Monday, April 29, 2024
spot_img

”അസമത്വങ്ങൾ അവസാനിപ്പിക്കാം, എയ്ഡ്‌സും മഹാമാരികളും ഇല്ലാതാക്കാം”; ഇന്ന് ലോക എയ്ഡ്‍സ് ദിനം

ഇന്ന് ലോക എയ്ഡ്‌സ് ദിനം (World Aids Day). ലോകമെമ്പാടും എല്ലാ വര്‍ഷവും എയ്ഡ്‌സ് മഹാമാരിക്കെതിരേയുള്ള ബോധവല്‍ക്കരണത്തിനായി നീക്കിവച്ചിട്ടുള്ള ദിവസമാണ് ഡിസംബര്‍ ഒന്ന്. ഇത് ലോക എയിഡ്‌സ് ദിനമായി അറിയപ്പെടുന്നു. സമൂഹം മാറ്റത്തിന് വഴിയൊരുക്കും എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. എയ്ഡ്സ് പകരുന്ന വഴികള്‍, പ്രതിരോധ മാര്‍ഗങ്ങള്‍, ചികിത്സ, എന്നിവയെക്കുറിച്ച് രാജ്യാന്തര തലത്തില്‍ അവബോധമുണ്ടാക്കുക, രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കുക, എയ്ഡ്സ് പോരാട്ടത്തില്‍ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക എന്നിവയാണ് ദിനാചരണ ലക്ഷ്യങ്ങള്‍.

“അസമത്വങ്ങൾ അവസാനിപ്പിക്കാം, എയ്ഡ്‌സും മഹാമാരികളും ഇല്ലാതാക്കാം” എന്നതാണ് ഈ വർഷത്തെ എയ്ഡ്‌സ് ദിന പ്രമേയം. വർണ, വർഗ, ലിംഗ അസമത്വങ്ങൾ ഇല്ലാതാക്കികൊണ്ടും സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവും നിയമപരവുമായ സമത്വം ഉറപ്പാക്കികൊണ്ടും മാത്രമേ എയ്ഡ്സിനെ പോലെയുള്ള മഹാമാരികളെ ഇല്ലാതാക്കാൻ സാധിക്കുകയുള്ളൂ എന്ന് ഈ സന്ദേശം ഓർമ്മപ്പെടുത്തുന്നു.

വൈദ്യശാസ്ത്രം ഈ രോഗത്തിന് അക്വേയേഡ് ഇമ്യൂണോ ഡെഫിഷൻസി സിൻഡ്രോം അഥവാ എയിഡ്സ് എന്ന് പേരിട്ടു. ആഫ്രിക്കൻ കാടുകളിലെ ചിമ്പാൻസികളിൽ നിന്നാണ് ഈ വൈറസ് മനുഷ്യരിലേക്ക് പടര്‍ന്നതെന്നാണ് ചില പഠനങ്ങൾ പറയുന്നത്. വര്‍ഷമിത്ര പിന്നിട്ടിട്ടും വൈദ്യ ശാസ്ത്രം വളരെ മുന്നേറിയിട്ടും രോഗത്തെക്കുറിച്ചുള്ള ദുരൂഹത നീക്കാനോ, മരുന്ന് കണ്ടെത്താനോ ഇതുവരെ നമുക്ക് സാധിച്ചില്ല. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ലോകത്താകെ മൂന്നരക്കോടിയാളുകൾ രോഗാണു ബാധിതരായിട്ടുണ്ട്.

എയ്ഡ്‌സ് ബാധിതരുടെ എണ്ണവും വൈറസിന്‍റെ ശക്തിയും വര്‍ഷം തോറും കൂടി വരുന്നെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ചിട്ടയായ ജീവിതക്രമത്തിലൂടെയും കൃത്യമായ ബോധവത്കരത്തിലൂടെയും മാത്രമേ ഈ മാരകരോഗത്തെ തുരത്താൻ നമുക്ക് സാധിക്കൂ. അതിനായി നമ്മുക്ക് പരിശ്രമിക്കാം. 2030ഓടെ എച്ച്‌ഐവി വൈറസ് ഇല്ലാതാക്കുക എന്നതാണ് ലോകാരോഗ്യ സംഘടനയും ലക്ഷ്യമിടുന്നത്.

Related Articles

Latest Articles