Tuesday, April 30, 2024
spot_img

പിണറായി മൂന്നു വര്‍ഷമായി പറയുന്നതു നുണ!! കരുവന്നൂര്‍ ഇടത് കൊള്ളയുടെ ഉദാഹരണം; രൂക്ഷമായി വിമര്‍ശിച്ച് നരേന്ദ്രമോദി

തൃശ്ശൂർ: കരുവന്നൂര്‍ ബാങ്ക് ക്രമക്കേട് ഇടത് കൊള്ളയുടെ ഉദാഹരണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സിപിഎം കേരളത്തിലെ ജനങ്ങളുടെ പണം പരസ്യമായി കൊള്ളയടിക്കുകയാണ്.ജനങ്ങളുടെ പണം തിരികെ നൽകാൻ ഏതറ്റം വരെയും പോകുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി. തൃശ്ശൂർ കുന്നംകുളത്ത് നടന്ന പൊതുസമ്മേളനത്തിലാണ് പിണറായി സർക്കാരിന്റെ കെടുകാര്യസ്ഥതയ്‌ക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചത്.

കേരളത്തിലെ ജനങ്ങളുടെ പണം സി പി എം പരസ്യമായി കൊള്ളയടിക്കുകയാണ്. കരുവന്നൂര്‍ ബാങ്ക് ക്രമക്കേട് ഇടത് കൊള്ളയുടെ ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടത് സർക്കാർ അഴിമതിക്ക് പുതിയ മാർ​ഗങ്ങൾ തേടുകയാണ്. പാവപ്പെട്ടവർ കഷ്ടപ്പെട്ട് അധ്വാനിച്ച് ഉണ്ടാക്കിയ കോടാനുകോടി രൂപയാണ് കരുവന്നൂരിൽ സിപിഎം കൊള്ള ചെയ്ത് കാലിയാക്കിയത്. നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തത് മൂലം പെൺകുട്ടികളുടെ വിവാഹം അടക്കം മുടങ്ങിപ്പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആലത്തൂർ മണ്ഡലം സ്ഥാനാർത്ഥി ടി എൻ സരസുവിമായി കരുവന്നൂർ വിഷയം സംസാരിച്ച കാര്യവും പ്രധാനമന്ത്രി പ്രസം​ഗത്തിൽ പരാമർശിച്ചു.

സിപിഎമ്മിന്റെ മുഖ്യമന്ത്രി മൂന്ന് വർഷമായി ജനങ്ങളോട് നുണ പറയുകയാണ്. സഹകരണ കൊള്ളയിൽ നടപടിയെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ല. ഒടുവിൽ കേന്ദ്ര ഏജൻസിയുടെ കീഴിലാണ് അന്വേഷണം കാര്യക്ഷമമായി നടന്നത്. 90 കോടിയുടെ സമ്പത്താണ് ഇഡി കണ്ടു കെട്ടിയത്. പാവങ്ങളുടെ പണം തിരികെ ലഭിക്കുന്നതിനെ കുറിച്ച് നിയമവിദ​ഗ്ധരുമായി കൂടിയാലോചനകൾ നടക്കുകയാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.

കരുവന്നൂർ അഴിമതി പോലെ, ഇഡി കണ്ടുകെട്ടിയ 17,000 കോടി രൂപ വഞ്ചിക്കപ്പെട്ടവർക്ക് പിടിച്ചെടുത്ത് തിരികെ നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കരുവന്നൂരിൽ നിക്ഷേപകരുടെ പണം തിരിച്ച് തരാൻ സാദ്ധ്യമായ എല്ലാം വഴികളും തേടുന്നുണ്ടെന്നും അതിനായി ഏത് അറ്റം വരെയും പോകുമെന്നും മോദി തൃശ്ശൂരിലെ ജനങ്ങൾക്ക് ഉറപ്പ് നൽകി.

Related Articles

Latest Articles