Friday, May 3, 2024
spot_img

തിയേറ്ററുകാർക്ക് സംസ്കാരമില്ല: എന്തൊക്കെ വൃത്തികേടുകളാണ് മോഹൻലാലിനെ കുറിച്ച് പറയുന്നത്; മരക്കാര്‍ വിവാദത്തില്‍ രൂക്ഷമായി വിമർശിച്ച് പ്രിയദര്‍ശന്‍

കൊച്ചി: മലയാള സിനിമാ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം ഒടിടിയിൽ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചതോടെ വലിയ ആഘാതത്തിലാണ് ആരാധകർ. മാത്രമല്ല നിരവധിപേരാണ് മോഹൻലാലിനെയും, ആന്റണി പെരുമ്പാവൂരിനെയും വിമർശിക്കുന്നത്.

ഇപ്പോഴിതാ മരക്കാർ എന്ന സിനിമ ഓടിടിയിൽ റിലീസ് ചെയ്യുന്നതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് മനസ് തുറന്ന് സംവിധായകൻ പ്രിയദർശൻ രംഗത്ത് എത്തിയിരിക്കുകയാണ്. മരക്കാർ തിയേറ്ററിൽ തന്നെ കാണിക്കണം എന്നാഗ്രഹിച്ച് എടുത്ത സിനിമയാണെന്നും എന്നാൽ അത് നടക്കാത്തതിന് ഒരുപാട് കാരണങ്ങളുണ്ടെന്നും നിർമാതാവ് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് വിഷയത്തിൽ പ്രിയദർശൻ നിലപാട് അറിയിച്ചത്.

അതേസമയം സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നും തിയേറ്റര്‍ സംഘടനയില്‍പ്പെട്ട ചിലര്‍ സംസ്‌കാരം തൊട്ടുതീണ്ടാത്ത ഭാഷയാണ് ഉപയോഗിച്ചതെന്നും പ്രിയദര്‍ശന്‍ പ്രതികരിച്ചു. നിങ്ങള്‍ക്ക് ലാഭം കിട്ടിയാല്‍ ഒരു പത്ത് ശതമാനം മാത്രം തരണമെന്ന് മാത്രമേ ആന്റണി പറഞ്ഞിട്ടുള്ളൂ. അത് മാറ്റിപ്പറയുന്നത് ശരിയല്ല. അവര്‍ ഉപയോഗിക്കുന്ന ഭാഷകള്‍ യാതൊരു സംസ്‌കാരവും ഇല്ലാത്തതാണ്. പ്രേംനസീറും ജയനും പോയപ്പോഴും ഇവിടെ സിനിമ നിന്നിട്ടുണ്ടെന്നും, മോഹന്‍ലാല്‍ ബിസിനസുകാരനാണെന്നും,സൂപ്പര്‍സ്റ്റാര്‍ ഇല്ലെങ്കിലും പടം ചെയ്യും, എന്തൊക്കെ വൃത്തിക്കേടുകളാണ് വിളിച്ചുപറയുന്നത്.

”നമ്മുടേത് ഒരു കൊച്ചു കേരളമല്ലേ. എങ്കിലും റിസ്‌ക് എടുത്തു. ഇതിന് മുമ്പ് കാലാപാനി എന്ന സിനിമയിറക്കി പൈസ നഷ്ടമായ ആളാണ് മോഹൻലാൽ. എങ്കിലും ഇത് നൂറു ശതമാനവും തീയേറ്ററിൽ റിലീസ് ചെയ്യണമെന്ന മോഹത്തോടെയാണ് മോഹൻലാലും ഞാനും തയ്യാറെടുത്തത്. എന്നാല്‍ തങ്ങളുടെ സ്വപ്നത്തിന്റെ പേരില്‍ നിര്‍മാതാവിന് നഷ്ടമുണ്ടാകരുത് എന്നാണ് ആഗ്രഹിക്കുന്നതെന്നും പ്രിയന്‍ കൂട്ടിച്ചേര്‍ത്തു.

റിസ്‌ക് എടുക്കുന്ന ഒരു മനുഷ്യനെ ഞാൻ കുത്തുപാളയെടുപ്പിക്കാൻ പാടില്ല അതായിരുന്നു തീരുമാനത്തിന് പിന്നിൽ. ഇപ്പോ ഞാൻ ആന്റണിക്കൊപ്പമാണ്. രണ്ട് മൂന്ന് കാരണങ്ങൾ അതിന് പിന്നിലുണ്ട്. കോവിഡിന് ശേഷം ഭയന്നിരിക്കുന്ന ആളുകളെ തീയേറ്ററുകളിലേക്ക് കൊണ്ടുവരാൻ പറ്റണം. അതിന് പറ്റിയ സിനിമയാണ് മരക്കാർ അത് തീയേറ്ററുകാർക്ക് ഗുണം ചെയ്‌തേനെ. പക്ഷേ പരസ്പരം സഹായിച്ചാലേ പറ്റൂ. എന്നാൽ തിയേറ്ററുകാര്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തീയേറ്ററുകാർക്ക് സംസ്‌കാരമില്ല. മോഹൻലാൽ നടനല്ല ബിസിനസുകാരനാണെന്നൊക്കെ എന്തൊക്കെ വൃത്തികേടുകളാണ് പറയുന്നത്. എല്ലാവരുമല്ല ചിലർ. സംസാരിക്കുമ്പോൾ മിനിമം സംസ്കാരമൊക്കെ വേണ്ടതാണെന്നും അദ്ദേഹം തുറന്നടിച്ചു.

Related Articles

Latest Articles