Sunday, May 5, 2024
spot_img

ആയുധങ്ങളില്ല, ഭാരതം കൈക്കരുത്ത് കാട്ടിയ ദിവസത്തിന് ഇന്ന് മൂന്നാണ്ട്

ലോകം മഹാമാരിയുടെ മുന്നിൽ വിറങ്ങലിച്ചു നിൽക്കുമ്പോഴാണ് ഗൽവാനിലൂടെ ചൈന ഭാരതത്തിന്റെ മണ്ണിൽ കടന്നുകയറാനുള്ള ശ്രമം നടത്തുന്നത്. കോവിഡിന്റെ മുന്നിൽ പതറി അതിർത്തി കാക്കാൻ ശക്തിയില്ലാതെ ഇന്ത്യ വഴങ്ങുമെന്നും അവസരം മുതലാക്കി അതിർത്തി മാറ്റി വരയ്ക്കാമെന്നും കണക്കുകൂട്ടി കാട്ടിയ സാഹസമായിരുന്നു ഗൽവാൻ എന്നാൽ കാരിരുമ്പ് തോൽക്കുന്ന കൈക്കരുത്താൽ ഭാരതാംബയുടെ ധീര പുത്രന്മാർ നാടിന്റെ അതിരുകൾ അണുവിട വിട്ടുവീഴ്ചയില്ലാതെ കാത്തു. ശത്രു എന്നുമോർക്കുന്ന പാഠം അതാണ് ഗൽവാൻ. മാതൃരാജ്യത്തെ സ്വജീവൻ ബലിനൽകി കാത്ത ധീര സൈനികരുടെ ഓർമകൾക്ക് ഇന്ന് മൂന്നാണ്ട്.

2020 മെയ് ആദ്യവാരം കിഴക്കന്‍ ലഡാക്കില്‍ പുതിയ സംഘര്‍ഷമുഖം തുറന്നു. അഞ്ച് പട്രോളിംഗ് പോയിന്റുകളില്‍ ഇന്ത്യന്‍ സൈന്യവും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും മുഖാമുഖം ഏറ്റുമുട്ടി. പിന്നീട് സമാധാന ചര്‍ച്ചകള്‍ തുടര്‍ന്നു. 2020 ജൂണ്‍ 15ന് പൂര്‍വ സ്ഥാനങ്ങളിലേക്ക് മടങ്ങാനുള്ള ധാരണ തെറ്റിച്ച ചൈനീസ് സൈന്യം പട്രോളിംഗ് പോയിന്റ് 14ന് സമീപം ഇന്ത്യന്‍ മണ്ണില്‍ തുടര്‍ന്നു. ചോദ്യം ചെയ്ത ഇന്ത്യയുടെ പട്രോളിംഗ് സംഘത്തെ ചീനിപ്പട പ്രകോപിപ്പിച്ചു. സമാധാന ചര്‍ച്ചക്കെത്തിയ 16 ബിഹാര്‍ റജിമെന്റ് കമന്റിംഗ് ഓഫിസര്‍ കേണല്‍ ബി സന്തോഷ് ബാബുവിനെ ചൈനീസ് സൈന്യം നേരിട്ടത് മുള്ളു കമ്പികള്‍ ചുറ്റിയ ദണ്ഡുകളുമായാണ്. അപ്രതീക്ഷിതമായി സ്വന്തം കമാന്റിംഗ് ഓഫീസറെ കൈവച്ച ചൈനീസ് പടയെ ഭാരതത്തിന്റെ ചുണക്കുട്ടികൾ പാഠം പഠിപ്പിച്ചു. പിന്നീടുള്ള മൂന്നു മണിക്കൂറുകളില്‍ ബിര്‍സമുണ്ട, ബാജ്രഗ്ബലി മുദ്രാവാക്യങ്ങള്‍ ആ നിശബ്ദ താഴ്‌വരയെ വിറപ്പിച്ചു.

കില്ലര്‍ മെഷീന്‍ എന്ന വിളിപ്പേരുള്ള ബുഹാര്‍ റെജിമെന്റിന്റെയും ഘതക് കമാന്‍ഡോകളുടെയും കൈചൂടും ഗാല്‍വന്‍ നദിയിലെ തണുപ്പും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അറിഞ്ഞു. പടയുടെ വലിപ്പമല്ല, സൈനികന്റെ പോരാട്ട വീര്യമാണ് വിജയവും നിശ്ചയിക്കുന്നതെന്ന് ഒരിക്കല്‍ കൂടി ഇന്ത്യന്‍ സൈന്യം തെളിയിച്ചു. 45 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ – ചൈന അതിര്‍ത്തിയില്‍ ആള്‍നാശമുണ്ടായത്. രക്ത സാക്ഷികള്‍ക്ക് ഇന്ത്യ വീരോചിത യാത്രാമൊഴി നല്‍കിയപ്പോള്‍ സൈനികരുടെ മരണം പോലും ചൈന മറച്ചുവയ്ക്കുകയായിരുന്നു.

20 ഇന്ത്യൻ സൈനികർ തോക്കുകൾ ഉപയോഗിക്കാതെയുള്ള ഈ സംഘർഷത്തിൽ വീരമൃത്യു വരിച്ചെങ്കിലും മറുഭാഗത്തെ ആൾനാശം ചൈന പുറത്തുവിട്ടില്ല. എങ്കിലും ഇരട്ടിയിലധികം പേരെ കാലപുരിക്കയച്ചെന്ന് ഇന്ത്യൻ സൈന്യത്തിന് ഉറപ്പുണ്ടായിരുന്നു. പിന്നീട് പല അന്താരാഷ്ട്ര മദ്ധ്യമങ്ങളും ചൈനീസ് ഭാഗത്തെ ആൾനാശം 38 നും 40 നും ഇടയിലാണെന്ന് വിലയിരുത്തി. രാജ്യത്തിന്റെ ഒരു തരി മണ്ണുപോലും ശത്രുവിനു കൊടുക്കാതെ അടിച്ചാൽ അതേ നാണയത്തിൽ തിരിച്ചടിക്കാനുള്ള പുതിയ ഭാരതത്തെ ചൈന ഗൽവാനിൽ അടുത്തറിയുകയും ചെയ്തു.

Related Articles

Latest Articles