ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി പടർത്തി അമേരിക്കയും ഇറാനും തമ്മിലുള്ള വാക്പോരും സൈനിക നീക്കങ്ങളും പുതിയ തലത്തിലേക്ക്. ഇറാനിലേക്ക് അമേരിക്കൻ വമ്പൻ പടക്കപ്പൽ വ്യൂഹം പുറപ്പെട്ടതായി പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ, ചെറിയൊരു പ്രകോപനമുണ്ടായാൽ പോലും അത് പൂർണ്ണരൂപത്തിലുള്ള യുദ്ധമായി പരിഗണിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാനിലെ പ്രതിഷേധക്കാരെ അടിച്ചമർത്തുന്നതിനെതിരെയും ആണവപദ്ധതികൾ പുനരാരംഭിക്കുന്നതിനെതിരെയും ട്രമ്പ് ശക്തമായ മുന്നറിയിപ്പുകൾ ആവർത്തിച്ചു.
ഇറാനിയൻ മണ്ണിൽ ഏത് തരത്തിലുള്ള ആക്രമണമുണ്ടായാലും ഏറ്റവും കഠിനമായ രീതിയിൽ മറുപടി നൽകുമെന്ന് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയോട് വെളിപ്പെടുത്തി. അമേരിക്കയുടെ നീക്കങ്ങളെത്തുടർന്ന് രാജ്യത്തെ സൈന്യത്തെ അതീവ ജാഗ്രതയിലാക്കിയിട്ടുണ്ട്. നേരത്തെ വെനസ്വേലയിൽ നടത്തിയ സൈനിക ഇടപെടലുകൾക്കും ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ നടത്തിയ വ്യോമാക്രമണങ്ങൾക്കും പിന്നാലെ അമേരിക്ക വീണ്ടും സൈനികശക്തി വർദ്ധിപ്പിക്കുന്നത് മേഖലയിൽ വലിയ ആശങ്കയുണ്ടാക്കുന്നു. യു.എസ്.എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനി കപ്പൽ ഉൾപ്പെടെയുള്ള ആയുധശേഖരമാണ് ഗൾഫ് മേഖലയിലേക്ക് നീങ്ങുന്നത്.
അതേസമയം, പെന്റഗൺ പുറത്തിറക്കിയ പുതിയ ദേശീയ പ്രതിരോധ നയത്തിൽ ഇറാന്റെ ആണവ നീക്കങ്ങളെക്കുറിച്ച് വലിയ ആശങ്കകൾ പങ്കുവെക്കുന്നുണ്ട്. ഇറാൻ വീണ്ടും ആണവായുധങ്ങൾ നിർമ്മിക്കാൻ ശ്രമിക്കുന്നതായും ചർച്ചകളിൽ നിന്ന് ഒഴിഞ്ഞുമാറുന്നതായും രേഖകൾ കുറ്റപ്പെടുത്തുന്നു. മേഖലയിൽ ഇസ്രായേൽ ഉൾപ്പെടെയുള്ള തങ്ങളുടെ സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കുമെന്നും അമേരിക്കൻ സൈനികർക്കെതിരായ ഏത് ഭീഷണിയും നേരിടുമെന്നും പ്രതിരോധ രേഖ വ്യക്തമാക്കുന്നു. ഇറാന്റെ പരമാധികാരം ലംഘിച്ചാൽ തിരിച്ചടിക്കുമെന്ന ടെഹ്‌റാൻ്റെ പ്രഖ്യാപനം കൂടി വന്നതോടെ പശ്ചിമേഷ്യ ഒരു മഹായുദ്ധത്തിന്റെ വക്കിലായിരിക്കുകയാണ്.

