Tuesday, April 30, 2024
spot_img

“എന്തിനാണ് ജനങ്ങൾ ഇടതുമുന്നണിക്ക് വോട്ട് ചെയ്യുന്നത്? ഈ തെരഞ്ഞെടുപ്പ് എൽഡിഎഫിന്റെ വാട്ടർ ലൂ ആകും” ; രമേശ് ചെന്നിത്തല

തിരുവനന്തപുരം: വരുന്ന തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് എന്തിന് വോട്ട് ചെയ്യണമെന്ന് ജനങ്ങൾക്ക് അറിയില്ലെന്ന പരിഹാസവുമായി കോൺ​ഗ്രസ് പ്രവർത്തക സമിതിയം​ഗവും മുൻ പ്രതിപക്ഷനേതാവുമായ രമേശ് ചെന്നിത്തല. ഈ തെരഞ്ഞെടുപ്പ് എൽഎഡിഎഫിന്റെ വാട്ടർ ലൂ ആണെന്നതിൽ സംശയമില്ലെന്ന് വ്യക്തമാക്കിയ ചെന്നിത്തല ഉപതെരഞ്ഞെടുപ്പിൽ തൃക്കാക്കരയിലും പുതുപ്പള്ളിയിലും യുഡിഎഫിനുണ്ടായ വിജയത്തിന്റെ തുടർച്ച പാർലമെന്റ് തെരഞ്ഞെടപ്പിലു പ്രതിഫലിക്കുമെന്നും അവകാശപ്പെട്ടു. കെപിസിസി മാദ്ധ്യമ സമിതി ഇന്ദിരാഭവനിൽ സംഘടിപ്പിച്ച മുഖാമുഖം പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“വോട്ട് ചെയ്യാനായി എന്തെങ്കിലും ഭരണനേട്ടമോ മറ്റ് കാരണങ്ങളോ ഉണ്ടെങ്കിൽ അത് മുഖ്യമന്ത്രി വ്യക്തമാക്കട്ടെ. എന്നാൽ, വോട്ട് ചെയ്യാതിരിക്കാൻ ആയിരം കാരണങ്ങളുണ്ട്. ഈ തെരഞ്ഞെടുപ്പ് എൽഎഡിഎഫിന്റെ വാട്ടർ ലൂ ആണെന്നതിൽ സംശയമില്ല. ഉപതെരഞ്ഞെടുപ്പിൽ തൃക്കാക്കരയിലും പുതുപ്പള്ളിയിലും യുഡിഎഫിനുണ്ടായ വിജയത്തിന്റെ തുടർച്ച പാർലമെന്റ് തെരഞ്ഞെടപ്പിലു പ്രതിഫലിക്കും. തെരഞ്ഞെടുപ്പ് പ്രചരണം അവസാന റൗണ്ടുകളിലേക്ക് കടക്കുമ്പോൾ കേരളത്തിൽ യുഡിഎഫ് തകർപ്പൻ വിജയം നേടുന്ന രാഷ്ട്രീയ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. തെരഞ്ഞെടുപ്പിൽ യുഡിഎഫ് 20-ൽ 20ഉം നേടി സമ്പൂർണ ആധിപത്യമുറപ്പിക്കും.

മുഖ്യമന്ത്രിക്ക് സർക്കാരിന്റെ നേട്ടങ്ങളൊന്നും അവതരിപ്പിച്ച് വോട്ടുതേടാനാകുന്നില്ല. സർക്കാരിനെക്കുറിച്ച് ഒരക്ഷരം അദ്ദേഹം പറയുന്നില്ല. ഓർമിപ്പിച്ചാൽ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണത്. എട്ടുവർഷമായി കേരളത്തെ തകർത്തു തരിപ്പണമാക്കിയ ഇടതുസർക്കാരെന്ന് കേട്ടാൽ ജനത്തിന് വാശി കൂടും. ജനങ്ങളുടെ ശക്തമായ പ്രതിഷേധം തെരഞ്ഞെടുപ്പിൽ അലയടിക്കും. അഴിമതിയും കൊള്ളയും നടത്തുന്ന സർക്കാരിനെതിരെ ഒരവസരത്തിനായി കാത്തിരിക്കുകയാണ് ജനങ്ങൾ. അതുകൊണ്ടാണ് മുഖ്യമന്ത്രി ഭരണനേട്ടങ്ങളെക്കുറിച്ച് മിണ്ടാത്തതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

