Friday, May 24, 2024
spot_img

നാളെ ആലപ്പുഴ ജില്ലയിലെ ഡോക്ടർമാർ പണിമുടക്കുന്നു; പ്രതിഷേധം ഡോക്ടറെ കയ്യേറ്റം ചെയ്ത പഞ്ചായത്ത് പ്രസിഡന്റിനെ അറസ്റ്റ് ചെയ്യാത്തതിനാൽ

ആലപ്പുഴ; നാളെ ജില്ലയിലെ ഡോക്ടർമാർ പണിമുടക്കും. കൈനകരി കുപ്പപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ ശരത് ചന്ദ്രബോസിന് കഴിഞ്ഞ 24ന് വാക്സിനേഷൻ കേന്ദ്രത്തിൽ മർദ്ദിച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് സമരം. അടിയന്തര ചികിത്സകളിൽ ഒഴികെ വിട്ടുനിൽക്കാനാണ് തീരുമാനം. ഒപി, കൊവിഡ് വാക്സിനേഷൻ, പരിശോധന അടക്കമുളള ജോലികളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അത്യാഹിത-ഗൈനക്കോളജി വിഭാഗം മാത്രമേ നാളെ പ്രവർത്തിക്കൂ. കെജിഎംഒഎയുടെ ആഹ്വാനപ്രകാരമാണ് കൂട്ട അവധി

സംഭവത്തിൽ കൈനകരി പഞ്ചായത്ത് പ്രസിഡന്‍റ് ഉ‌ൾപ്പെടെ മൂന്ന് സിപിഎം നേതാക്കൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മിച്ചം വന്ന വാക്സീൻ വിതരണം ചെയ്യുന്നതിന്‍റെ പേരിലാണ് പ്രാദേശിക സിപിഎം നേതാക്കളും ഡോക്ടറും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നിർദേശപ്രകാരമെത്തിയ 10 പേർക്ക് കൂടി വാക്സീൻ നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ കിടപ്പുരോഗികൾക്കായി മാറ്റിവച്ചതാണെന്നും നൽകാനാകില്ലെന്നും അറിയിച്ചതോടെ ഡോക്ടറെ കയ്യേറ്റം ചെയ്യുകയായിരുന്നു.

കേസിലെ ഒന്നാം പ്രതി കൈനകരി പഞ്ചായത്ത് പ്രസിഡണ്ടും സിപിഎം നേതാവുമായ എം സി പ്രസാദ്, രണ്ടാം പ്രതിയും ലോക്കൽ സെക്രട്ടറിയുമായ രഘുവരൻ എന്നിവർ ഒളിവിൽ ആണ്. സംഭവം നടന്നിട്ട് ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ല. ഈ ഒരു സാഹചര്യത്തിലാണ് ഡോക്ടർമാരുടെ പ്രതിഷേധ സമരം

Related Articles

Latest Articles