ദില്ലി: സുപ്രീം കോടതി ജഡ്ജിമാരുടെ അംഗസംഖ്യ വർധിപ്പിക്കാനുള്ള നടപടികൾക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽക്കി. ഇതോടെ ചീഫ് ജസ്റ്റീസ് ഒഴികെയുള്ള ജഡ്ജിമാരുടെ എണ്ണം 30ൽ നിന്ന് 33 ആയി വർധിക്കും.
കേസുകൾ പരിഗണിക്കാതെ കെട്ടിക്കിടക്കുന്നത് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. ഈ കത്തിൽ ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കണമെന്നു ആവശ്യപ്പെട്ടിരുന്നു.
ഭരണഘടനയുടെ 124 (1) വകുപ്പിൽ സുപ്രീം കോടതിയിലെ പരമാവധി അംഗസംഖ്യ ചീഫ് ജസ്റ്റീസ് അടക്കം 31 ആക്കി നിജപ്പെടുത്തിയിട്ടുണ്ട് . അതിനാൽ ഭരണഘടനയിൽ ആവശ്യമായ ഭേദഗതി വരുത്തി അംഗസംഖ്യ വർധിപ്പിക്കാനാണ് ചീഫ് ജസ്റ്റീസ് ആവശ്യപ്പെട്ടിരുന്നത്.
ഇക്കാര്യത്തിൽ ആവശ്യമായ ഭേദഗതി ബിൽ ഉടനെ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദമാക്കി കേന്ദ്ര വാർത്താവിതരണ മന്ത്രി പ്രകാശ് ജാവഡേക്കർ അറിയിച്ചു.

