Saturday, May 4, 2024
spot_img

കൊലക്കേസ് പ്രതിയുടെ കണ്ണിൽ ആസിഡ് ഒഴിച്ച് കാഴ്ച നഷ്ടപ്പെടുത്തി;22 വർഷത്തിനുശേഷം പ്രതി പിടിയിൽ

ചേർത്തല:കൊലക്കേസ് പ്രതിയുടെ കണ്ണിൽ ആസിഡ് ഒഴിച്ച് കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തി കേസിലെ പ്രതി നീണ്ട 22 വർഷങ്ങൾക്ക് ശേഷം പിടിയിൽ.കോട്ടയം കടനാട് പഞ്ചായത്ത് രണ്ടാം വാർഡിൽ കാവതിയാൻ കുന്നേൽ വീട്ടിൽ സുനിൽ (41)നെയാണ് ചേർത്തല പോലീസ് സൈബർ സാങ്കേതിക മികവിലൂടെ അറസ്റ്റ് ചെയ്തത്. കൊലക്കേസ് പ്രതിയായിരുന്ന കോട്ടയം പാല കുളക്കാട് സ്വദേശിയും ചേർത്തല മുനിസിപ്പൽ 4ാം വാർഡ് നടുവിലേമുറിയിലെ താമസക്കാരനുമായ പ്രസാദ് (ഉണ്ണി-57) യെയാണ് ആസിഡ് ഒഴിച്ച് കാഴ്ച നഷ്ടപ്പെടുത്തിയത്. 2000 ഒക്ടോബറിൽ വാരനാട് ക്ഷേത്രത്തിന് സമീപത്തായിരുന്നു ആക്രമണം നടന്നത്.

വൈക്കം സ്വദേശിയെ തണ്ണീർമുക്കം ബണ്ടിൽ വെച്ച് ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പ്രസാദ്. ചേർത്തല ഇൻസ്‌പെക്ടർ ബി വിനോദ് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് സബ് ഇൻസ്‌പെക്ടർ ആർ വിനോദിന്‍റെ നേതൃത്വത്തിൽ എസ് ഐ വി.ജെ ആന്‍റണി, സി പി ഒ മാരായ സെയ്ഫുദ്ദീൻ, ബിനുമോൻ, സിനോ എന്നിവർ ചേർന്ന് എറണാകുളം രാമമംഗലത്ത് വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി ജാമ്യത്തിൽ ഇറങ്ങി കഴിഞ്ഞ 22 വർഷമായി പലസ്ഥലങ്ങളിലും ഒളിവിൽ താമസിച്ചു വരികയായിരുന്നെന്ന് പോലീസ് പറഞ്ഞു.

Related Articles

Latest Articles