ഒരു വൻകിട വികസന പദ്ധതിയും പിണറായി സർക്കാരിന് ചൂണ്ടിക്കാട്ടാനില്ല. ജനങ്ങളെ ഭയവിഹ്വലരാക്കിയ കെ റെയിലാണ് ആകെ പറഞ്ഞിരുന്നത്. ജനം എതിർത്തതോടെ കെ റെയിൽ ദുസ്വപ്നമായി. ഏതോ മഹാകാര്യം നടത്താൻ പോകുന്നുവെന്ന പ്രതീതിയോടെയാണ് കെ ഫോൺ അവതരിപ്പിച്ചത്. ഇപ്പോൾ അതും നിലച്ചു. സിപിഎമ്മിന് ആകെ അറിയാവുന്നത് കൊലപാതകമാണ്. അഴിമതിയും അക്രവുമാണ് അവരുടെ മുഖമുദ്ര. പാനൂരിൽ ബോംബ് ഉണ്ടാക്കിയത് ആരെ ആക്രമിക്കാനായിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമായിരുന്നു അത്.

സിദ്ധാർത്ഥ് എന്ന പാവപ്പെട്ട വിദ്യാർത്ഥിയെ എസ്എഫ്ഐക്കാർ ആൾക്കൂട്ട വിചാരണയിലൂടെ കൊന്നുകളഞ്ഞതും ഈ അക്രമപരമ്പരയുടെ ഭാ​ഗമായിരുന്നു. എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് വേദികൾ ശുഷ്കമാണ്. മുഖ്യമന്ത്രിയെ പേടിച്ച് അദ്ദേഹം പങ്കെടുക്കുന്ന പരിപാടികളിൽ ആളുകളെ കൊണ്ടിരുത്തുന്നതല്ലാതെ മറ്റാരും എത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇക്കുറി ഇൻഡി മുന്നണി അധികാരത്തിൽ വരിക തന്നെ ചെയ്യും. കഴിഞ്ഞ തവണ 35 ശതമാനം വോട്ടു നേടി എൻഡിഎ അധികാരത്തിൽ വന്നത് 65 ശതമാനം വോട്ടുകൾ ഭിന്നിച്ചു പോയതു കൊണ്ടാണ്. ഇത്തവണ അത് ഒന്നിപ്പിക്കുകയാണ് ഇൻഡി മുന്നണിയുടെ ലക്ഷ്യം. എൽഡിഎഫിന് കേരളത്തിൽ ഒരു സീറ്റും കിട്ടില്ലെന്ന് പ്രകാശ് കാരാട്ടിനറിയാം. അതുകൊണ്ടാണ് കോൺ​ഗ്രസിനെ കുറ്റപ്പെടുത്താനില്ലെന്ന് അദ്ദേഹം പറയുന്നത്. ദക്ഷിണേന്ത്യയിൽ ഇൻഡി സഖ്യം വൻ മുന്നേറ്റമുണ്ടാക്കും. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ സഖ്യത്തിന് അനുകൂല രാഷ്ട്രീയ സാഹചര്യമാണ്. മഹാരാഷ്ട്രയിൽ 35 സീറ്റുകൾ വരെ നേടുമെന്നാണ് സർവേ.

കേരളത്തിൽ കോൺ​ഗ്രസിനെ എതിർക്കുന്ന ഇടതുമുന്നണി മറ്റ് സംസ്ഥാനങ്ങളിൽ കോൺ​ഗ്രസിനൊപ്പമാണ്. കോൺ​ഗ്രസിനെതിരെയുള്ള പിണറായി വിജയന്റെ വിമർശനം ദൗർഭാ​ഗ്യകരമാണ്.”- രമേശ് ചെന്നിത്തല പറഞ്ഞു

Related Articles

Latest Articles