Thursday, May 9, 2024
spot_img

ഇന്ന് ലോക വനദിനം; ‘ദാ ഇങ്ങനെ ഓരോ ഗ്ലാസ് വെള്ളം കുടിക്കുമ്പോഴും ഓർക്കേണ്ട ഒന്നാണ് നമ്മുടെ കാട്’; വൈറലായി മഞ്ജുവാര്യറുടെ വനദിന സന്ദേശ വീഡിയോ

ഇന്ന് ലോക വനദിനം(World Forest Day). വനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അനുസ്മരിക്കുന്നതിനും അവബോധം വളർത്തുന്നതിനുമായാണ് യുഎൻ പൊതുസഭ എല്ലാ മാർച്ച് 21 ആം തീയതിയും വനദിനമായി ആചരിക്കുന്നത്. 2012 മാർച്ച് 21മുതലാണ് അന്താരാഷ്ട്ര വനദിനം ആചരിച്ചു തുടങ്ങിയത്. ജീവജാലങ്ങളുടെ ജീവിതത്തിൽ വനങ്ങളുടെ മൂല്യം ഓർമ്മപ്പെടുത്തുന്നതിനായുള്ള ഒരു ദിനം കൂടിയാണിന്ന്. ഭക്ഷണം, വെള്ളം, പാര്‍പ്പിടം തുടങ്ങി മനുഷ്യർക്കും മൃഗങ്ങൾക്കും കണക്കാക്കാനാകത്ത പല കാര്യങ്ങളും നൽകുന്നതിൽ വനങ്ങൾ സുപ്രധാന പങ്കുതന്നെ വഹിക്കുന്നുണ്ട്.

ഭൂമിയുടെ മൂന്നില്‍ ഒരു ഭാഗം വനമാണ്. ജൈവ വൈവിധ്യത്തിന്റെ കലവറയായ ഈ ഭൂഭാഗമാണ് ഭൂമിയെ മനുഷ്യവാസ യോഗ്യമാക്കുന്നതിലെ മുഖ്യഘടകം. മണ്ണിനെ ജൈവ സമ്പുഷ്ടവും ഭൂമിയെ ജല സമ്പന്നവുമാക്കുന്നതില്‍ വനത്തിന്റെ പങ്ക് ഇന്നത്തെ വരണ്ടുണങ്ങിയ മണ്ണ് തന്നെ കാണിച്ചു തരുന്നുണ്ട്. ഭൗമോപരിതലത്തിലെ 80% ജീവി വര്‍ഗ്ഗങ്ങളുടെയും സസ്യങ്ങളുടേയും ആവാസ കേന്ദ്രമാണ് വനം. അനേകം മനുഷ്യ ഗോത്രങ്ങളും ജീവനും ഉപജീവനത്തിനുമായി കാടിനെ ആശ്രയിക്കുന്നു.

അതേസമയം ഈ വനദിനത്തിൽ ശ്രദ്ധേയമായി മാറിയിരിക്കുകയാണ് മഞ്ജുവാര്യറുടെ വനദിന സന്ദേശ വീഡിയോ(World Forest Day Video Manju Warrier). സ്വാഭാവിക വനം ചുരുങ്ങുകയും കോൺക്രീറ്റ് കാടുകൾ വ്യാപിക്കുകയും ചെയ്യുന്ന വർത്തമാനകാലത്ത് വനസംരക്ഷണത്തിന്‍റെ പ്രാധാന്യം മനോഹര ദൃശ്യങ്ങളുടെ പശ്ചാത്തലത്തിൽ ലളിതമായ, എന്നാൽ പ്രേക്ഷകരുടെ ഹൃദയത്തിലിറങ്ങുന്ന വാക്കുകളിലൂടെ വിഡിയോയായി അവതരിപ്പിക്കുകയാണ് മലയാളത്തിന്‍റെ പ്രിയ നടി.’ലളിതമായി പറഞ്ഞാൽ ദാ ഇങ്ങനെ ഓരോ ഗ്ലാസ് വെള്ളം കുടിക്കുമ്പോഴും ഓർക്കേണ്ട ഒന്നാണ് നമ്മുടെ കാട്. അതാണ് നമ്മുടെ വീട്…’ സംസ്ഥാന വനം-വന്യജീവി വകുപ്പ് ഒരുക്കിയ വനദിന സന്ദേശ ഹ്രസ്വ വീഡിയോ ചലച്ചിത്രതാരം മഞ്ജു വാര്യർ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.

