Wednesday, September 30, 2026

തിരുവനന്തപുരത്തെ വാഹനാപകടം ! മണിയൻ പിള്ള രാജു അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബിന് മുന്നിലുണ്ടായ വാഹനാപകടത്തില്‍ നടൻ മണിയൻ പിള്ള രാജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി നടന്ന അപകടത്തിന് ശേഷം ഇന്ന് രാവിലെ പോലീസ് സ്‌റ്റേഷനിൽ ഹാജരായപ്പോഴാണ് നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് നടനെ വൈദ്യുപരിശോധനയ്ക്ക് വിധേയമാക്കി. അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് പരിക്കേറ്റിരുന്നു. മണിയൻ പിള്ള രാജു ഓടിച്ചിരുന്ന കാർ ബൈക്കിലിടിച്ച ശേഷം നിർത്താതെ പോകുകയായിരുന്നുവെന്നാണ് യുവാക്കളുടെ മൊഴി.

അപകടസമയത്ത് കാറോടിച്ചിരുന്നത് താനാണെന്ന് മണിയൻപിള്ള രാജു സമ്മതിച്ചു. ക്ലബിലെ ഒരു ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം നടന്നതെന്നും, അമിതവേഗതയിലെത്തിയ ബൈക്ക് തന്റെ വാഹനത്തിന്റെ പിന്‍ഭാഗത്ത് വന്നിടിക്കുകയായിരുന്നുവെന്നും ഭയം മൂലമാണ് വാഹനം നിര്‍ത്താതെ പോയതെന്നുമാണ് നടന്റെ വിശദീകരണം. പോലീസിനെ വിളിച്ച് രാവിലെ വരാമെന്ന് അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. എന്നാൽ രാത്രി മണിയൻ പിള്ള രാജുവിനെ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ലെന്നാണ് പോലീസ് പറഞ്ഞിരുന്നത്.

Related Articles

Latest Articles