Saturday, May 4, 2024
spot_img

വിദേശ രാജ്യങ്ങളുമായുള്ള ഭാരതത്തിന്റെ ബന്ധം ദൃഢമാക്കാൻ പ്രവർത്തിച്ചു; ആറ്റിങ്ങൽ മണ്ഡലത്തിന് ലഭിച്ച ഉത്തമനായ പ്രതിനിധിയാണ് വി മുരളീധരൻ; കേരളത്തിൽ വികസനങ്ങൾ കൊണ്ടുവരാൻ കേന്ദ്രമന്ത്രിക്ക് സാധിക്കുമെന്ന് എസ് ജയശങ്കർ

തിരുവനന്തപുരം: വിദേശ രാജ്യങ്ങളുമായുള്ള ഭാരതത്തിന്റെ ബന്ധം ദൃഢമാക്കിയതിൽ മുഖ്യപങ്ക് വഹിച്ചത് കേന്ദ്രമന്ത്രി വി മുരളീധരനാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ത്യയിലെ പൗരന്മാർക്ക് വിദേശ രാജ്യങ്ങളിലേക്ക് ആത്മവിശ്വാസത്തോടെ പോയിവരാൻ സാധിക്കുന്നുവെങ്കിൽ അത് വി മുരളീധരന്റെ പ്രവർത്തനങ്ങൾ കൊണ്ടാണ്. ആറ്റിങ്ങൽ മണ്ഡലത്തിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ ജനങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആറ്റിങ്ങൽ മണ്ഡലത്തിന് ലഭിച്ച ഉത്തമനായ പ്രതിനിധിയാണ് വി മുരളീധരൻ. കേരളത്തിലെ ജനങ്ങൾ അദ്ദേഹത്തെ തെരഞ്ഞെടുത്ത് പാർലമെന്റിലേക്ക് അയക്കുമെങ്കിൽ നിങ്ങളുടെ നാടിന്റെ വികസനത്തിനും നിങ്ങളുടെ മെച്ചപ്പെട്ട ജീവിതത്തിനും അത് കൂടുതൽ ഗുണം ചെയ്യുമെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുവാനും കേരളത്തിൽ വികസനങ്ങൾ കൊണ്ടുവരാനും വി മുരളീധരന് സാധിക്കും’ എന്ന് എസ് ജയശങ്കർ പറഞ്ഞു.

ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന പ്രതിനിധിയാണ് വി മുരളീധരൻ. ജനങ്ങൾ വി മുരളീധരനെ തെരഞ്ഞെടുത്ത് പാർലമെന്റിലേക്ക് അയക്കുകയാണെങ്കിൽ പ്രധാനമന്ത്രിയുടെ വികസനപദ്ധതികൾ ഓരോന്നായി ജനങ്ങളിലേക്കെത്തിക്കാൻ വി മുരളീധരന് സാധിക്കുമെന്നും എസ് ജയശങ്കർ കൂട്ടിച്ചേർത്തു.

ഇന്ന് പാസ്‌പോർട്ടുകൾ വേഗത്തിൽ ലഭിക്കുന്നുണ്ടെങ്കിൽ അതിന് പിന്നിൽ പ്രവർത്തിച്ച കരങ്ങൾ വി മുരളീധരന്റേതാണ്. വിദേശ രാജ്യങ്ങളിൽ കുടുങ്ങി കിടന്നവരെ സ്വന്തം നാടുകളിലേക്ക് തിരികെ എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു. വിദേശ രാജ്യങ്ങളുമായി ഇന്ന് നമുക്ക് നല്ല ബന്ധമാണുള്ളത്. അതിന് പ്രധാനമന്ത്രിക്കൊപ്പം അഹോരാത്രം വി മുരളീധരനും പ്രവർത്തിച്ചെന്നും അദ്ദേഹം പാർലമെന്റിലേക്ക് വരേണ്ടത് ജനങ്ങളുടെ കൂടി ആവശ്യമാണെന്നും എസ് ജയശങ്കർ വ്യക്തമാക്കി.

Related Articles

Latest Articles