Thursday, May 9, 2024
spot_img

എണ്ണിയിട്ടും എണ്ണിയിട്ടും തീരാതെ! നോട്ടുകെട്ടുകൾ കണ്ട് ഞെട്ടിത്തരിച്ച് വിജിലൻസ്, കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ ഡോ. ഷെറിന്‍ ഐസക്കിന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്ത നോട്ടുകൾ എണ്ണാൻ നോട്ടെണ്ണൽ യന്ത്രം എത്തിച്ചു

തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ ഡോ. ഷെറിന്‍ ഐസക്കിന്റെ വീട്ടിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ നോട്ടുകെട്ടുകൾ കണ്ട് ഞെട്ടിത്തരിച്ച് വിജിലൻസ്. 15 ലക്ഷം രൂപയാണ് കണ്ടെടുത്തത്. ഇദ്ദേഹം താമസിക്കുന്ന മുളങ്കുന്നത്തുകാവിലെ വീട്ടിലാണ് വിജിലൻസ് പരിശോധ നടത്തിയത്. 500, 2000, 100, 200 ന്റെ നോട്ടുകെട്ടുകളാണ് വിജിലൻസ് കണ്ടെത്തിയത്. രണ്ടായിരത്തിന്റെ 25 നോട്ട് കെട്ടുകൾ കൂട്ടത്തിലുണ്ട്. പണം എണ്ണിത്തിട്ടപ്പെടുത്താനായി നോട്ടെണ്ണൽ യന്ത്രം എത്തിച്ചിട്ടുണ്ട്.

കൈയുടെ എല്ലില്‍ പൊട്ടലുണ്ടായതിനെത്തുടർന്ന് നടത്തേണ്ട ശസ്ത്രക്രിയ നടത്താൻ രോഗിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ വിജിലൻസ് പിടിയിലായത്. അപകടത്തില്‍ പരിക്കേറ്റ യുവതിയെ കഴിഞ്ഞയാഴ്ച മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഡോക്ടര്‍ യുവതിയോട് പല റിപ്പോര്‍ട്ടുകളും കൊണ്ടുവരാനാവശ്യപ്പെട്ടും ഓരോ കാരണങ്ങൾ കാട്ടിയും ദിവസങ്ങളോളം ശസ്ത്രക്രിയ നീട്ടിക്കൊണ്ടുപോയി. പിന്നീട് പണം നൽകാതെ ഡോക്ടര്‍ ശസ്ത്രക്രിയ ചെയ്യില്ല എന്ന നിലയിൽ കാര്യങ്ങൾ എത്തി.

തുടർന്ന് ഇക്കാര്യം യുവതി ഒരു പൊതുപ്രവര്‍ത്തകനെ അറിയിച്ചു. ഇയാള്‍ ഇക്കാര്യം തൃശ്ശൂര്‍ വിജിലന്‍സ് ഡിവൈഎസ്പിയെയും അറിയിച്ചു. തുടര്‍ന്ന് ഫിനോഫ്തലിന്‍ പുരട്ടിയ നോട്ടുകളുമായി യുവതി ഡോക്ടറുടെ സ്വകാര്യ ക്ലിനിക്കിലെത്തുകയും 3000 രൂപ കൈമാറുകയും ചെയ്തു. ഉടന്‍തന്നെ വിജിലന്‍സ് ഉദ്യോഗസ്ഥർ കുതിച്ചെത്തി നടത്തിയ പരിശോധനയില്‍ ഡോക്ടറില്‍നിന്ന് കൈക്കൂലിപ്പണം കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Related Articles

Latest Articles