നിത്യഹരിത നായകന്‍ പ്രേംനസീര്‍ ഓര്‍മ്മയായിട്ട് ഇന്ന് 33 വര്‍ഷം. ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യ സൂപ്പര്‍ സ്റ്റാര്‍ പരിവേഷം ലഭിച്ച വ്യക്തിയാണ് പ്രേം നസീര്‍. 1989 ജനുവരി 16 നാണ് അദ്ദേഹം അന്തരിച്ചത്. 62 വയസ്സായിരുന്നു. ചെന്നൈയില്‍ വച്ചായിരുന്നു നിത്യഹരിതനായകന്റെ അന്ത്യം. മലയാളികളുടെ മനസ്സിലിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന പ്രിയ നടൻ.
ചിറയിന്‍കീഴ് ആക്കോട് ഷാഹുല്‍ ഹമീദിന്‍റെയും അസുമ ബീവിയുടെയും മകനായി 1929 ഡിസംബര്‍ 16 നാണ് പ്രേം നസീറിന്റെ ജനനം. ശാര്‍ക്കര ദേവി ക്ഷേത്രത്തിന് സമീപമുള്ള ശ്രീചിത്തിര വിലാസം സ്‌കൂളിലാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നടത്തിയത്. തിക്കുറിശ്ശി സുകുമാരന്‍ നായരാണ് അബ്ദുല്‍ ഖാദര്‍ എന്ന പേര് മാറ്റി പ്രേം നസീര്‍ എന്നാക്കിയത്.
ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായകനായി വേഷം ചെയ്തു എന്ന ലോക റെക്കോഡ്, ഇന്നും നസീറിന് മാത്രം സ്വന്തമാണ്. 700 ചിത്രങ്ങളില്‍ അദ്ദേഹം നായകനായി എത്തി. അന്നത്തെ കാലത്തെ സ്ത്രീ മനസ്സുകളുടെ സ്വപ്ന കുമാരൻ ആയിരുന്നു അദ്ദേഹം. നായകനായ 107 ചിത്രങ്ങളിൽ ഷീലയായിരുന്നു നായിക.
മലയാളം കൂടാതെ തമിഴ്, തെലുങ്ക്,കന്നഡ എന്നീ ഭാഷകളിലും അദ്ദേഹം നായകനായി അഭിനയിച്ചിട്ടുണ്ട്. 672 മലയാള ചിത്രങ്ങളും, 56 തമിഴ് ചിത്രങ്ങളിലും 21 തെലുങ്ക് ചിത്രങ്ങളിലും 32 കന്നട ചിത്രങ്ങളിലും നായകനായി അഭിനയിച്ചിട്ടുണ്ട്. 107 ചിത്രങ്ങളും, ഒരേ നായികക്കൊപ്പം നായകനായി അഭിനയച്ചതില്‍ ഗിന്നസ് റെക്കോഡും നേടി. 1978 ല്‍ പ്രദര്‍ശിക്കപ്പെട്ട 41 ചലച്ചിത്രങ്ങളില്‍ നായകവേഷം അവതരിപ്പിച്ച് ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി.
1992-ൽ അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി പ്രേം നസീർ പുരസ്കാരം സ്ഥാപിച്ചു. മലയാള സിനിമയ്ക്കും ഇന്ത്യൻ സിനിമയ്ക്കുമുള്ള അദ്ദേഹത്തിന്റെ സംഭാവനകളെ മാനിച്ച് രാജ്യം പത്മഭൂഷണ്‍ പുരസ്കാരം അദ്ദേഹത്തിനു നൽകി. 1981-ൽ കേരളസംസ്ഥാന പ്രത്യേക ജൂറി അവാർഡ് അദ്ദേഹത്തിന് നൽകി. 1990 ൽ പുറത്തിറങ്ങിയ ‘കടത്തനാടൻ അമ്പാടി’ എന്ന ചിത്രമാണ് നസീറിന്റെ ഒടുവിലത്തെ പടം.

