Thursday, May 9, 2024
spot_img

ചെന്നൈയിൽ നിന്ന് കോടിയേരിയുടെ മൃതദേഹവുമായി എയര്‍ ആംബുലന്‍സ് പുറപ്പെട്ടു, ഭാര്യയും മകന്‍ ബിനീഷും ഒപ്പം, മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർ ഇന്ന് കണ്ണൂരിലെത്തും

ചെന്നൈ: കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹവുമായി എയര്‍ ആംബുലന്‍സ് ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടു. കോടിയേരിയുടെ ഭാര്യ വിനോദിനി, മകന്‍ ബിനീഷ്, മരുമകള്‍ റിനീറ്റ എന്നിവരും എയര്‍ ആംബുലന്‍സിലുണ്ട്. കോടിയേരിയുടെ മൃതദേഹവുമായി വിമാനം ഉച്ചയോടെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തും. തുടർന്ന് വിലാപയാത്രയായി വാഹനങ്ങളുടെ അകമ്പടിയോടെ തലശ്ശേരിയിൽ എത്തിക്കും. ഇന്ന് രാത്രി വരെ തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വക്കും. ശേഷം നാളെ രാവിലെ വീട്ടിലും, നാളെ 11 മണി മുതൽ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനമുണ്ടാകും. നാളെ വൈകുന്നേരം മൂന്ന് മണിക്ക് സംസ്കാരം. പയ്യാന്പലത്താണ് സംസ്കാരം നടക്കുന്നത്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർ ഇന്ന് കണ്ണൂരിലെത്തും.

നിരവധി പാർട്ടി നേതാക്കളും പ്രമുഖരും ഇതിനോടകം തന്നെ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. സഖാവ് കോടിയേരിയുടെ വേര്‍പാട് പാര്‍ട്ടിക്കും പൊതു സമൂഹത്തിനും തീരാ നഷ്ടമെന്ന് മന്ത്രി വീണാ ജോര്‍ജ്. അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനായി നിന്ന് പാർട്ടിക്കുവേണ്ടി പോരാടിയ ആളാണ് കോടിയേരി ബാലകൃഷ്ണൻ എന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണം നികത്താനാകാത്ത വിടവെന്നു എ. കെ. ബാലൻ. കോടിയേരി ബാലകൃഷ്ണന്റെ വിയോഗം രാഷ്ട്രീയ കേരളത്തിന്‍റെ തീരാനഷ്ടമെന്ന് മന്ത്രി ജെ ചിഞ്ചുറാണി.

ഇന്നലെ രാത്രി 8 മണിക്കായിരുന്നു ചെന്നൈ അപ്പോളോ ആശുപത്രിയിൽ കോടിയേരി ബാലകൃഷ്ണന്‍റെ അന്ത്യം. അർബുദ ബാധിതനായിരുന്ന അദ്ദേഹത്തിന് മറ്റുചില ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നു. ആരോഗ്യനില മോശമായ സാഹചര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയ ശേഷമായിരുന്നു കോടിയേരി വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈയിലേക്ക് പോയത്.

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ,എം.വി. ഗോവിന്ദൻ തുടങ്ങിയവർ ആശുപത്രിയിലെത്തിയിരുന്നു. കേരളത്തിലെയും തമിഴ്നാട്ടിലെയും നിരവധി പാർട്ടി പ്രവർത്തകരാണ് പ്രിയ സഖാവിന് അന്തിമോപചാരം അർപ്പിക്കാൻ ആശുപത്രിയിൽ എത്തിയത്. അതേസമയം, കോടിയേരിയുടെ വിയോഗത്തെ തുടർന്ന് നാളെ തലശ്ശേരി, ധർമ്മടം, കണ്ണൂർ മണ്ഡലങ്ങളിൽ ഹർത്താൽ ആചരിക്കാൻ സിപിഎം ആഹ്വാനം ചെയ്തിട്ടുണ്ട്.

Related Articles

Latest Articles