അടൂർ : ലോക്ക്ഡൗൺ നിയമം ലംഘിച്ച് നോമ്പ് കഞ്ഞി വിതരണം നടത്തിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ.റംസാൻ മാസത്തിന്റെ ആദ്യ ദിവസമായ വെള്ളിയാഴ്ച സി.പി.എം. നേതാവുകൂടിയായ ഷാജഹാന്റെ നേതൃത്വത്തിലാണ് കഞ്ഞി വിതരണം നടത്തിയത്.കണ്ണംകോട് ദേവധാനത്ത് ഷാജഹാൻ, പള്ളി തെക്കേതിൽ റഹിം എന്നിവരെയാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം പള്ളികളിൽ കൂട്ടമായിട്ടുള്ള പ്രാർഥനകളോ ഇഫ്താർ വിരുന്നുകളോ നടത്തില്ലെന്ന് വിവിധ ജമാ അത്ത് കമ്മിറ്റികൾ സർക്കാരിനെ അറിയിച്ചിരുന്നു. ഇത് മറികടന്നാണ് കഞ്ഞി വിതരണം നടത്തിയത്. കഞ്ഞി വാങ്ങാനായി മുപ്പതോളം പേർ സ്ഥലത്ത് ഉണ്ടായിരുന്നു .തുടർന്ന്,അടൂർ മുസ്ലിം ജമാ അത്ത് (കണ്ണംകോട്) കമ്മിറ്റി ഈ വിവരം ജില്ലാ കളക്ടറെ അറിയിക്കുകയായിരുന്നു. കളക്ടർ അടൂർ പോലീസിന് വിവരമറിയിക്കുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. അടൂർ ആർ.ഡി.ഒ. പി.ടി.എബ്രഹാമിന്റെ നിർദേശത്തെ തുടർന്ന് റവന്യൂ സംഘവും സ്ഥലത്തെത്തിയിരുന്നു.

