Saturday, May 4, 2024
spot_img

കത്വ കൂട്ട ബലാല്‍സംഗക്കേസില്‍ മൂന്നുപേര്‍ക്ക് ജീവപര്യന്തം തടവും മൂന്നുപേര്‍ക്ക് അഞ്ചുവര്‍ഷം തടവും

ശ്രീനഗര്‍ : രാജ്യത്തെ നടുക്കിയ കത്വ കൂട്ട ബലാല്‍സംഗക്കേസില്‍ മൂന്നുപേര്‍ക്ക് ജീവപര്യന്തം തടവും മൂന്നുപേര്‍ക്ക് അഞ്ചുവര്‍ഷം തടവും ശിക്ഷ വിധിച്ചു. കേസില്‍ ഒരാളെ വെറുതെ വിട്ടു. കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ആസൂത്രണം ചെയ്ത മുഖ്യപ്രതിയും ക്ഷേത്രപൂജാരിയുമായ സാഞ്ചി റാമം, പോലീസ് ഉദ്യോഗസ്ഥന്‍ ദീപക് ഖജുരിയ,പര്‍വേഷ്‌കുമാര്‍ എന്നിവര്‍ക്കാണ് ജീവതപര്യന്തം ശിക്ഷ വിധിച്ചത്.

ആനന്ദ് ദത്ത, പൊലീസുദ്യോഗസ്ഥരായ സുരേന്ദര്‍ വര്‍മ്മ, തിലക്‌രാജ് എന്നിവര്‍ക്ക് അഞ്ചുവര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. വധശിക്ഷയിലേക്കുപോകാതെ ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു.കേസില്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി സാഞ്ചി റാമിന്റെ മകന്‍ വിശാലിനെ കോടതി വെറുതെ വിട്ടു.

ജമ്മു കശ്മീരിലെ കത്വയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. 2018 ജനുവരിയിലായിരുന്നു രാജ്യ വ്യാപക പ്രതിഷേധങ്ങളുണ്ടാക്കിയ കത്വ കൂട്ട ബലാല്‍സംഗം നടന്നത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അടങ്ങുന്ന ബകര്‍വാള്‍ നാടോടി വിഭാഗത്തെ ഗ്രാമത്തില്‍ നിന്നും തുരത്തിയോടിക്കുന്നതിനാണ് പെണ്‍കുട്ടിയെ ദിവസങ്ങളോളം തടവില്‍ വച്ച് പീഡിപ്പിച്ചതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

എട്ട് വയസുകാരിയായ പെണ്‍കുട്ടി പ്രദേശത്തെ ക്ഷേത്രപരിസരത്തുവച്ചാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. മയക്കുമരുന്നുകള്‍ നല്‍കുകയും പെണ്‍കുട്ടിയെ ദിവസങ്ങളോളം ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു. ശേഷം ശ്വാസം മുട്ടിച്ചും കല്ലുകൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തി. എട്ട് പ്രതികളെയാണ് സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

Related Articles

Latest Articles