Saturday, April 27, 2024
spot_img

അപൂർവ്വങ്ങളിൽ അപൂർവ്വമായ കൊലപാതകം; കേരള മനസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസിൽ ശിക്ഷ ഇന്ന്

കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസില്‍ വിധി (Uthra Murder Case) ഇന്ന്. പ്രതി സൂരജ് കുറ്റക്കാരനെന്ന് കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജ് തിങ്കളാഴ്ച വിധി പറഞ്ഞിരുന്നു. ഇന്ന് രാവിലെ 11 മണിക്കാണ് ശിക്ഷ വിധിക്കുക. പ്രതിക്കെതിരെ 302, 307, 328, 201 വകുപ്പുകള്‍ നിലനില്‍ക്കുമെന്ന് കോടതി കണ്ടെത്തിയിരുന്നു. കോടതി കുറ്റക്കാരനെന്ന് വിധിച്ച സൂരജിന് വധശിക്ഷ തന്നെ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം. മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് ഉത്രയുടെ കുടുംബവും ആവശ്യപ്പെട്ടിരുന്നു.

അപൂർവ്വങ്ങളിൽ അപൂർവ്വമായ കൊലപാതകം

പ്രതി അറസ്റ്റിലായ 82ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കനത്ത സുരക്ഷാവലയത്തിലാണ് ആള്‍ക്കൂട്ടത്തിനിടയിലൂടെ സൂരജിനെ പോലീസ് (Kerala Police) സംഘം തിങ്കളാഴ്ച കോടതിമുറിക്കുള്ളിലെത്തിച്ചത്. പ്രതിയെ അടുത്ത് വിളിച്ചുവരുത്തി ചെയ്ത കുറ്റകൃത്യങ്ങള്‍ വായിച്ചുകേള്‍പ്പിച്ച കോടതി എന്തെങ്കിലും പറയാനുണ്ടോ എന്ന് സൂരജിനോട് ചോദിച്ചപ്പോള്‍ ഒന്നും പറയാനില്ല എന്നായിരുന്നു മറുപടി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസില്‍ പ്രതിയുടെ നടപടി വിചിത്രവും പൈശാചികവും ദാരുണവുമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യവും പ്രോസിക്യൂഷന്‍ കോടതിക്കുമുന്നില്‍ വച്ചു.

Sooraj UTRA
Sooraj UTRA

ഭാര്യ വേദന കൊണ്ടുപുളയുമ്പോള്‍ പ്രതി മറ്റൊരു കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച് ഭാര്യ ഉത്രയെ കൊലപ്പെടുത്തി എന്നതാണ് കേസ്. കേട്ടുകേള്‍വിയില്ലാത്ത വിധം ക്രൂരമായ കേസിലാണ് ഒരു വര്‍ഷവും 5 മാസവും 4 ദിവസവും പൂര്‍ത്തിയാവുമ്പോഴാണ് വിധി എത്തിയത്. 87 സാക്ഷികള്‍, 288 രേഖകള്‍, 40 തൊണ്ടിമുതലുകള്‍ ഇത്രയുമാണ് കോടതിക്ക് മുന്നില്‍ അന്വേഷണസംഘം ഹാജരാക്കിയത്.

Uthra Murder Case
Uthra Murder Case

ഡമ്മി പരീക്ഷണത്തിലൂടെയാണ് അന്വേഷണ സംഘം ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ചത്. ഒരു കാരണവശാലും പ്രകോപനമുണ്ടാക്കാതെ മൂര്‍ഖന്‍ കടിക്കില്ല എന്ന വിദഗ്ധരുടെ മൊഴികളും നിര്‍ണായകമായി. റെക്കോര്‍ഡ് വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ കോടതി നടപടികളും വേഗത്തിലായിരുന്നു. വാദി ഭാഗവും പ്രതിഭാഗവും തമ്മില്‍ കോടതിയില്‍ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ ഉണ്ടായി. കോടതിയില്‍ താന്‍ കുറ്റക്കാരനല്ലെന്ന് പ്രതി സൂരജ് ആവര്‍ത്തിച്ചു പറഞ്ഞു. സര്‍ക്കാര്‍ അഭിഭാഷകനായി അഡ്വക്കേറ്റ് മോഹന്‍രാജും പ്രതി ഭാഗത്തിനായി അഡ്വ. അജിത്ത് പ്രഭാവും ഹാജരായി.

കേസിന്റെ നാൾ വഴികൾ

2018 മാർച്ച് 25 ഉത്രയുടേയും സൂരജിന്റേയും വിവാഹം

2020 മാർച്ച് 2 അടൂരിലെ വീട്ടിൽ വച്ച് ഉത്രയ്ക്ക് ആദ്യം പാമ്പ് കടിയേൽക്കുന്നു

2020 മാർച്ച് 2 2020 ഏപ്രിൽ 22 ഉത്ര തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ

ഏപ്രിൽ 22 ആശുപത്രിയിൽ നിന്ന് അഞ്ചലുള്ള ഉത്രയുടെ വീട്ടിലേക്ക്

മെയ് 6 വൈകുന്നേരം സൂരജ് ഉത്രയുടെ വീട്ടിലേക്ക്

മെയ് 7 ഉത്രയുടെ മരണം

മെയ് 7 അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

മെയ് 12 പൊലീസ് നടപടി ശക്തമാക്കണമെന്ന ഉത്രയുടെ വീട്ടുകാരുടെ ആവശ്യം

മെയ് 19 റൂറൽ എസ് പി ഹരിശങ്കറിന് വീട്ടുകാരുടെ പരാതി

മെയ് 25 സൂരജിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു, വൈകുന്നേരത്തോടെ അറസ്റ്റ്

ജൂലൈ 30 മൂർഖൻ പാമ്പിനെ ഉപയോഗിച്ചുള്ള ഡമ്മി പരിശോധന

ഓഗസ്റ്റ് 14 അന്വേഷണ സംഘം കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു

Related Articles

Latest Articles