ത ഫ്രെയിം ഉള്ള വട്ടകണ്ണാടിയും, കൈയില്‍ വലിയ വാച്ചും ലളിതമായ വസ്ത്രധാരണവും മാത്രമുള്ള അവള്‍ സ്വര്‍ണാഭരണങ്ങള്‍ അണിയാറില്ല. സ്മാര്‍ട്ട് ഫോണ്‍ പോലും സ്വന്തമായില്ല.

കഴുത്തില്‍ ഒരു കൊന്തയും കാതില്‍ സ്റ്റഡും മാത്രമാണുള്ളത്. പച്ചനിറത്തിലുള്ള ചുരിദാര്‍ ധരിച്ചതായി അയല്‍വാസി പറഞ്ഞിരുന്നു. ജെസ്‌ന മുണ്ടക്കയം പുഞ്ചവയലിലുള്ള പിതാവിന്റെ സഹോദരിയുടെ വീട്ടിലേയ്ക്ക് പോകുകയാണെന്ന് പിതാവിനോടും സഹോദരങ്ങളോടും പറഞ്ഞാണ് ഇറങ്ങിയത്.

സൂചന നല്‍കുന്നവര്‍ കണ്ടെത്തി തരുമോ മകളെ എന്ന ചോദ്യമാണ് ജെസ്നയുടെ അച്ഛന്‍ ഉയര്‍ത്തുന്നത്. അഭ്യൂഹങ്ങള്‍ പരത്തുന്നവര്‍ ശരിയായ അന്വേഷണത്തെ വഴിതിരിച്ചു വിടുകയാണെന്ന് ജെസ്‌നയുടെ പിതാവ് ജെയിംസ് പറയുന്നു.

ജെസ്‌ന ജീവിച്ചിരിപ്പുണ്ട് രണ്ടു മക്കളുടെ മാതാവായി എന്ന് പറയുന്നവര്‍ എന്തുകൊണ്ട് കണ്ടെത്തി തരാന്‍ സഹായിക്കുന്നില്ല. അങ്ങനെയെങ്കില്‍ മകളെയും കണ്ടെത്തി അന്വേഷണം അവസാനിപ്പിക്കാമായിരുന്നല്ലോ. ഓരോ ദിവസവും ഒരുപാടു വിഷമത്തോടെ നെഞ്ചു നീറി കഴിയുകയാണ്. അവളെ എന്നെങ്കിലും കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് ജെസ്‌നയുടെ പിതാവ് ജെയിംസ് പറയുന്നു.

Related Articles

Latest Articles