Monday, April 29, 2024
spot_img

ഭക്ഷണത്തെ ജോലിയുമായി ബന്ധിപ്പിക്കരുത്; സമരം ചെയ്യുന്ന തൊഴിലാളികളോട് സൊമാറ്റോ സ്ഥാപകന്‍

കൊൽക്കത്ത: ജീവിക്കാൻ വേണ്ടി ചെയ്യുന്ന തൊഴിലിനെ മതവുമായും ഭക്ഷണം തിരഞ്ഞെടുക്കാനുള്ള വ്യക്തികളുടെ സ്വാതന്ത്ര്യവുമായും കൂട്ടിക്കുഴയ്ക്കരുതെന്ന് സൊമാറ്റോ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍. ഒരു വിഭാഗം ജീവനക്കാർ പണിമുടക്ക് നടത്തവേ ജീവനക്കാര്‍ക്കയച്ച ഇ-മെയില്‍ സന്ദേശത്തിലാണ് ഗോയല്‍ ഇക്കാര്യം വ്യക്തമാക്കിയത്. ബംഗാളിലെ മുഴുവൻ സൊമാറ്റോ ജീവനക്കാരും സമരത്തിലാണെന്ന തരത്തിലുള്ള പ്രചാരണങ്കൾ തെറ്റാണ്. മറിച്ചുള്ള പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും ഗോയൽ പറഞ്ഞു.

ഭക്ഷണ വിതരണം തങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നും ബീഫും പോര്‍ക്കും വിതരണം ചെയ്യാന്‍ കഴിയില്ലെന്നും കാണിച്ച് കൊല്‍ക്കത്തയിലെ സൊമാറ്റോ വിതരണക്കാര്‍ തിങ്കളാഴ്ച മുതൽ സമരത്തിലാണ്. സൊമാറ്റോ കമ്പനി വിതരണക്കാരുടെ മതവികാരങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നാണ് വിതരണക്കാരായ തൊഴിലാളികള്‍ പറയുന്നത്.

ജീവിക്കാന്‍ വേണ്ടിയാണ് തങ്ങള്‍ ഭക്ഷണം ഡെലിവര്‍ ചെയ്യുന്നതെങ്കിലും മതപരമായ അടിസ്ഥാന അവകാശത്തില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ല. ഏതെങ്കിലും പ്രത്യേക ഭക്ഷണം ഡെലിവര്‍ ചെയ്യാന്‍ ഞങ്ങള്‍ വിസമ്മതിച്ചാൽ അത് തര്‍ക്കത്തില്‍ അവസാനിക്കും. മാനേജര്‍ ആ വിഷയത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും തൊഴിലാളികള്‍ പറയുന്നു.

നേരത്തെ സൊമാറ്റോയുടെ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് വലിയ വിവാദമുയര്‍ന്നിരുന്നു. ഹലാൽ ഭക്ഷണമായതിന് ക്യാൻസൽ ചെയ്ത വ്യക്തിക്ക് സൊമാറ്റോ നല്‍കിയ മറുപടി വലിയ ചര്‍ച്ചയായിരുന്നു. ഭക്ഷണത്തിന് മതമില്ലെന്നും ഭക്ഷണമെന്നത് മതമാണെന്നുമായിരുന്നു അന്ന് സൊമാറ്റോ നല്‍കിയ മറുപടി.

Related Articles

Latest Articles