Friday, May 17, 2024
spot_img

“എനിക്കൊന്നും ഓര്‍മയില്ല”; ട്രെയിനില്‍ പോലീസിന്‍റെ മര്‍ദനമേറ്റ പൊന്നന്‍ ഷമീറിനെ കണ്ണൂരിലെത്തിച്ചു

മാവേലി എക്സ്പ്രസില്‍ പോലീസിന്‍റെ ചവിട്ടേറ്റ കൂത്തുപറമ്ബ് സ്വദേശി പൊന്നന്‍ ഷമീറിനെ കണ്ണൂരിലെത്തിച്ചു. പൊലീസ് മര്‍ദിച്ചത് ഓര്‍മയില്ലെന്നാണ് ഷമീര്‍ പറയുന്നത്. “എനിക്കൊന്നും ഓര്‍മയില്ല. പരാതിയൊന്നുമില്ല. ഞാന്‍ ഹോട്ടല്‍പ്പണിയും കൂലിപ്പണിയുമെല്ലാം എടുക്കുന്നയാളാണ്. ടിക്കറ്റുണ്ടായിരുന്നു. 35 രൂപ കൊടുത്താണ് ടിക്കറ്റ് എടുത്തത്. ജനറല്‍ കമ്ബാര്‍ട്മെന്‍റാണോ റിസര്‍വേഷനാണോ എന്നൊന്നും അറിയില്ല. മാഹിയില്‍ നിന്ന് കയറി പോലീസ് വടകര ഇറക്കി വിട്ടു. അന്ന് മദ്യപിച്ചിരുന്നു. പിന്നെ ഞാന്‍ കോഴിക്കോടേക്ക് പോയി. കഴിഞ്ഞ ദിവസം നടന്നതൊക്കെ ഇപ്പോഴാണ് അറിയുന്നത്”- എന്നാണ് ഷമീര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

ഇന്ന് ഉച്ചയോടെയാണ് ഷമീറിനെ കേരള പൊലീസ് കസ്റ്റഡിയിലെടുത്തത്. അതിനുശേഷം റെയില്‍വേ പോലീസിനു കൈമാറി. തുടര്‍ന്ന് കണ്ണൂരിലെത്തിച്ചു. ഷമീറില്‍ നിന്ന് മൊഴിയെടുക്കുകയാണ്.

മാവേലി എക്സ്പ്രസിന്റെ എസ് ടു കമ്ബര്‍ട്ട്‍മെന്റില്‍ ഞായറാഴ്ച രാത്രി പൊലീസ് പരിശോധനക്കിടെയായിരുന്നു സംഭവം. പൊലീസുകാര്‍ യാത്രക്കാരനോട് ടിക്കറ്റ് ആവശ്യപ്പെട്ടു. കയ്യില്‍ സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റില്ലാതിരുന്ന ഇയാളെ എ.എസ്.ഐ പ്രമോദ് ബൂട്ട് കൊണ്ട് ചവിട്ടുകയും വലിച്ചിഴക്കുകയുമായിരുന്നു. ട്രെയിന്‍ വടകരയിലെത്തിയപ്പോള്‍ പൊലീസ് ഇയാളെ ഇറക്കിവിട്ടു. സഹായാത്രികന്‍ മൊബൈലില്‍ പകര്‍ത്തിയ പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവം ചര്‍ച്ചയായി.

മാഹിയില്‍ നിന്നും ട്രെയിനില്‍ കയറിയ ഇയാള്‍ സ്ത്രീകളോട് അപമാര്യാദയായി പെരുമാറിയെന്നും ഇതേ തുടര്‍ന്ന് ഇയാളെ ബലമായി കമ്ബാര്‍ട്ട്മെന്‍റില്‍ നിന്നും മാറ്റുകയാണ് ചെയ്തതെന്നും പിന്നീട് എ.എസ്.ഐ പ്രമോദ് വിശദീകരണം നല്‍കി. ഇക്കാര്യം ട്രെയിനില്‍ ഉണ്ടായിരുന്ന ടി.ടി.ഇയും സ്ഥിരീകരിച്ചു. മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. എ.എസ്.ഐയെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു.

Related Articles

Latest Articles