Sunday, May 5, 2024
spot_img

മായാത്ത ചിരികൾ…മലയാള സിനിമ ലോകത്തിന് അടുത്ത കാലത്ത് നഷ്‌ടമായ അതുല്യ പ്രതിഭകൾ!

  1. കോട്ടയം പ്രദീപ് (ഫെബ്രുവരി 17, 2022)

മലയാളം, തമിഴ് സിനിമകളിൽ നിരവധി കോമഡി റോളുകൾ ചെയ്‌തു പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ കോട്ടയം പ്രദീപ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഫെബ്രുവരി 17,2022 ആണ് അന്തരിച്ചത്.ഐ.വി.ശശി സംവിധാനം ചെയ്ത ‘ഈ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെയായിരുന്നു പ്രദീപിന്റെ സിനിമാ അരങ്ങേറ്റം.2010ൽ പുറത്തിറങ്ങിയ ഗൗതം വാസുദേവ് മേനോൻ ചിത്രം ‘വിണ്ണൈ താണ്ടി വരുവായാ’യിൽ തൃഷയുടെ അമ്മാവൻ ആയി അഭിനയിച്ച കഥാപാത്രം പ്രദീപിന്റെ സിനിമാജീവിതത്തിൽ വഴിത്തിരിവായി. ആ ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക് പതിപ്പുകളിലും പ്രദീപ് വേഷമിട്ടു. കൂടുതലും ഹാസ്യ കഥാപത്രങ്ങളായിരുന്നു പ്രദീപ് ചെയ്തിരുന്നത്. തട്ടത്തിന്‍ മറയത്തിലെ പോലീസ് ഉദ്യോഗസ്ഥന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കുഞ്ഞിരാമായണം, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു വടക്കന്‍ സെല്‍ഫി, അമര്‍ അക്ബര്‍ അന്തോണി, അടി കപ്യാരെ കൂട്ടമണി തുടങ്ങിയവയാണ് പ്രശസ്ത സിനിമകള്‍. ആസിഫ് അലി നായകനായി എത്തിയ കുഞ്ഞെല്‍ദോയാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം. വിജയിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം തെരിയിലും പ്രദീപിന്റെ സാന്നിധ്യമുണ്ടായിരുന്നു.

  1. കെപിഎസി ലളിത (ഫെബ്രുവരി 22, 2022)

അനായാസ അഭിനയംകൊണ്ട് അരനൂറ്റാണ്ട് മലയാളസിനിമയുടെ അമരത്ത് നിറഞ്ഞുനിന്ന നടി കെ.പി.എ.സി. ലളിത ഫെബ്രുവരി 22, 2022 ആണ് വിട പറഞ്ഞത്.കരൾരോഗം കാരണം ദീർഘനാളായി ചികിത്സയിലായിരുന്നു. തോപ്പില്‍ഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം 1969-ല്‍ കെ.എസ്. സേതുമാധവന്‍ സിനിമയാക്കിയപ്പോള്‍ അതിലൂടെയായിരുന്നു ലളിത സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഒതേനന്റെ മകന്‍, വാഴ്വെ മായം, ത്രിവേണി, അനുഭവങ്ങള്‍ പാളിച്ചകള്‍, ഒരു സുന്ദരിയുടെ കഥ, സ്വയംവരം തുടങ്ങി സത്യനും പ്രേം നസീറുനുമൊപ്പമെല്ലാം ഒട്ടനവധി ചിത്രങ്ങള്‍ ചെയ്തു. സഹനായിക വേഷങ്ങളിലായിരുന്നു കെ.പി.എ.സി ലളിത ഏറെയും പ്രത്യക്ഷപ്പെട്ടത്. സുകുമാരിയെപ്പോലെ തന്നെ ഹാസ്യവേഷങ്ങളെ അതിഗംഭീരമായി അവതരിപ്പിക്കാനുള്ള കഴിവാണ് ലളിതയെ ജനപ്രിയനടിയാക്കിയത്.

