Sunday, May 5, 2024
spot_img

കളരിപ്പയറ്റിനെ ലോക പ്രസിദ്ധമാക്കിയ, സ്വാമി ധർമ്മാനന്ദ സ്വരൂപ അന്തരിച്ചു

പാറശ്ശാല: സ്വാമി ധർമ്മാനന്ദ സ്വരൂപ ഹനുമാൻ ദാസ്‌ജി അന്തരിച്ചു(Kalariguru Swami Hanuman Dasji passes away) . 74 വയസ്സായിരുന്നു. അസുഖത്തെ തുടർന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്ന അദ്ദേഹം ഇന്നലെയാണ് ഈ ലോകത്തോട് വിടപറഞ്ഞത്. ഭാര്യ രമാദേവി,മക്കൾ: ഗായത്രി ബാലചന്ദ്രൻ, ഡോ. ഗിരീഷ് ബി. ചന്ദ്രൻ. മരുമക്കൾ: ഷാജി ശ്രീധർ, ഡോ. മഞ്ജു ഗിരീഷ് എന്നിവരാണ്. സംസ്കാരം വീട്ടുവളപ്പിൽ കളരിപ്പുരക്ക് സമീപം നടന്നു. കുട്ടികളെ ധാർമ്മിക ബോധത്തോടെയും നിർഭയമായും ജീവിക്കാൻ പഠിപ്പിച്ച ഗുരുവായിരുന്നു ‘കളരിയിൽ ധാർമ്മികം ആശ്രമം’ മഠാധിപതി സ്വാമി ധർമ്മാനന്ദ സ്വരൂപ ഹനുമാൻ ദാസ്‌ജി. അതിനായി ആയോധനകല അഭ്യസിപ്പിക്കുന്ന ഇന്ത്യൻ സ്കൂൾ ഒഫ് മാർഷ്യൽ ആർട്ട്സ് സ്കൂൾ ആരംഭിച്ചു. കേരളത്തിലും വിദേശങ്ങളിലുമായി ആയിരക്കണക്കിന് ശിഷ്യസമ്പത്തിന് ഉടമയാണ് സ്വാമിജി.

കേരളത്തിന്റെ തനത് ആയോധനകലയായ കളരിപ്പയറ്റ്, കളരി മർമ്മ വിജ്ഞാനം, കളരി ചികിത്സ എന്നിവയിൽ അദ്വിതീയ സ്ഥാനമലങ്കരിച്ചിരുന്ന അദ്ദേഹം ഈ കലകളുടെ പ്രചാരണത്തിനായി ദേശീയ അന്തർദ്ദേശീയ തലങ്ങളിൽ മഹനീയ സംഭാവനകൾ നൽകി. തിരുവനന്തപുരത്തെ പൊലീസ് ട്രെയിനിംഗ് കോളേജിൽ പൊലീസിന് വേണ്ടി ആയോധനകലാ പരിശീലകനായി ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബി.ബി.സി, ഡിസ്കവറി തുടങ്ങിയ ചാനലുകളിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടികളുടെ സംപ്രേഷണം കളരിപ്പയറ്റിനെ ലോക പ്രസിദ്ധമാക്കി

ആദ്ധ്യാത്മികതയിലും ആയോധന കലയിലും സാമൂഹിക സാംസ്‌കാരിക-കാർഷിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ ജനനം തിരുവനന്തപുരം തമലത്തായിരുന്നു. ബാലനായിരിക്കുമ്പോൾ തന്നെ ഭജനയിലും ഈശ്വരാരാധനയിലും ആകൃഷ്ടനായതിന് പിന്നാലെ ഹനുമാൻ ഭക്തനായി. സ്വരൂപാനന്ദ സ്വാമിജിയിൽ നിന്ന് സന്യാസദീക്ഷ സ്വീകരിച്ച സ്വാമിജിയുടെ പൂർവാശ്രമ നാമം ബാലചന്ദ്രൻ നായർ എന്നായിരുന്നു. അതേസമയം പരശുവയ്ക്കൽ കേന്ദ്രമാക്കി ‘ കളരിയിൽ ധാർമ്മികം ‘ എന്ന പേരിൽ ആശ്രമം സ്ഥാപിക്കുകയും ആത്മീയാന്തരീക്ഷത്തിൽ കളരി പരിശീലനം, മർമ്മ ചികിത്സ, ഗോപരിപാലനം, കൃഷി തുടങ്ങിയ മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ കഴിയുകയുമായിരുന്നു. നിരവധി തവണ മികച്ച ക്ഷീര കർഷകനുള്ള അവാർഡും സ്വാമിയെ തേടിയെത്തിയിട്ടുണ്ട്.

Related Articles

Latest Articles