Monday, April 29, 2024
spot_img

വിമാനത്തിനുള്ളിലെ പ്രതിഷേധം; അറസ്റ്റിലായ രണ്ട് പേർക്കും ജാമ്യം അനുവദിച്ച് ഹൈക്കോടതി

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിലുണ്ടായ പ്രതിഷേധത്തിൽ അറസ്റ്റിലായ രണ്ട് പേർക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. മൂന്നാമത്തെയാൾക്ക് മുൻകൂർ ജാമ്യവും ലഭിച്ചു. കണ്ണൂർ സ്വദേശികളായ ഫർസീൻ മജീദിനും, നവീൻ കുമാറിനുമാണ് കോടതി ജാമ്യം അനുവദിച്ചത്. മൂന്നാമത്തെ പ്രതി സുജിത് നാരായണന് മുൻകൂർ ജാമ്യവും നൽകി.

വിമാനത്തിൽ നടന്നത് മുദ്രാവാക്യം വിളിമാത്രമാണെന്നും അതിന് വധശ്രമത്തിന് കേസെടുക്കാൻ കഴിയില്ലെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചിരുന്നു. വിമാനം ലാൻഡ് ചെയ്തപ്പോൾ രണ്ട് വട്ടം മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്നും ഹർജിയിൽ ചൂണ്ടികാട്ടുന്നു. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പ്രതികളുടെ അഭിഭാഷകന്‍ ഈ വാദം ഉന്നയിച്ചത്. മുഖ്യമന്ത്രിയെ ആക്രമിച്ചില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും പ്രതികൾ പറഞ്ഞു. ഇതോടെവിമാനത്തിന് അകത്തെ ദൃശ്യം റെക്കോർഡ് ചെയ്യാൻ സംവിധാനം ഉണ്ടോ എന്ന് കോടതി ചോദിച്ചു. സിസിടിവി ലഭിച്ചാൽ പരിശോധിക്കാം എന്നും കോടതി വ്യക്തമാക്കി. പ്രോസിക്യൂഷൻ ഈ സിസിടിവി ദൃശ്യം ആവശ്യപ്പെട്ടതായി റിമാൻഡ് റിപ്പോർട്ടിൽ ഉണ്ടല്ലോ എന്നും ഒരു ഘട്ടത്തിൽ കോടതി ചോദിച്ചു. എന്നാൽ ചെറു വിമാനം ആയതിനാൽ സി സി ടി വി യില്ലെന്ന് എന്ന് ഡിജിപി വ്യക്തമാക്കി. എന്നാൽ ഇപ്പോൾ മാറ്റിയതായിരിക്കാം എന്ന് മൂന്നാം പ്രതി സുജിത്തിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.

മൂന്ന് പ്രതികളും മുഖ്യമന്ത്രിയെ ആക്രമിക്കാൻ നേരെത്തെ പദ്ധതി ഇട്ടിരുന്നതായി ഡിജിപി വാദിച്ചു. വിമാനം ഇറങ്ങുന്നതിനു മുൻപ് മൂന്ന് പേരും നിരീക്ഷിക്കുന്നുണ്ടായിരുന്നു എന്ന് മൊഴി ഉണ്ട്. നിന്നെ വെച്ചേക്കില്ല എന്ന് ആക്രോശിച്ചു പ്രതികൾ അടുത്തേക്ക് വന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്ന സാക്ഷിമൊഴികളും ഡിജിറ്റൽ രേഖകളുമുണ്ട്. പ്രതികളുടെ അക്രമത്തിൽ സുരക്ഷ ജീവനക്കാരന് പരിക്കേറ്റു. മൂന്ന് പേരും 13-ാം തീയതിയാണ് ടിക്കറ്റ് എടുത്തത്. മൂന്ന് പേരും നിരന്തരം ആശയ വിനിമയം നടത്തിയിരുന്നു.ഗൂഢാലോചനയുടെ ഭാഗമാണ് ഈ ആക്രമണമെന്നും ഡിജിപി വാദിച്ചു. എന്നാൽ കോടതി ഇവർക്ക് ജാമ്യം നൽകുകയായിരുന്നു

Related Articles

Latest Articles