അഭിനയത്തികവിന്റെ അംഗീകാരങ്ങളായി മികച്ച സഹനടിക്കുള്ള ദേശീയപുരസ്‌കാരം രണ്ടുതവണ കരസ്ഥമാക്കി. ഭരതന്റെ അമരം, ജയരാജിന്റെ ശാന്തം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു ദേശീയ പുരസ്‌കാരം. നീല പൊന്‍മാന്‍, ആരവം, അമരം, കടിഞ്ഞൂല്‍കല്യാണം, ഗോഡ്ഫാദര്‍,സന്ദേശം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് നാലുതവണ സംസ്ഥാന പുരസ്‌കാരവും നേടി.

കാതലുക്ക് മര്യാദൈ, മണിരത്‌നത്തിന്റെ അലൈപായുതേ, കാട്രുവെളിയിടെ തുടങ്ങിയവയാണ് ശ്രദ്ധേയ തമിഴ്ചിത്രങ്ങള്‍. മാമനിതന്‍, ഒരുത്തി, പാരിസ് പയ്യന്‍സ്, ഡയറി മില്‍ക്ക്, പെറ്റമ്മ, ലാസറിന്റെ ലോകം തുടങ്ങിയ ചിത്രങ്ങളിലാണ് ഒടുവില്‍ വേഷമിട്ടത്.

  1. പ്രതാപ് പോത്തൻ (ജൂലൈ 15, 2022)

വേറിട്ട അഭിനയ ശൈലികൊണ്ട് ഒരു കാലത്ത് വിസ്മയിപ്പിച്ച നടനും സംവിധായകനുമായ പ്രതാപ് പോത്തൻ ജൂലൈ 15, 2022 ആണ് അന്തരിച്ചത്.ചെന്നൈയിലെ ഫ്ലാറ്റിലെ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 1978ൽ ഭരതന്റെ ആരവത്തിലൂടെയാണ് പ്രതാപ് പോത്തൻ സിനിമയിലേക്ക് എത്തിയത്. തകര, ലോറി, ചാമരം അടക്കം നൂറിലധികം സിനികളിൽ അഭിനയിച്ചു. അയാളും ഞാനും തമ്മിൽ, 22 ഫീമെയിൽ കോട്ടയം, ബാം​ഗ്ലൂർ ഡേയ്സ്, ഇടുക്കി ​ഗോൾഡ് എന്നീ ചിത്രങ്ങളിലും പ്രധാന വേഷം കൈകാര്യം ചെയ്തു.

തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും പ്രതാപ് പോത്തൻ അഭിനയിച്ചിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 12 ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തിരിക്കുന്നത്. ഋതുഭേദം, ഒരു യാത്രാമൊഴി, ഡെയ്സി എന്നീ ചിത്രങ്ങളാണ് മലയാളത്തിൽ പ്രതാപ് പോത്തൻ സംവിധാനം ചെയ്തത്.

  1. കൊച്ചു പ്രേമൻ (ഡിസംബർ 3, 2022)

സിനിമാ നാടകനടൻ കൊച്ചു പ്രേമൻ ഡിസംബർ 3, 2022 സിനിമ ലോകത്തെ വിട്ട് പോയത്.ശാരീരിര അസ്വാസ്ഥ്യങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.കൊച്ചു പ്രേമൻ എന്ന നടനെ അടയാളപ്പെടുത്തിയത് ഒരു പക്ഷെ അദ്ദേഹത്തിൻറെ സംസാര ശൈലിയായിരിക്കും. നർമ്മം കലർത്തിയ ആ വാക്കുകൾ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു. അതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് മച്ചമ്പീ എന്ന പ്രയോഗം തന്നെയായിരിക്കും.

നിരവധി മിമിക്രി വേദികളിലും സിനിമകളിലും ഇത് ആവർത്തിക്കപ്പെട്ടു. പൊക്കം കുറഞ്ഞ ആ മനുഷ്യന് മാത്രം സ്വന്തമായുള്ളതായി മാറി ആ തിരുവനന്തപുരം ശൈലി. കൂളിംഗ് ഗ്ലാസും കക്ഷത്തിലൊരു സഞ്ചിയും, അല്ലെങ്കിൽ പുത്തൻ പണക്കാരൻറെ സിൽക്ക് ജുബ്ബയും കൈയ്യിൽ ചെയിനും അങ്ങിനെയങ്ങനെ വേഷ പകർച്ചകളുടെ നീണ്ട കാലമായിരുന്നു കൊച്ചു പ്രേമൻറെ അഭിനയകാലം.

