Saturday, May 4, 2024
spot_img

പെട്ര അഥവാ അറേബ്യൻ മരുഭൂമിയിലെ അമൂല്യ രത്നം !

ഇന്ത്യാന ജോൺസ്‌ ആൻഡ് ദി ലാസ്റ്റ് ക്രൂസേഡ് എന്ന സിനിമയിൽ ഹാരിസൺ ഫോഡും, ഷോൺ കോണറിയും തിരുവത്താഴസമയത്ത് യേശു ഉപയോഗിച്ച കാസ തേടി നിഗൂഢതകൾ നിറഞ്ഞ ഒരു ക്ഷേത്രത്തിൽ പ്രവേശിക്കുന്ന രംഗമുണ്ട്. പ്രേക്ഷകരെ മുഴുവൻ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ ആ ഹോളിവുഡ് സിനിമയുടെ അവസാനരംഗങ്ങൾ ചിത്രീകരിച്ചത് ഇന്നും നിഗൂഢതകൾ മായാതെ നിൽക്കുന്ന ജോർദ്ദാനിലെ മോശയുടെ താഴ്വരയിലെ പെട്ര എന്ന പുരാതന നഗരത്തിലാണ്.
പെട്ര എന്ന ഗ്രീക്ക് വാക്കിനർത്ഥം പാറ എന്നാണ്. പേര് അന്വർത്ഥമാക്കുന്നതുപോലെ തന്നെ പാറയിൽ കൊത്തിയെടുത്ത, അറേബ്യൻ മരുഭൂമിയിലെ അമൂല്യരത്നം എന്ന പേരിൽ അറിയപ്പെടുന്ന പുരാതന നഗരമാണ് പെട്ര. ജോർദ്ദാൻ്റെ തലസ്ഥാനമായ അമ്മാനിൽ നിന്നും തെക്കോട്ടു പോകുമ്പോൾ അനന്തമായി കിടക്കുന്ന മണലാരണ്യങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്ന അതിശങ്ങൾ നിറഞ്ഞ പൗരാണീക നഗരം.

1812-ൽ തൻ്റെ ആഫ്രിക്കൻ യാത്രയ്ക്കിടയിൽ ജോർദ്ദാനിലെ മോശയുടെ താഴ്‌വരയിൽ എത്തിയ ജൊഹാൻ ലുഡ്‌വിഗ് ബുർക്കാർട്ട് എന്ന സ്വിസ്സ് പര്യവേഷകൻ അവിടെയുള്ള ഗോത്രവംശജരിൽ നിന്നും മലമടക്കുകളിൽ മറ്റാരും കടക്കാതെ ബദുവിയൻ ഗോത്രം കാവൽ നിൽക്കുന്ന നിഗൂഢമായ ഒരു നഗരത്തെക്കുറിച്ച് അറിയുകയും തൻ്റെ ജീവൻ പണയംവച്ചും അത് കണ്ടെത്താൻ അദ്ദേഹം തീരുമാനിക്കുകയും ചെയ്തു. ആ നഗരം മുസ്ലിങ്ങളുടെ വിശുദ്ധ സ്ഥലമായ അഹറോൻ്റെ കബറിടം സ്ഥിതി ചെയ്യുന്ന ഹോർ മലയുടെ അടുത്താണെന്നു മനസ്സിലാക്കിയ അദ്ദേഹം, ഹോർ മലയിൽ ആടിനെ ബലിയർപ്പിക്കാൻ പോകുന്ന ഒരു മുസ്ലീമായി വേഷം മാറി. ഹോർ മലയിലേക്കുള്ള ആ യാത്രയ്ക്കിടെ അറുന്നൂറു അടിയോളം ഉയർന്നുനിൽക്കുന്ന മലനിരകൾക്കിടയിലൂടെയുള്ള ഇടുങ്ങിയ വഴിയിലൂടെ കുറെ ദൂരം സഞ്ചരിച്ച അദ്ദേഹത്തെ കാത്തിരുന്നത് ഒരു വരണ്ട മരുപ്രദേശത്ത് ആരും പ്രതീക്ഷിക്കാത്ത ഒരത്ഭുതമായിരുന്നു.

