Thursday, September 24, 2026

പട്ടത്തിന്റെ ചരട് കഴുത്തിൽ കുടുങ്ങി യുവാവ് മരിച്ചു; ഈ വർഷം ഇത് മൂന്നാമത്തെ അപകടം

ദില്ലി: ദില്ലിയിൽ പട്ടത്തിന്റെ നൂൽ കഴുത്തിൽ കുടുങ്ങി വീണ്ടുമൊരു മരണം കൂടി. നാഗ്ലോയിലെ രാജധാനി പാർക്കിൽ നിന്നുള്ള 35 -കാരനായ വിപിൻ കുമാറാണ് കൊല്ലപ്പെട്ടത്. ലോനിയിൽ സഹോദരിയോടൊപ്പം രക്ഷാബന്ധൻ ആഘോഷിക്കാൻ ബൈക്കിൽ പോകുന്നതിനിടെയായിരുന്നു അപകടം. അദ്ദേഹത്തോടൊപ്പം ഭാര്യയും മകളുമുണ്ടായിരുന്നു. എന്നാൽ അവർക്ക് പരിക്കുകളൊന്നും സംഭവിച്ചില്ല.

ശാസ്ത്രി പാർക്ക് ഫ്‌ളൈ ഓവറിന് മുകളിൽ വച്ചാണ് അപകടം നടന്നത്. ബൈക്കിൽ പോവുകയായിരുന്ന അദ്ദേഹത്തിന്റെ കഴുത്തിൽ ചരട് കുരുങ്ങി. തുടർന്ന് രക്തം വാർന്ന് മരിച്ചു. ചൈനീസ് മഞ്ച എന്നറിയപ്പെടുന്ന ചില്ലുകൾ പൊതിഞ്ഞ നൂലായിരുന്നു കഴുത്തിൽ കുടുങ്ങിയത്. ചുറ്റുമുള്ളവരുടെ സഹായത്തോടെ ഭാര്യ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ എത്തിയപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു.

ഈ വർഷം മൂന്നാമത്തെ ആളാണ് പട്ടത്തിന്റെ മൂർച്ചയേറിയ നൂൽ കൊണ്ട് മരണപ്പെടുന്നത്. കഴിഞ്ഞയാഴ്ച, ചൈനീസ് മാഞ്ചയിൽ ബൈക്ക് കുടുങ്ങി ബൈക്കിൽ നിന്ന് തെറിച്ചുവീണ് ഒരു ഡെലിവറി ബോയ് മരിച്ചിരുന്നു. ജൂലൈയിൽ, ഹൈദർപൂർ മേൽപ്പാലത്തിൽ വച്ച് പട്ടത്തിന്റെ ചരട് കഴുത്തറുത്തതിനെ തുടർന്ന് ഒരു മുപ്പതുകാരൻ മരിച്ചു .

Related Articles

Latest Articles