Monday, April 29, 2024
spot_img

മലയാള സിനിമയുടെ അനശ്വര നടൻ! ഇന്ന് ജയന്റെ 83-ാം ജന്മദിനം, അകാലത്തിൽ പൊലിഞ്ഞ മലയാള സിനിമയിലെ ആദ്യത്തെ ആക്ഷൻ ഹീറോ

മലയാള സിനിമയിലെ എക്കാലത്തെയും അനശ്വര നടൻ ജയൻ ജീവിച്ചിരുന്നെങ്കിൽ ഇന്ന് 83 വയസ് ആകുമായിരുന്നു. ജയന്റെ 83-ാം ജന്മദിനമാണിന്ന്. മലയാള സിനിമയിൽ വളരെ പെട്ടെന്ന് തന്നെ തന്റേതായ സ്ഥാനം കുറിച്ചിട്ട നടനാണ് ജയൻ. 1939 ജൂലെെ 25 നു കൊല്ലം ജില്ലയിലെ തേവള്ളിയിലാണ് ജയൻ ജനിച്ചത്. മലയാളത്തിൽ 120 ലേറെ സിനിമകളിൽ ജയൻ അഭിനയിച്ചിട്ടുണ്ട്. 1974 ൽ ‘ശാപമോക്ഷം’ എന്ന ചിത്രത്തിലൂടെയാണ് ജയൻ അരങ്ങേറ്റം കുറിച്ചത്. 1980 നവംബർ 16 നു ഒരു ഹെലികോപ്‌റ്റർ അപകടത്തിലാണ് ജയൻ മരിച്ചത്. സത്യൻ, നസീർ, സോമൻ, മധു എന്നിവർക്കൊപ്പം നിരവധി സിനിമകളിൽ അഭിനയിച്ച ജയൻ ആക്ഷൻ രംഗങ്ങളിൽ അസാമാന്യ മെയ്‌വഴക്കമാണ് എന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കിയിരുന്നത്.

മലയാള സിനിമയിൽ അതുവരെയുണ്ടായിരുന്ന നായക കഥാപാത്രങ്ങളെ മാറ്റി എഴുതി കൊണ്ടായിരുന്നു ജയന്റെ വരവ്. മലയാള സിനിമയിലെ ആദ്യത്തെ ആക്ഷൻ ഹീറോ എന്നു ജയനെ വിളിക്കാം. നായകനായുളള ജയന്റെ വളർച്ച പെട്ടെന്നായിരുന്നു. അതുപോലെ പെട്ടെന്നായിരുന്നു ജയന്റെ മരണവും. ‘കോളിളക്കം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഹെലികോപ്റ്റര്‍ അപകടത്തിലാണ് ജയന്‍ മരിച്ചത്. ജയന്റെ മരണത്തെ ചുറ്റിപ്പറ്റി നിരവധി കഥകൾ പ്രചരിച്ചിരുന്നു. ജയന്റെ അവസാന നിമിഷങ്ങള്‍ നേരിട്ട് കണ്ട സംവിധായകൻ സോമന്‍ അമ്പാട്ട് ആ സംഭവത്തെക്കുറിച്ച് ക്ലബ് എഫ്എമ്മിലൂടെ പങ്കുവച്ചത് ഇങ്ങനെ:

“സിനിമയിൽ എത്തുന്നതിനു മുൻപ് നേവൽ ഓഫിസറായി ജോലി ചെയ്യുകയായിരുന്നു ജയൻ. അതിനാൽതന്നെ സിനിമയിൽ എന്തു റിസ്‌ക് എടുക്കാനും തയാറുളള നടനായിരുന്നു ജയൻ. പക്ഷേ നിർമാതാക്കൾ ഒരിക്കലും അതിന് തയാറായിരുന്നില്ല. അവർ ഡ്യൂപ്പിനെ വച്ചാണ് റിസ്‌ക് രംഗങ്ങളെല്ലാം ചിത്രീകരിക്കാറുളളത്. ചെന്നൈയിൽനിന്നും കുറച്ച് ദൂരെയുളള സ്ഥലത്തായിരുന്നു കോളിളക്കത്തിന്റെ ഷൂട്ടിങ്. വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച ബാലൻ കെ.നായർ ഹെലികോപ്റ്ററിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ ജയൻ സഹോദരനായി അഭിനയിച്ച സുകുമാരന്റെ ബൈക്കിൽ കയറി നിന്ന് ബാലൻ കെ.നായരെ താഴെ ഇറക്കുന്ന രംഗമാണ് ചിത്രീകരിച്ചുകൊണ്ടിരുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങളിൽ ഒന്നായിരുന്നു ഇത്,”

