Tuesday, May 7, 2024
spot_img

ചന്ദ്രോപരിതലത്തില്‍ വിക്രം ലാൻഡർ! ത്രീഡി ചിത്രം പുറത്തുവിട്ട് ഐഎസ്ആർഒ; തയ്യാറാക്കിരിക്കുന്നത്നാ​വി​ഗേഷനൽ ക്യാമറയിൽ പകർത്തിയ രണ്ടു ചിത്രങ്ങൾ ചേർത്തുകൊണ്ട്

ബെം​ഗളൂരു: ചന്ദ്രോപരിതലത്തിൽനിന്ന് പ്ര​ഗ്യാൻ റോവർ പകർത്തിയ വിക്രം ലാൻഡറിന്റെ ത്രീഡി ചിത്രം പുറത്തുവിട്ട് ഐഎസ്ആർഒ. പ്ര​ഗ്യാൻ റോവറിലെ നാ​വി​ഗേഷനൽ ക്യാമറയിൽ പകർത്തിയ രണ്ടു ചിത്രങ്ങൾ ചേർത്തുകൊണ്ടാണ് ചന്ദ്രോപരിതലത്തിന്റെയും വിക്രം ലാൻഡറിന്റെയും മനോഹരമായ ത്രീഡി ചിത്രം തയ്യാറാക്കിയത്. ഇടത് ഭാ​ഗത്തുനിന്നും വലതുഭാ​ഗത്തുനിന്നുമുള്ള ചിത്രങ്ങൾ സംയോജിപ്പിച്ചാണ് ത്രീഡി ചിത്രം ഒരുക്കിയതെന്ന് ഐഎസ്ആർഒ എക്സ് പ്ലാറ്റ്ഫോമിൽ അറിയിച്ചു.

ഐഎസ്ആർഒ തന്നെ വികസിപ്പിച്ചതാണ് പ്രഗ്യാൻ റോവറിലെ നാവിഗേഷനൽ ക്യാമറ. ഐഎസ്ആർഒയുടെ ഇലക്ട്രോ–ഒപ്റ്റിക്സ് സിസ്റ്റം ലബോറട്ടറിയാണ് നാവിഗേഷനൽ ക്യാമറ നിര്‍മിച്ചത്. അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷൻ സെന്ററാണ് ചിത്രങ്ങളെ ത്രീ ഡി രൂപത്തിലേക്ക് മാറ്റിയെടുത്തത്. ത്രീ ഡി കണ്ണടകൾ ഉപയോ​ഗിച്ചുകൊണ്ട് ചിത്രം നോക്കണമെന്നും ഐഎസ്ആർഐ എക്സ് പ്ലാറ്റ്ഫോമിലിട്ട കുറിപ്പിൽ അഭിപ്രായപ്പെടുന്നുണ്ട്.

കഴിഞ്ഞ ദിവസം ചന്ദ്രോപരിതലത്തില്‍നിന്നും വിക്രം ലാന്‍ഡര്‍ 40 സെന്റീ മീറ്റർ പറന്ന് പൊങ്ങിയശേഷം വീണ്ടും സോഫ്റ്റ് ലാൻഡ് ചെയ്ത് ചരിത്രം കുറിച്ചിരുന്നു. ഭാവി ദൗത്യങ്ങളിൽ നിർണായകമായ സാങ്കേതികവിദ്യയാണ് ഐഎസ്ആർഒ വിജയകരമായി ചെയ്ത് കാണിച്ചത്. ചന്ദ്രയാൻ മൂന്ന് റോവറിന്റെ ദൗത്യം പൂർത്തിയായതോടെ റോവറിലെ പേ ലോഡുകളുടെ പ്രവർത്തനം നിർത്തിയശേഷം റോവറിനെ സ്ലീപ്പ് മോഡിലേക്ക് മാറ്റിയിരുന്നു. സൂര്യപ്രകാശം അസ്തമിക്കാറായതോടെയാണ് റോവറിനെ സ്ലീപ് മോഡിലേക്ക് മാറ്റിയത്. ഇനി ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ അടുത്ത സൂര്യോദയത്തിനായുള്ള കാത്തിരിപ്പാണ്. സെപ്തംബർ 22ന് വീണ്ടും സൂര്യ പ്രകാശം കിട്ടും. അന്ന് റോവർ ഉണരുമോയെന്നതാണ് ഇനി അറിയാനുള്ളത്. സൗരോർജ്ജം ഉപയോഗിച്ചാണ് റോവറിന്റെ പ്രവർത്തനം.

Related Articles

Latest Articles