1979-ൽ റിലീസായ ഏഴു നിറങ്ങൾ എന്ന സിനിമയാണ് കൊച്ചുപ്രേമൻ്റെ ആദ്യ സിനിമ. പിന്നീട് 1997-ൽ രാജസേനൻ്റെ ദില്ലിവാല രാജകുമാരനിൽ അഭിനയിച്ച കൊച്ചുപ്രേമൻ രാജസേനനൊപ്പം എട്ടു സിനിമകൾ ചെയ്തു.ഇതിനിടയിലാണ് സംവിധായകൻ സത്യൻ അന്തിക്കാട് കൊച്ചുപ്രേമൻ അഭിനയിച്ച നാടകം കാണുന്നത്. നാടകത്തിലെ മികച്ച പ്രകടനത്തെ തുടർന്ന് 1997-ൽ റിലീസായ ഇരട്ടക്കുട്ടികളുടെ അച്ഛൻ എന്ന സിനിമയിൽ വളരെ ശ്രദ്ധേയമായൊരു കഥാപാത്രം കൊച്ചുപ്രേമനെ തേടിയെത്തിയത്. കൊച്ചാൾ, കിംഗ് ഫിഷ് എന്നിവയൊക്കെയാണ് അദ്ദേഹത്തിൻറെ അവസാന ചിത്രങ്ങൾ.

  1. സുബി സുരേഷ് (ഫെബ്രുവരി 22,2023)

ടെലിവിഷന്‍ താരവും നടിയുമായ സുബി സുരേഷ് കഴിഞ്ഞ ദിവസമാണ് സിനിമ ലോകത്തെയും പ്രേക്ഷകരെയും ഞെട്ടിച്ച് വിട പറഞ്ഞത്.കരള്‍ രോഗത്തെത്തുടര്‍ന്ന് രണ്ടാഴ്ചയിലേറെയായി ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.മിമിക്രി മേഖലയിൽ സ്ത്രീകൾ അധികം കടന്നു ചെല്ലാതിരുന്ന കാലത്ത്,വേദികളിലൂടെ താരമായി മാറി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ആ കലാകാരിയായിരുന്നു സുബി.

നടി എന്നതിന് അപ്പുറം ചാനലുകളിലെ അവതരണവും ശ്രദ്ധേയമായിരുന്നു. എല്ലാ അർത്ഥത്തിലും സ്റ്റേജിനെ കീഴടക്കിയ കലാകാരിയായിരുന്നു സുബി. എല്ലാവരോടും സൗമ്യമായി ഇടപെടൽ നടത്തിയ വ്യക്തിത്വം. അപ്രതീക്ഷിതമായാണ് അസുഖം ബാധിച്ചത്. മാസങ്ങൾക്ക് മുമ്പ് ചികിൽസയിലായിരുന്നു. കലാഭവൻ അടക്കമുള്ള മിമിക്രി ഗ്രൂപ്പുകളിലൂടെയാണ് സുബി മലയാളിക്ക് മുമ്പിലെത്തിയത്.

സിനിമാല എന്ന കോമഡി പരമ്പരയിലൂടെയാണ് സുബി സുരേഷ് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത്. ടെലിവിഷൻ ചാനലുകളിലും സ്റ്റേജ് ഷോകളിലുമായി നിരവധി സ്‌കിറ്റുകളിൽ വിവിധതരത്തിലുള്ള കോമഡി റോളുകൾ സുബി ചെയ്തിട്ടുണ്ട്. രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006ലാണ് സുബി ചലച്ചിത്രലോകത്തേക്ക് എത്തുന്നത്. എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണ്ണ തത്ത, ഡ്രാമ എന്നിവയുൾപ്പെടെ ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Related Articles

Latest Articles