ഏതാണ്ട് നൂറടിക്കുമേൽ ഉയരമുള്ള ഒരു മഹാസൗധം. പ്രൗഢഗംഭീരമായ കൂറ്റൻ തൂണുകൾ, പുരാണേതിഹാസങ്ങളിലെ ജീവികളുടെ പ്രതിമകൾ, ഉള്ളിലെ നിലവറകളിലേക്കു തുറക്കുന്ന കൂറ്റൻ വാതിൽ. ഇതാണ് പെട്ര നഗരത്തിലെ ഏറ്റവും ഉദാത്തമായ നിർമ്മിതിയായ “ട്രഷറി” അഥവാ “അൽ-കസ്‌നേ” . ഈ മഹാസൗധത്തിനപ്പുറമുള്ള മലയടിവാരത്തിൽ ഏതാണ്ട് പന്ത്രണ്ടു കിലോമീറ്ററുകൾ നീളത്തിൽ പെട്ര നഗരത്തിൻ്റെ നിർജ്ജീവമായ അവശേഷിപ്പുകൾ കാണാം. ചെങ്കുത്തായ പാറയിൽ തീർത്തിട്ടുള്ള ട്രഷറി പോലെ പല വലിപ്പത്തിലുള്ള നിർമ്മിതികൾ, വലിയ നിലവറകൾ, മൂവ്വായിരത്തിനുമേൽ ആളുകളെ ഉൾക്കൊള്ളാൻ പോന്ന ആംഫി തീയറ്റർ, ജലസംഭരണ സംവിധാനങ്ങൾ തുടങ്ങി ഒരു നഗരത്തിനുവേണ്ട എല്ലാ നിർമ്മിതികളും കല്ലിൽ കൊത്തിയെടുത്തിരിക്കുന്നു. ഗവേഷകരുടെ അഭിപ്രായത്തിൽ, അതിൻ്റെ പ്രതാപകാലത്ത് ഇരുപതിനായിരത്തിലേറെ ആളുകൾ അധിവസിച്ചിരുന്ന പട്ടണമായിരുന്നു പെട്ര. യുനെസ്‌കോ 1985-ൽ പെട്രയെ വേൾഡ് ഹെറിറ്റേജ് സൈറ്റ് ആയി പ്രഖ്യാപിച്ചു. 2007-ൽ പുറത്തിറക്കിയ പുതിയ ഏഴു ലോകമഹാത്ഭുതങ്ങളുടെ പട്ടികയിലും പെട്ര ഇടം നേടിയിട്ടുണ്ട്.

ഏതാണ്ട് 9000 വർഷങ്ങൾക്കു മുന്നേ ഇവിടെ ജനവാസം ഉണ്ടായിരുന്നെന്നും ആദിമകാലത്ത് എദോമ്യരാണ് ഇവിടെ വസിച്ചിരുന്നെന്നും പിന്നീട് നബാത്തിയൻ ഗോത്രം ഇവിടെ താമസമാക്കി എന്നുമാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. ഇന്ത്യ,ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നും സുഗന്ധദ്രവ്യങ്ങളും പട്ടുവസ്ത്രങ്ങളും ഗ്രീസിലേക്കും റോമിലേക്കും കൊണ്ടുപോയിരുന്ന വാണിജ്യപാതയിലെ ഒരു സുപ്രധാന ഇടത്താവളമായിരുന്നു പെട്ര. മരുഭൂമിയിൽ നാടോടികളായി ജീവിച്ച നബാത്തിയൻ ഗോത്രത്തിന് മരുഭൂമിയിലെ ജലസ്രോതസ്സുകളെക്കുറിച്ച് വ്യക്തമായി ധാരണയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ നബാത്തിയന്മാരുടെ സഹായമില്ലാതെ ഈ വ്യാപാരികൾക്ക് മരുഭൂമി കടക്കുക അചിന്തനീയമായിരുന്നു. വ്യാപാരികൾക്ക് കപ്പം ഏർപ്പെടുത്തിയും, യാത്രയ്ക്കിടെ അവർക്കുവേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തിയും ലഭിച്ച വരുമാനം പെട്ര നഗരത്തെ സമ്പൽസമൃദ്ധിയിൽ എത്തിച്ചു. റോമൻ ചരിത്രകാരനായ പ്ലീനി, ലോകത്തിലെ ഏറ്റവും സമ്പന്നമായ ഗോത്രവർഗ്ഗം എന്നാണ് നബാത്തിയൻ ഗോത്രത്തെ വിശേഷിപ്പിച്ചത്. ബി. സി. 200 തുടങ്ങി എ. ഡി. 50 വരെയാണ് നബാത്തിയൻ ഗോത്രം ഇവിടെ പ്രബലമായിരുന്നത്.

മുഖ്യധാരാചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ നബാത്തിയൻ ഗോത്രമാണ് പെട്ര നഗരം പണിതത്. എന്നാൽ, മരുഭൂമിയിൽ നാടോടികളായി, കൂടാരവാസികളായി കഴിഞ്ഞിരുന്ന ഒരു ഗോത്രത്തിന് ഇത്രമാത്രം വലിയ ഒരു പട്ടണം അതും ഭൂമിയിൽ മനുഷ്യവാസം തീർത്തും ദുർഘടമായ ഒരു പ്രദേശത്ത് എങ്ങനെ നിർമ്മിക്കാനായി എന്നതാണ് ചോദ്യം. പെട്രയിലെ നിർമ്മാണശൈലി നബാത്തിയൻ ഗോത്രത്തിൻ്റെതല്ലെന്നും അവർ ഇവിടെ വാസമുറപ്പിക്കുന്നതിനും നൂറ്റാണ്ടുകൾക്കും മുന്നേ ഈ നിർമ്മിതികൾ ഉണ്ടായിരുന്നു എന്നും ചിലർ അവകാശപ്പെടുന്നു.

Related Articles

Latest Articles