ദില്ലി: ഫിറ്റ്നെസ്സ് വേഡിയോകളിലൂടെ ടിക് ടോക്കിൽ തരംഗമായ ജിംനേഷ്യം പരിശീലകൻ മോഹിത് മോർ (27) അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഡൽഹി ധർമ്മപുരയിലായിരുന്നു സംഭവം.
ധർമ്മപുരയിലെ ഫോട്ടോസ്റ്റാറ്റ് കടയിൽ സുഹൃത്തുമായി സംസാരിച്ചുനിൽക്കുന്നതിനിടെയാണ് മോഹിതിന് നേരേ ആക്രമണമുണ്ടായത്.
സ്‌കൂട്ടിയിലെത്തിയ മൂന്നംഗ മുഖംമൂടി സംഘം കടയിലേക്ക് ഇരച്ചുകയറി വെടിയുതിർക്കുകയായിരുന്നു. 13 തവണ അക്രമികൾ മോഹിതിനുനേരെ നിറയൊഴിച്ചു.
ഗുരുതരമായി പരിക്കേറ്റ മോഹിതിനെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചിരുന്നു.
വെടിവയ്പ്പിനുശേഷം മൂന്നംഗസംഘം സമീപത്തെ ഇടുങ്ങിയ വഴിയിലൂടെ സ്‌കൂട്ടിയിൽ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കൊലയ്ക്കു കാരണമെന്നാണ് പ്രാഥമികനിഗമനം
ഡൽഹിയിലെ ജിംനേഷ്യം പരിശീലകനായ മോഹിത് മോർ തന്റെ ഫിറ്റ്നസ് വീഡിയോകളിലൂടെയാണ് ടിക് ടോക് ഉൾപ്പെടെയുള്ള സാമൂഹികമാധ്യമങ്ങളിൽ തരംഗമായത്. അഞ്ചുലക്ഷത്തിലധികം ആരാധകർ മോഹിതിനെ ടിക് ടോകിൽ പിന്തുടരുന്നുണ്ട്.