“ജയൻ ഹെലികോപ്റ്ററിൽ പിടിച്ചു കയറിയാൽ പെട്ടെന്ന് തന്നെ കൈ വിടണം. ഇതായിരുന്നു ഷോട്ട്. ചെറിയ ഉയരത്തിലാണ് ഇത് ചിത്രീകരിച്ചത്. അതിനാൽ തന്നെ ജയന് കൈ വിട്ടാൽ താഴെ ചാടി നിൽക്കാൻ പറ്റും. ജയൻ കൈ വിട്ടാൽ ബക്കി ഭാഗം ഡ്യൂപ്പിനെ വച്ച് ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ ജയൻ ഹെലികോപ്റ്ററിൽ കയറി പിടിച്ച ശേഷം ഹെലികോപ്റ്ററിന്റെ റോഡിൽ കാലുപയോഗിച്ച് ലോക്ക് ചെയ്തു. ആ സമയത്ത് ബാലൻ കെ.നായരും ജയനും ഹെലികോപ്റ്ററിന്റെ ഒരേ ഭാഗത്തായി. ജയൻ നല്ല വെയ്റ്റ് ഉളള ആളാണ്. അപ്പോൾ ഹെലികോപ്റ്ററിന്റെ ബാലൻസിന് പ്രശ്നമുണ്ടായി. പൈലറ്റ് ഹെലികോപ്റ്റർ താഴെ ഇറക്കാൻ ശ്രമിച്ചു. ആ സമയത്ത് ഹെലികോപ്റ്ററിന്റെ ഒരു ചിറക് തറയിൽ ആദ്യം തട്ടി. രണ്ടാമതും തട്ടി. അപ്പോഴേക്കും ബാലൻസ് നഷ്ടമായി ഹെലികോപ്റ്റർ താഴെ ഇരുന്നു. ജയന് കാലെടുക്കാൻ പറ്റിയില്ല. ജയന്റെ തലയുടെ പിൻഭാഗം തറയിൽ തട്ടി. പൈലറ്റ് രക്ഷപ്പെട്ടു. ബാലൻ കെ.നായർക്ക് കാലിനു പരുക്കേറ്റു. ഉടനെ രണ്ടുപേരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. എല്ലാവരെയും മാറ്റിയ ഉടൻ ഹെലികോപ്റ്റർ പൂർണമായും കത്തിപ്പോയി,”

“അപകടം ഉണ്ടായ അൽപ സമയത്തിനകം ചെന്നൈയിൽ വെളളപ്പൊക്കം ഉണ്ടായി. കാറുകൾക്കൊന്നും പോകാൻ പറ്റാത്ത അവസ്ഥല. ഇതുമൂലം ജയനെ ആശുപത്രിയിൽ എത്തിക്കാൻ വൈകി. ഇതു അദ്ദേഹത്തിന്റെ ജീവൻ നഷ്ടമാകാൻ കാരണമായി. ആശുപത്രിയിൽ എത്തിക്കുമ്പോൾ ജയന് ചെറിയ അനക്കം ഉണ്ടായിരുന്നു. ഡോക്ടർമാർ ഏറെ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. രക്തം ഒരുപാട് വാർന്നുപോയതാണ് മരണത്തിനിടയാക്കിയതെന്ന്” സോമന്‍ അമ്പാട്ട് വ്യക്തമാക്കി. 2017 ൽ ക്ലബ് എഫ്‌എമ്മിനു നൽകിയ അഭിമുഖത്തിലാണ് സോമൻ അമ്പാട്ട് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

Related Articles

Latest Articles