Tuesday, May 7, 2024
spot_img

വിദേശത്ത് പോകുമ്പോൾ രാഹുൽ ഗാന്ധിയെ ജിന്നയുടെ പ്രേതം കൂടുന്നു, പ്രധാനമന്ത്രിക്ക് വിദേശത്ത് കിട്ടുന്ന സ്വീകാര്യതയിൽ രാഹുലിന് അസൂയ, കാലിഫോണിയയിലെ പരാമർശങ്ങളിൽ രൂക്ഷ വിമർശനവുമായി ബിജെപി

ദില്ലി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കാലിഫോർണിയയിൽ നടത്തിയ പ്രസംഗത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി രംഗത്ത്. വിദേശത്തായിരിക്കുമ്പോൾ രാഹുൽ ഗാന്ധിയിലേക്ക് ജിന്നയുടെ ആത്മാവ് ആവേശിക്കുമെന്ന് പ്രമുഖ ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുഖ്താർ അബ്ബാസ് നഖ്‌വി വിമർശിച്ചു.

‘‘രാഹുൽ വിദേശത്തുപോകുമ്പോൾ ജിന്നയുടെ ആത്മാവോ അല്ലെങ്കിൽ അൽ ഖായിദ പോലുള്ള ആളുകളുടെ ചിന്താഗതിയോ അദ്ദേഹത്തിൽ പ്രവേശിക്കും. തിരികെയെത്തുമ്പോൾ മികച്ച ബാധയൊഴിപ്പിക്കലുകാരനിൽനിന്ന് അവയെ ഒഴിപ്പിച്ചുവിടണം. സ്വന്തം ജന്മിത്ത കുത്തകാധികാരം വികസനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നശിപ്പിച്ചത് ഇന്നും അംഗീകരിക്കാൻ സാധിക്കാത്തതാണ് രാഹുലിന്റെ പ്രശ്നം. ജനാധിപത്യത്തെ രാഹുൽ ഗാന്ധി രാജാധികാരവുമായാണ് ഉപമിച്ചത്. ഇന്ത്യയെ നാണംകെടുത്താനുള്ള കരാറാണ് രാഹുൽ എടുത്തിരിക്കുന്നത്. കോൺഗ്രസ് മുസ്‍ലിംകളെ ച്യൂയിങ് ഗം പോലെ ഉപയോഗിക്കുകയാണ് ’’ – നഖ്‌വി പറ‍ഞ്ഞു.

അതെസമയം കൂടുതൽ ബിജെപി നേതാക്കൾ രാഹുലിനെ വിമർശിച്ച് രംഗത്തെത്തുകയാണ് . പ്രധാനമന്ത്രിക്ക് വിദേശത്തുനിന്നു ലഭിക്കുന്ന സ്വീകാര്യതയും അഭിനന്ദനവും രാഹുലിന് ഇഷ്ടപ്പെടുന്നില്ലെന്നാണ് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പ്രതികരിച്ചത്.

‘‘വിദേശയാത്രകളിൽ രാഹുൽ ഇന്ത്യയെ അപമാനിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. മോദിയെ അപമാനിക്കുകയാണ് രാഹലിന്റെ ഉദ്ദേശ്യം. എന്നാൽ അത് രാജ്യത്തെ അപമാനിക്കുന്നതിലേക്ക് എത്തുന്നു. ഇന്ത്യയുടെ പുരോഗതിയെ ചോദ്യം ചെയ്യുന്നു. ലോകം നമ്മുടെ വളർച്ചയെ അംഗീകരിക്കുമ്പോൾ ആ പ്രതിച്ഛായ മോശമാക്കാനാണ് രാഹുൽ ശ്രമിക്കുന്നത്. അടുത്തിടെ നടത്തിയ വിദേശയാത്രകളിൽ വിവിധ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരും പ്രസിഡന്റുമാരുമായി 24 പേരെയാണ് മോദി കണ്ടത്. 50ൽപ്പരം യോഗങ്ങളിലും അദ്ദേഹം സംബന്ധിച്ചു. മോദി ജനപ്രിയ നേതാവാണെന്ന് വിവിധ നേതാക്കൾ പറയുന്നു. ഓസ്ട്രേലിയൻ പ്രധാനമന്ത്രി മോദിയെ ബോസ് എന്നു വിശേഷിപ്പിച്ചത് അംഗീകരിക്കാൻ രാഹുലിന് കഴിഞ്ഞിട്ടില്ല’’ – അനുരാഗ് ഠാക്കൂർ പറഞ്ഞു .

അധികാരം നഷ്ടപ്പെട്ടതിന്റെ സങ്കടമാണ് രാഹുൽ കാണിക്കുന്നതെന്നാണ് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പ്രതികരിച്ചത്.

. ‘‘ലണ്ടൻ മുതൽ അമേരിക്ക വരെ രാഹുൽ മോദിക്കെതിരെ സംസാരിക്കുന്നു. ധൈര്യമുണ്ടെങ്കിൽ അവിടുത്തെ ഇന്ത്യക്കാരോട് ചോദിക്കൂ. കോൺഗ്രസ് സർക്കാരിന്റെ കാലത്ത് ഇന്ത്യക്കാരെ അപമാനിച്ചു. മോദി സർക്കാരിന്റെ കാലത്ത് ലോകം ഇന്ത്യക്കാരെ ബഹുമാനിക്കുന്നു. മികച്ച ഭരണനിർവഹണത്തിന്റെ ഹാൾമാർക്ക് ആണിത്’’ – കേശവ് പ്രസാദ് മൗര്യ വ്യക്തമാക്കി .

കാലിഫോർണിയയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു കേന്ദ്രസർക്കാരിനെതിരായ രാഹുലിന്റെ വിവാദ പരാമർശമുണ്ടായത്. സർക്കാർ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നും ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നുമാണ് രാഹുൽ പറഞ്ഞത്.

Related Articles

Latest Articles