Saturday, April 27, 2024
spot_img

പച്ചക്കറി വിലയിൽ വെന്തുനീറി കേരളം; 50 നിത്യോപയോഗ സാധനങ്ങളിൽ 39 എണ്ണത്തിനും വില കൂടി; നിരക്കുകൾ ഇങ്ങനെ

തിരുവനന്തപുരം: കേരളത്തിൽ പച്ചക്കറി വില (Vegetables Price In Kerala) കുതിക്കുന്നു. ഒരു വർഷംകൊണ്ട് പച്ചക്കറി വില ഒന്നരയിരട്ടിവരെ ഉയർന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 50 നിത്യോപയോഗ സാധനങ്ങളിൽ, 39 എണ്ണത്തിനും വില കൂടി. സംസ്ഥാനത്ത് അതിരൂക്ഷ വിലക്കയറ്റമാണുണ്ടായതെന്ന് സാമ്പത്തിക സ്ഥിതിവിവര വകുപ്പിന്റെ കണക്കുകളും ചൂണ്ടിക്കാട്ടുന്നു. സ്ഥിതിവിവര വകുപ്പ് ദിവസവും 50 നിത്യോപയോഗ സാധനങ്ങളുടെ വില നിരീക്ഷിക്കാറുണ്ട്.

നിരക്കുകൾ വർധിച്ചത് ഇങ്ങനെ

2020 ഡിസംബർ 16ന് വെള്ളരിക്ക് 23.07 രൂപയായിരുന്നു സംസ്ഥാനത്ത് ശരാശരി വില. എന്നാൽ, 2021 ഡിസംബറിൽ ഇത് 59.21 രൂപയായി. 156.65 ശതമാനം വില കൂടിയതായി കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം. ബീറ്റ്‌റൂട്ടിന് 80 ശതമാനമാണ് വിലകൂടിയത്. വെണ്ടയ്ക്ക 35.43 രൂപയിൽ നിന്നും 79.50 രൂപയായി. അതായത്, 124.39 ശതമാനം വർദ്ധന. തക്കാളിക്ക് 124.50 ശതമാനം വില കൂടി. വഴുതനയ്‌ക്ക് കൂടിയത് 94.4 ശതമാനം. കാബേജിന്റെ വില കഴിഞ്ഞ മാസത്തേക്കാൾ ഇരട്ടിയായി. പച്ചമുളകിന് 64 ശതമാനം വില വർദ്ധനവുണ്ടായി.

സ്ഥിതിവിവര വകുപ്പിന്റെ കണക്കുകൾ പ്രകാരം, മട്ട അരിക്ക് 8.68 ശതമാനവും, ആന്ധ്രപ്രദേശിൽ നിന്നെത്തുന്ന വെള്ള അരിക്ക് 2.48 ശതമാനവും വില വർദ്ധനവുണ്ടായി. പഞ്ചസാരക്ക് 4.12 ശതമാനവും, പാലിന് 2.6 ശതമാനവും വില കൂടി. മുട്ടക്ക് 4.24 ശതമാനമാണ് വില കൂടിയത്. എന്നാൽ ഉള്ളിവില ഏഴുശതമാനം കുറഞ്ഞതായി സ്ഥിതിവിവര വകുപ്പിന്റെ കണക്കുകൾ കാണിക്കുന്നു. ഉരുളക്കിഴങ്ങിന്റെ വില 23 ശതമാനവും കുറഞ്ഞിട്ടുണ്ട്. പായ്‌ക്കറ്റിലല്ലാത്ത വെളിച്ചെണ്ണയുടെ വില കുത്തനെ കുറഞ്ഞതായും റിപ്പോർട്ടുതകൾ പറയുന്നു. 222.29 രൂപയായിരുന്ന എണ്ണ വില 194.50 രൂപയായി കുറഞ്ഞു.

അതായത്, 12.50 ശതമാനത്തിന്റെ കുറവ്. പായ്‌ക്കറ്റിലുള്ള വെളിച്ചെണ്ണയുടെ വില കാര്യമായി കുറഞ്ഞിട്ടില്ല. തേങ്ങയുടെ വില പത്തെണ്ണത്തിന് 238.18 ആയിരുന്നു. ഇപ്പോൾ ഇത് 197.55 രൂപയായി കുറഞ്ഞു. കപ്പയുടെ വിലയും കുറഞ്ഞിട്ടുണ്ട്. അഞ്ച് ശതമാനമാണ് വില കുറഞ്ഞത്. 11 സാധനങ്ങൾക്ക് വില നേരിയ തോതിൽ കുറഞ്ഞു. 17 സാധനങ്ങൾക്ക് കഴിഞ്ഞമാസത്തെക്കാൾ വില വർദ്ധനവുണ്ടായിട്ടുണ്ടെന്നാണ് സാമ്പത്തിക സ്ഥിതിവിവര വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

Related Articles

Latest Articles