“XXX” (സീസൺ-2) എന്ന ഓൺലൈൻ പരമ്പരയിൽ സൈനികരെ അനാദരിച്ചു എന്നാരോപിച്ച് നിർമ്മാതാവും സംവിധായകയും ആയ ഏക്താ കപൂറിനും അമ്മ ശോഭ കപൂറിനും അറസ്റ്റ് വാറണ്ട് നേരിടുന്നുവെന്ന റിപ്പോർട്ടുകൾ അടുത്തിടെ പ്രധാന വാർത്തകളിൽ ഇടം നേടിയിരുന്നു. കപൂറിന്റെ ഈ പരമ്പര സൈനികരെ അപമാനിക്കുകയും അവരുടെ കുടുംബങ്ങളുടെ വികാരം വ്രണപ്പെടുത്തുകയും ചെയ്തുവെന്ന് ആരോപിച്ച് ബെഗുസാരായിയിലെ താമസക്കാരനും വിമുക്തഭടനുമായ ശംഭു കുമാറാണ് പരാതി നൽകിയത്.
റിപ്പോർട്ടുകൾ പുറത്തുവന്ന് ദിവസങ്ങൾക്ക് ശേഷം, അമ്മയ്ക്കും മകൾക്കും അത്തരമൊരു വാറണ്ട് ലഭിച്ചിട്ടില്ലെന്ന് ഏക്തയുടെ അഭിഭാഷകൻ പ്രസ്താവനയിറക്കി. പരാതിക്കാരന്റെ അഭിഭാഷകന്റെ മൊഴികളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ടുകൾ നിർമ്മിച്ചിരിക്കുന്നതെന്നും അവ തെറ്റായതും കൃത്യമല്ലാത്തതുമാണെന്നും അഭിഭാഷകൻ പറഞ്ഞു.
ബാലാജി ടെലിഫിലിംസ് ലിമിറ്റഡിന്റെ ജോയിന്റ് മാനേജിംഗ് ഡയറക്ടറും ക്രിയേറ്റീവ് ഡയറക്ടറുമാണ് ഏക്താ കപൂർ. ഏക്താ കപൂറിന്റെ ബാലാജി ടെലിഫിലിംസിന്റെ ഉടമസ്ഥതയിലുള്ള ഒ ടി ടി പ്ലാറ്റ്ഫോം ആയ ആൾട്ട് ബാലാജിയിലാണ് പരമ്പര സംപ്രേഷണം ചെയ്തത്.

