Saturday, May 25, 2024
spot_img

നാലാംവട്ടവും മദ്ധ്യപ്രദേശ് ഭരിക്കാനൊരുങ്ങി ശിവരാജ് സിംഗ് ചൗഹാന്‍, സത്യപ്രതിജ്ഞ ഇന്നുണ്ടായേക്കുമെന്നു സൂചന

ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രിയായി ബിജെപി നേതാവ് ശിവരാജ് സിങ് ചൗഹാന്‍ ഇന്ന് ചുമതലയേല്‍ക്കുമെന്ന് സൂചന. ഇന്ന് വൈകുന്നേരം ഏഴ് മണിയോടെ സത്യപ്രതിജ്ഞ ഉണ്ടാകുമെന്നാണ് വിവരം. ഇത് നാലാം തവണയാണ് ശിവരാജ് സിങ് ചൗഹാന്‍ മുഖ്യമന്ത്രി പദത്തിലെത്തുന്നത്.

ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പായതോടെയാണ് മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ നിലംപൊത്തിയത്. സിന്ധ്യക്ക് പിന്തുണ പ്രഖ്യാപിച്ച് 22 എംഎല്‍എമാര്‍ രാജി വച്ചതോടെ കോണ്‍ഗ്രസിന് നിയമസഭയില്‍ ഭൂരിപക്ഷം നഷ്ടമായി. വിമതരെ പിടിച്ചുനിര്‍ത്താന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും കമല്‍നാഥും കൂട്ടരും പ്രതിസന്ധി മറികടന്നില്ല.

വിശ്വാസവോട്ടെടുപ്പ് എത്രയും വേഗം നടത്തണമെന്ന സുപ്രീംകോടതിയുടെ അന്ത്യശാസനം കൂടിയായതോടെ പന്ത് ബിജെപിയുടെ കോര്‍ട്ടിലെത്തിയെന്ന് ഉറപ്പായി. വിശ്വാസവോട്ടെടുപ്പില്‍ പരാജയം ഉറപ്പായതോടെ പരീക്ഷണത്തിന് നില്‍ക്കാതെ കഴിഞ്ഞ വ്യാഴാഴ്ച കമല്‍നാഥ് മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞു. അതോടെയാണ് മധ്യപ്രദേശില്‍ വീണ്ടും ബിജെപി ഭരണത്തിന് കളമൊരുങ്ങിയത്.

രാജിവച്ച എംഎല്‍എമാര്‍ ഇന്നലെ ബിജെപിയില്‍ ചേര്‍്ന്നു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദയുടെ വീട്ടിലെത്തിയാണ് ഇവര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. എല്ലാവര്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ബിജെപി ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് ജ്യോതിരാദിത്യസിന്ധ്യ പിന്നാലെ പ്രഖ്യാപിക്കുകയും ചെയ്തു. 2018 ഡിസംബറിലാണ് കമല്‍നാഥിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ മധ്യപ്രദേശില്‍ അധികാരമേറ്റത്.

Related Articles

Latest Articles