മുംബൈ: പ്രായപൂര്‍ത്തിയാകാത്ത മകളെ പഠനം നിര്‍ത്തി ബാറില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചെന്ന പരാതിയില്‍ അമ്മയ്ക്കെതിരെ കേസെടുത്തു. മാര്‍ച്ച് 15 നാണ് അമ്മയ്ക്കും അമ്മയുടെ പങ്കാളിക്കെതിരെയും പോലീസ് കേസെടുത്തത്.
കുടുംബം പോറ്റുന്നതിനായി പഠനം നിര്‍ത്തി ബാറില്‍ ജോലി ചെയ്യണമെന്ന് അമ്മയും അമ്മയുടെ കാമുകനും നിർബന്ധിച്ചതായാണ് പരാതിയിൽ പറയുന്നത്. ഇവരുടെ പീഡനം സഹിക്കാന്‍ വയ്യാതെ പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഒളിച്ചോടിയിരുന്നു.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയെങ്കിലും കുട്ടി അമ്മയുടെ കൂടെ പോകാന്‍ വിസമ്മതിക്കുകയായിരുന്നുവെന്ന് ന്യൂ പന്‍വേല്‍ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ സുനില്‍ ഗിരി പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയപ്പോയാണ് പീഡന വിവരം തുറന്ന് പറഞ്ഞത്.
ഇരുവര്‍ക്കുമെതിരെ ഐപിസി സെക്ഷന്‍ 323 പ്രകാരവും ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരവും കേസെടുത്തതായും സബ് ഇന്‍സ്‌പെക്ടര്‍ സുനില്‍ ഗിരി വ്യക്തമാക്കി.

