Friday, April 19, 2024
spot_img

നരേന്ദ്രമോദിക്ക് ഇന്ന് 72-ാം പിറന്നാള്‍; ഇത് ഭാരത്തിന് ആഘോഷ നാൾ, ഇന്ന് മുതല്‍ ഒക്ടോബർ 2 വരെ നീളുന്ന ആഘോഷ പരിപാടികൾ, രാജ്യവ്യാപകമായി സേവാ ദിനമായി ആചരിക്കാനൊരുങ്ങി ബിജെപി

ദില്ലി: ഭാരതത്തിന്റെ ഭാവിയെ ഉയർത്തിക്കൊണ്ടു വന്ന മഹാൻ, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിരണ്ട് വയസ്. മധ്യപ്രദേശിലാണ് പിറന്നാൾ ദിനത്തില്‍ നരേന്ദ്രമോദിയുടെ ഇന്നത്തെ പരിപാടികൾ. ആദ്യം നിമീബിയയില്‍ നിന്നും കൊണ്ടുവന്ന ചീറ്റപ്പുലികളെ മോദി ഇന്ന് കുനോ ദേശീയ ഉദ്യാനത്തിലേക്ക് തുറന്നുവിടും. തുടർന്ന് മധ്യപ്രദേശില്‍ വിവിധിയിടങ്ങളിലായി നടക്കുന്ന പരിപാടികളിലും മോദി പങ്കെടുക്കും.

വിവിധ രാഷ്ട്രത്തത്തലവന്മാർ മോദിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിനും ഇന്നലെ നടന്ന ഉഭയകക്ഷി യോഗത്തിൽ പ്രധാനമന്ത്രിക്ക് ആശംസകൾ നേർന്നു.

മോദിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി സേവാ ദിവസമായി ആചരിക്കാനാണ് ബിജെപിയുടെ തീരുമാനം. ഇന്ന് മുതല്‍ ഒക്ടോബർ 2 വരെ നീളുന്ന ആഘോഷ പരിപാടികളാണ് ബിജെപി വിവിധ സംസ്ഥാനങ്ങളിലായി സംഘടിപ്പിക്കുന്നത്. ദിവ്യാംഗർക്ക് കൃത്രിമ അവയവങ്ങളുടെ വിതരണം, യുവമോർച്ച രക്തദാന ക്യാമ്പുകൾ, ജലാശയങ്ങളുടെ ശുചീകരണം, കൊറോണ വാക്‌സിനേഷൻ ക്യാമ്പുകൾ, സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പുകൾ, ജലസംരക്ഷണ ക്യാമ്പയിൻ എന്നിവയാണ് പാർട്ടി പദ്ധതിയിട്ടിരിക്കുന്നത്.

രാവിലെ 11 മണിക്ക് ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് പാർട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ മോദിയെകുറിച്ചുള്ള പ്രത്യേക പ്രദർശനം ഉല്‍ഘാടനം ചെയ്യും. ഹൈദരാബാദില്‍ അമിത് ഷാ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഉപകരണങ്ങൾ വിതരണം ചെയ്യും. പ്രധാനമന്ത്രിയായിരിക്കെ നരേന്ദ്രമോദിക്ക് ലഭിച്ച സമ്മാനങ്ങളുടെ ലേലവും ഇന്ന് ഓൺലൈനായി നടത്തും.

കൂടാതെ സെമിനാറുകളും, ജില്ലാ കേന്ദ്രങ്ങളിൽ പ്രധാനമന്ത്രിയുടെ ജീവിതത്തെ പറ്റിയുള്ള പ്രദർശനങ്ങളും, കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾ പ്രധാനമന്ത്രിക്ക് ആശംസകൾ അയക്കുന്ന പരിപാടികളും, കേന്ദ്രസർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ പ്രചാരണവും നടത്തും.

Related Articles

Latest Articles