Tuesday, May 7, 2024
spot_img

140 കോടി ഭാരതീയരുടെ പ്രാർത്ഥന ! മെഷീനുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുമെങ്കില്‍ ഉത്തരകാശിയില്‍ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ മുഴുവന്‍ രണ്ട് ദിവസത്തിനുള്ളിൽ തൊഴിലാളികളെ മുഴുവന്‍ പുറത്തെത്തിക്കാനാകുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

ദെഹ്‌റാദൂണ്‍ : ഉത്തരകാശിയില്‍ ബ്രഹ്‌മഖല്‍ – യമുനോത്രി ദേശീയപാതയില്‍ സില്‍ക്യാരയ്ക്കും ദണ്ഡല്‍ഗാവിനും ഇടയിലെ നിര്‍മാണത്തിലുള്ള തുരങ്കത്തില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ ഒരാഴ്ച പിന്നിട്ടും പുരോഗമിക്കുന്നതിനിടെ രക്ഷാപ്രവര്‍ത്തനത്തിനെത്തിക്കുന്ന ഓഗര്‍ മെഷീനുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുമെങ്കില്‍ രണ്ട്-രണ്ടര ദിവസത്തിനുള്ളിൽ തൊഴിലാളികളെ മുഴുവന്‍ പുറത്തെത്തിക്കാനാകുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പ്രത്യാശ പ്രകടിപ്പിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയ അദ്ദേഹത്തിനൊപ്പം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയും ഉണ്ടായിരുന്നു.

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ 5.30 ഓടെയാണ് യമുനോത്രി ദേശീയപാതയില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്നുവീണത്. തുരങ്കത്തിന്റെ മുകള്‍ഭാഗം തുരന്ന് തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം ഡില്ലിങ് മെഷീന്‍ കേടായതോടെ വെള്ളിയാഴ്ച ഉച്ചയോടെ താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. തൊഴിലാളികളെല്ലാവരും സുരക്ഷിതരാണെന്നും അവര്‍ക്കുള്ള ഭക്ഷണവും ഓക്‌സിജനും തുരങ്കത്തിലേക്ക് ജലമെത്തിക്കാന്‍ സ്ഥാപിച്ചിരുന്ന പൈപ്പിലൂടെ എത്തിച്ചുനല്‍കുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

ദില്ലിയിൽ നിന്നെത്തിച്ച ഡ്രില്ലിങ് മെഷീന്‍ ഉപയോഗിച്ച് 22 മീറ്റര്‍ തുരന്നുകഴിഞ്ഞു. മണ്ണിടിച്ചില്‍ ഭീഷണി മൂലം മെഷീന്‍ ഉപയോഗം നിര്‍ത്തിവെച്ചിരിക്കുകയാണ് . തുരങ്കത്തിനുള്ളില്‍ 205 -260 മീറ്ററോളം പാറക്കഷണങ്ങളും മറ്റും കൂടിക്കിടക്കുകയാണ്. മണ്ണുമാന്തിയന്ത്രങ്ങള്‍ ഉപയോഗിച്ച് തുരങ്കത്തിനുള്ളിലെ പാറക്കഷണങ്ങളും മണ്ണും നീക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പാറതുരന്ന് കുഴലുകള്‍ സ്ഥാപിച്ച് തൊഴിലാളികള്‍ക്ക് പുറത്തുകടക്കാനുള്ള മാര്‍ഗം ഉണ്ടാക്കാനാകുമോയെന്നുള്ള ശ്രമവും പുരോഗമിക്കുകയാണ്.

ഓഗര്‍ മെഷീന്റെ സഹായത്തോടെ 900 മില്ലിമീറ്റര്‍ പൈപ്പ് കടത്താനുള്ള ശ്രമമാണ് രക്ഷാപ്രവര്‍ത്തകസംഘം ഇപ്പോൾ നടത്തുന്നത്. തുരങ്കത്തിന്റെ മുകള്‍ഭാഗത്തിനും തുരങ്കത്തിനുമിടയിലുള്ള സ്ഥലം തിട്ടപ്പെടുത്താന്‍ റോബോട്ടുകളെ ഉപയോഗപ്പെടുത്താനും ആലോചനയുണ്ട്. വശങ്ങളില്‍നിന്ന് തുരങ്കളുണ്ടാക്കാനുള്ള പദ്ധതിയുമുണ്ട്. റെയില്‍ വികാസ് നിഗം ലിമിറ്റഡ് (ആര്‍വിഎന്‍എല്‍) ഇതിനുവേണ്ടിയുള്ള അളവെടുക്കലുകള്‍ പൂര്‍ത്തിയാക്കി വരികയാണ്. ലഭ്യമായ എല്ലാ സംവിധാനങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുണ്ടെന്നും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്ന വിവിധ വിദഗ്ധസംഘങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളും സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു.

Related Articles

Latest Articles