Sunday, May 5, 2024
spot_img

വടകരപൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി കുഴഞ്ഞു വീണ് മരിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിധി ഈ മാസം 16ന്; ഹൃദയാഘാതം മൂലമാണ് സജീവൻ മരിച്ചതെന്ന് ആരോപിച്ച് പ്രതികൾ

കോഴിക്കോട്: വടകരയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി സജീവൻ കുഴഞ്ഞു വീണ് മരിച്ച സംഭവത്തിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഈ മാസം 16ന് കോടതി വിധി പറയും. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. എസ്ഐ, എം.നിജീഷ്, എഎസ്ഐ അരുൺ, സിപിഒമാരായ പ്രജീഷ്, ഗിരീഷ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് കോടതി വിധി പറയാൻ മാറ്റിയത്. ഹൃദയാഘാതം മൂലമാണ് സജീവൻ മരിച്ചതെന്നും കസ്റ്റഡിയിൽ മർദ്ദിച്ചിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥർ പ്രതികരിച്ചു. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം ബോധ്യപ്പെടുമെന്നും പ്രതിഭാഗം കോടതിയിൽ വ്യക്തമാക്കി.

ഇതിനിടെ ഹൃദയാഘാതത്തിലേക്ക് സജീവനെ നയിച്ചത് മാനസികവും ശാരീരികവുമായ സമ്മർദ്ദമാണെന്ന് ഡോക്ടർ മൊഴി നൽകിയതായി പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. സുഖമില്ലാത്ത വിവരം അറിയിച്ചെങ്കിലും ഇക്കാര്യം ഒരു മണിക്കൂർ പോലീസ് അവഗണിച്ചു. സമയത്തിന് ആശുപത്രിയിൽ എത്തിച്ചെങ്കിൽ സജീവന്റെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നെന്നും പ്രോസിക്യൂഷൻ വിശദീകരിച്ചു. ഇരു വിഭാഗങ്ങളുടെയും വാദം കേട്ട ശേഷമാണ് മുൻകൂർ ജാമ്യാപേക്ഷ വിധി പറയാൻ കോടതി ഈ മാസം 16ലേക്ക് മാറ്റിയത്.

പൊലീസ് കസ്റ്റഡിയിലെടുത്ത സജീവന് ഹൃദയാഘാതം ഉണ്ടാകുന്നതിലേക്ക് നയിച്ചത് പൊലീസിന്റെ കസ്റ്റഡിയിലുണ്ടായ മർദ്ദനമാണെന്ന് നേരത്തെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികളായ പൊലീസുകാർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് ക്രൈംബ്രാഞ്ച് കേസ് എടുത്തിട്ടുണ്ട്. അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തിരുന്നത്. പോസ്റ്റ്‌മോർട്ടത്തിൽ സജീവന്റെ ശരീരത്തിൽ 11 ഇടത്ത് പരിക്കുണ്ടായതായി തെളിഞ്ഞിരുന്നു.

Related Articles

Latest Articles