Friday, May 17, 2024
spot_img

“സൈന്യത്തെ പിൻവലിക്കണം, തെറ്റ് തിരുത്താൻ ഇനിയും സമയമുണ്ട്”; റഷ്യയ്ക്ക് മുന്നറിയിപ്പുമായി യുഎൻ

ന്യൂയോർക്ക്: റഷ്യയ്ക്ക് മുന്നറിയിപ്പുമായി വീണ്ടും യുഎൻ രംഗത്ത്(UN Against Russia). ഒരു രാജ്യം മറ്റൊരു രാജ്യത്തിനെതിരെ ബലപ്രയോഗം നടത്തുന്നത് തെറ്റാണെന്ന് ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. റഷ്യയുടെ നടപടി യുഎന്നിന്റെ പ്രമാണങ്ങൾക്കെതിരാണെന്നും തീർത്തും അംഗീകരിക്കാൻ സാധിക്കാത്തതാണെന്നും സെക്രട്ടറി ജനറൽ വ്യക്തമാക്കി. തെറ്റായ നീക്കം തിരിച്ചെടുക്കാൻ സാധിക്കാത്തതല്ലെന്ന് പുടിൻ ഓർക്കണം. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനോട് ആവർത്തിച്ച് അഭ്യർത്ഥിക്കുകയാണ്.

അതോടൊപ്പം യുക്രെയ്‌നിലെ സൈനിക നടപടി നിർത്തലാക്കണം. സൈന്യത്തെ റഷ്യയിലേക്ക് തിരികെ വിളിക്കണമെന്നും സെക്രട്ടറി ജനറൽ അഭ്യർത്ഥിച്ചു. യുക്രെയ്‌നിലും പരിസര പ്രദേശങ്ങളിലും സാധ്യമായ മാനുഷിക സേവനങ്ങൾ യുഎൻ വർദ്ധിപ്പിക്കുകയാണ്. യുക്രെയ്ൻ ജനതയുടെ പ്രതിസന്ധി ഘട്ടത്തിൽ അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും എല്ലാ പിന്തുണകളും നൽകാനും യുഎൻ പ്രതിജ്ഞാബദ്ധരാണ് എന്നും അറിയിച്ചു.

അതേസമയം യുക്രെയ്ൻ-റഷ്യ യുദ്ധം രണ്ടാം ദിവസവും തുടരുകയാണ്. യുക്രെയ്ൻ തലസ്ഥാനമായ കീവിൽ നിരവധി സ്‌ഫോടനങ്ങളാണ് നടന്നത്. ഇന്ന് പുലർച്ചെ സെൻട്രൽ കീവിൽ രണ്ട് വലിയ സ്ഫോടനങ്ങളും, അൽപ്പം അകലെ മൂന്നാമത്തെ സ്ഫോടനം ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. നഗരത്തിൽ രണ്ട് സ്‌ഫോടനങ്ങൾ കേട്ടതായി മുൻ ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി ആന്റൺ ഹെരാഷ്‌ചെങ്കോയും സ്ഥിരീകരിച്ചതായി യുക്രെയിനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

Related Articles

Latest Articles