Tuesday, April 30, 2024
spot_img

ഗതാഗത നിയമങ്ങൾ ലംഘിക്കുന്ന പോലീസ് വാഹനങ്ങൾക്കെതിരെ നടപടി വേണം; വിഷയം ഗൗരവതരമായി പരിശോധിക്കണമെന്ന് ജില്ലാ പോലീസ് മേധാവിമാർക്ക് ഡിജിപിയുടെ നിർദ്ദേശം; ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ നീക്കം

തിരുവനന്തപുരം: എഐ ക്യാമറയിൽ കുടുങ്ങുന്ന ഗതാഗത നിയമങ്ങൾ ലംഘിക്കുന്ന പോലീസ് വാഹനങ്ങൾക്കെതിരെ നടപടി വേണമെന്ന് ആവശ്യം. തുടർച്ചയായി നിയമലംഘനം നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയുണ്ടായേക്കും. വിഷയം ഗൗരവമായി പരിശോധിക്കണമെന്ന് ഡിജിപി ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി.

പോലീസിന്റെ വകയായി സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് ഉൾപ്പെടെ നിരവധി ഗതാഗത നിയമലംഘനങ്ങളാണ് ക്യാമറ കണ്ടെത്തിയിട്ടുള്ളത്. ഉന്നത ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ വരെ ഇക്കൂട്ടത്തിൽ ഉണ്ടെന്നാണ് വിവരം. സംസ്ഥാന പോലീസിനാണ് പോലീസ് വാഹനങ്ങളുടെ ഉടമസ്ഥാവകാശം. നിയമ ലംഘനങ്ങൾ കൂടിയതോടെ വിഷയം ഗൗരവമായി പരിഗണിക്കാൻ ഡിജിപി ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി.

ക്യാമറ പിഴ ഈടാക്കുന്നത് ആവർത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനെ കുറിച്ചാണ് ആലോചന. അടിയന്തരഘട്ടങ്ങളിൽ പോലീസിന് എഐ ക്യാമറകൾ ബാധകമല്ലെങ്കിലും മറ്റ് സമയങ്ങളിൽ നിയമം പാലിക്കണം. പോലീസ് ഉദ്യോഗസ്ഥർ തന്നെ ഇത്തരം തെറ്റുകൾ ആവർത്തിക്കുന്നത് പൊതുജനങ്ങൾക്കിടയിൽ പോലീസിനെ കുറിച്ച് അവമതിപ്പ് ഉണ്ടാക്കുന്നതിന് കാരണമാകും എന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ യൂണിറ്റ് മേധാവിമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കർശന നടപടി സ്വീകരിക്കാനാണ് നിർദ്ദേശം.

Related Articles

Latest Articles