Saturday, October 3, 2026

ഇവിടെ നിയമിക്കപ്പെടുന്നത് ചിലരുടെ അനന്തിരവന്മാരും ഭാര്യാ സഹോദരന്മാരും; കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖല തകർന്ന് തരിപ്പണമായി; ഗുരുതര ആരോപണങ്ങളുമായി കേരളാ ഗവർണ്ണർ വീണ്ടും

തിരുവനന്തപുരം: കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസരംഗം തകരുന്നതായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബന്ധു നിയമനവും രാഷ്ട്രീയ നിയമനങ്ങളും വ്യാപകമാകുന്നതിനെ കുറിച്ചാണ് ഗവർണ്ണർ ഇങ്ങനെ വിലയിരുത്തിയത്. ചിലരുടെ അനന്തരവന്‍, ഭാര്യ സഹോദരന്‍ എന്നിവരാണ് നിയമനം നേടുന്നത്. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുകയാണ്. നിലവിലെ സാഹചര്യത്തില്‍ പല വിദ്യാര്‍ത്ഥികളും ആശങ്ക തന്നോട് തന്നെ പറഞ്ഞുവെന്നും ഗവര്‍ണര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ സര്‍വകലാശാലകള്‍ മോശമാണെന്ന് മുന്‍ ഗവര്‍ണര്‍ പി സദാശിവവും പറഞ്ഞിരുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ചൂണ്ടിക്കാട്ടി. നിയമനങ്ങളിൽ സുതാര്യതയില്ല. സര്‍വകലാശാലകളില്‍ നടക്കുന്നത് ബന്ധു നിയമനമാണ്. പിന്നെ എങ്ങനെ കുട്ടികള്‍ ഇവിടെ പഠിക്കുമെന്നും ഗവര്‍ണര്‍ ചോദിച്ചു. മികച്ചവര്‍ വിട്ടു നിന്നാല്‍ വിവരമില്ലാത്തവര്‍ അധികാരം നേടുമെന്നും ഗവര്‍ണര്‍ പറഞ്ഞു. തിരുവനന്തപുരത്ത് ശ്രീ അരബിന്ദോ ജന്‍മവാര്‍ഷിക ദിനാചരണത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

സർവകലാശാലകളിൽ ഗവർണറുടെ അധികാരം കുറയ്ക്കുന്ന ബിൽ നിയമസഭയ്ക്ക് പാസാക്കാനുള്ള അധികാരമുണ്ടെങ്കിലും ചില ഘട്ടങ്ങൾ കൂടി കടക്കേണ്ടതുണ്ട്. അതിനുശേഷമേ നിയമമാകൂ. വൈസ് ചാൻസലറെ തിരഞ്ഞെടുക്കാനുള്ള സേർച്ച് കമ്മിറ്റിയിൽ സർവകലാശാലയുമായോ കോളജുമായോ ബന്ധമുള്ളവർ പാടില്ലെന്നാണ് യുജിസി നിയമം. എന്നാൽ, ഹയർ എജ്യുക്കേഷൻ കൗൺസിൽ വൈസ് ചെയർനാണ് ഇവിടെ സേര്‍ച്ച് കമ്മിറ്റി മേധാവി. സഭ പാസാക്കിയ ബില്ലുകൾ‌ തന്റെ മുന്നിലെത്തുമ്പോൾ നിയമവശങ്ങൾ പരിശോധിക്കും.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയായ പ്രിയാ വർഗ്ഗീസിനെ ചട്ടവിരുദ്ധമായി കണ്ണൂർ സർവ്വകലാശാലയിൽ അസ്സോസിയേറ്റ് പ്രൊഫസറായി നിയമിച്ചതിനും, കേരളാ സർവ്വകലാശാലാ വിസിയായി രാഷ്ട്രീയക്കാരെ നിയമിക്കാനുള്ള സർക്കാർ നീക്കത്തിനുമെതിരെ കടുത്ത നിലപാടെടുത്തിരിക്കുകയാണ് ഗവർണ്ണർ. കണ്ണൂർ സർവ്വകലാശാല വിസിക്കെതിരെ കഴിഞ്ഞദിവസം ഗവർണ്ണർ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. വിസി നിയമനത്തിൽ ഗവർണ്ണറുടെ അധികാരം വെട്ടിക്കുറക്കുന്ന നിയമനിർമ്മാണവും സർക്കാർ പരിഗണിക്കുമ്പോഴാണ് വിമർശനം.

Previous article
Next article

Related Articles

Latest Articles