Kerala Forests and Wildlife എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ അപ്ലോഡ് ചെയ്തിട്ടുള്ളത്. https://www.youtube.com/watch?v=U4d9Fjxmd6g എന്ന യൂട്യൂബ് ലിങ്കിൽ വീഡിയോ ലഭ്യമാണ്. നിരവധി പേരാണ് മാർച്ച് 19ന് പുറത്തിറക്കിയ ഹ്രസ്വചിത്രം ഇതുവരെ കണ്ടത്. വാട്സ്ആപ് അടക്കമുള്ള സമൂഹമാധ്യമങ്ങളിലും വീഡിയോ പ്രചരിക്കുന്നുണ്ട്. അതേസമയം വീഡിയോയിൽ പറയുന്നത് ഇങ്ങനെയാണ്. ഞങ്ങളൊക്കെ സ്കൂളിൽ പഠിക്കുന്ന കാലത്ത്, വേനലവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്ന ദിവസം പെരുമഴയായിരിക്കും. പിന്നപ്പിന്നെ… മഴക്കാലം അകന്നകന്നു പോയി. ഇപ്പൊഴോ, എന്നാണ് മഴ തുടങ്ങുകയെന്ന് പറയാൻപോലും പറ്റാത്ത കാലമായി. നമ്മുടെ കാലാവസ്ഥ വല്ലാതെ മാറിയിരിക്കുന്നു. അത് നമ്മളെ മാത്രമല്ല, മറ്റെല്ലാ ജീവജാലങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുവെന്ന ഉത്കണ്ഠ മഞ്ജു പങ്കുവയ്ക്കുന്നു.

ഈ കാലാവസ്ഥ വ്യതിയാനം ഒരു പരിധിവരെ ചെറുക്കാൻ വനങ്ങൾക്കേ കഴിയൂ. എത്ര സുന്ദരമാണ് നമ്മുടെ വനസമ്പത്ത്. അതിലെ ജൈവ വൈവിധ്യം. അതിൽ ഒരംഗം മാത്രമാണ് വിവേകബുദ്ധിയുള്ള മനുഷ്യൻ. ഈ വൈവിധ്യമുള്ള ജീവജാലങ്ങളെ എല്ലാം പരിരക്ഷിക്കേണ്ട ചുമതല നമുക്ക് എല്ലാവർക്കുമാണ്. നഷ്ടപ്പെട്ട സ്വാഭാവിക വനങ്ങൾ നമുക്ക് തിരിച്ചുപിടിക്കേണ്ടതുണ്ട്. കാരണം, അവയുടെ എല്ലാം നിലനിൽപിനെ ആശ്രയിച്ചാണ് നമ്മുടെ അടുത്ത തലമുറയുടെ നിലനിൽപ്. കാടാണ് നമ്മുടെ വീട് എന്ന ഓർമപ്പെടുത്തലോടെയാണ് വീഡിയോ അവസാനിക്കുന്നത്.

അതേസമയം ഒരോ വര്‍ഷവും 13 മില്യണ്‍ ഹെക്ടര്‍ വനങ്ങളാണ് നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. വന നശീകരണമാണ് 12 മുതല്‍ 20 ശതമാനം വരെ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലിനും അതുവഴി കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകുന്നത്. ഇതോടെ നശിക്കുന്നത് വനം മാത്രമല്ല ജലസംഭരണികള്‍ കൂടിയാണ്.

Related Articles

Latest Articles