Thursday, May 2, 2024
spot_img

മാവേലിക്കരയിൽ കാർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ച സംഭവം ; യന്ത്രത്തകരാർ ഇല്ലെന്ന് എംവിഡി; നിഗൂഢതയുടെ ചുരുളഴിക്കാൻ ഫോറൻസിക് റിപ്പോർട്ടിനായി കാത്ത് പോലീസ്

മാവേലിക്കരയിലെ കണ്ടിയൂരില്‍ കാര്‍ തീപിടിച്ച് പൊട്ടിത്തെറിച്ച് യുവാവ് മരിച്ച സംഭവത്തിൽ കത്തിനശിച്ച കാറിനു സാങ്കേതികത്തകരാര്‍ ഇല്ലായിരുന്നുവെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. കാറിന്റെ ഫ്യൂസ് യൂണിറ്റിലോ ബാറ്ററി ടെര്‍മിനലിലോ തകരാറുണ്ടായിരുന്നില്ലയെന്ന് പരിശോധനയിൽ നിന്ന് വ്യക്തമായി . കാറിനകത്തുനിന്നു തീ പടര്‍ന്നുവെന്നാണു പ്രാഥമികനിഗമനം. തിങ്കളാഴ്ച പുലര്‍ച്ചേ പന്ത്രണ്ടരയോടെ കണ്ടിയൂര്‍ അമ്പലമുക്കിനു സമീപമായിരുന്നു സംഭവം.

കാരാഴ്മ കിണറ്റുംകാട്ടില്‍ കൃഷ്ണപ്രകാശ് (കണ്ണന്‍ 35) ആണ് അപകടത്തിൽ മരിച്ചത്. കൃഷ്ണപ്രകാശും സഹോദരന്‍ ശിവപ്രകാശും വാടകയ്ക്കു താമസിക്കുന്ന ‘ജ്യോതി’യെന്ന വീടിനു മുന്നിലായിരുന്നു സംഭവം. കംപ്യൂട്ടര്‍ സര്‍വീസിങ്ങിനുശേഷം പന്തളത്തുനിന്നു തിരിച്ചെത്തി റോഡില്‍നിന്നു മുറ്റത്തേക്കു കയറ്റവേയാണ് വലിയ ശബ്ദത്തോടെ കാറിനു തീ പിടിച്ചത്. വീട്ടിലുണ്ടായിരുന്ന ശിവപ്രകാശ് തീയണയ്ക്കാനും ഡോര്‍ തുറക്കാനും ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് മാവേലിക്കരയിലെ അഗ്നിരക്ഷാ സേനയും പോലീസുമെത്തിയാണ് തീയണച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കൃഷ്ണപ്രകാശിന്റെ മൃതദേഹം കാറിനുള്ളിൽ നിന്ന് ലഭിച്ചു.

പരിശോധനയില്‍ സിഗരറ്റ് ലൈറ്ററിന്റെയും ഇന്‍ഹേലറിന്റെയും അവശിഷ്ടം ലഭിച്ചു. സീറ്റ് ബെല്‍റ്റും ഹാന്‍ഡ്‌ബ്രേക്കും ഇട്ട നിലയിലായിരുന്നു. ഫോറൻസിക് വിദഗ്ധരുടെ റിപ്പോര്‍ട്ട് ലഭിച്ചാലേ അന്തിമ നിഗമനത്തിലെത്താന്‍ കഴിയൂവെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി.

Related Articles

Latest Articles