Friday, May 24, 2024
spot_img

അട്ടപ്പാടി മധു കൊലക്കേസ്: മൊഴി മാറ്റി പറഞ്ഞ് 15-ാം സാക്ഷിയും; ഇതോടെ കൂറുമാറിയവരുടെ എണ്ണം അഞ്ചായി

പാലക്കാട്: അട്ടപ്പാടി മധു കൊലപാതക കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. 15-ാം സാക്ഷി മെഹറുന്നീസ ആണ് മൊഴിമാറ്റിയത്. ഇതോടെ മധു കേസില്‍ കൂറുമാറിയവരുടെ എണ്ണം അഞ്ചായി. പ്രോസിക്യൂഷൻ സാക്ഷിയായ മെഹറുന്നീസ രഹസ്യ മൊഴി നൽകിയ വ്യക്തി കൂടിയാണ്. കേസിലെ സാക്ഷികള്‍ക്ക് പോലീസ് സംരക്ഷണം നല്‍കാന്‍ നേരത്തെ കോടതി ഉത്തരവുണ്ടായിരുന്നു.

കോടതിയിൽ നേരത്തെ 10, 11, 12, 14 സാക്ഷികളും കൂറുമാറിയവരാണ്. ഇവരും രഹസ്യമൊഴി നൽകിയവരാണ്.13ആം സാക്ഷി സുരേഷ് ആശുപത്രിയിൽ ആയതിനാൽ വിസ്താരം പിന്നീടായിരിക്കും നടത്തുക.സാക്ഷികളെ പ്രതിഭാഗം സ്വാധീനിക്കുന്നു എന്ന് മധുവിന്റെ കുടുംബവും ആരോപിച്ചിരുന്നു. വിസ്താരത്തിനിടെ മൊഴി മാറ്റിയ മധു കേസിലെ പന്ത്രണ്ടാം സാക്ഷിയായ അനിൽകുമാറിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. മുക്കാലി ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചറായിരുന്നു അനിൽകുമാർ.

അതേസമയം മധുകേസിൽ സാക്ഷികൾ കൂട്ടത്തോടെ കൂറ് മാറുന്നതിന്‍റെ സങ്കടത്തിലും നിരാശയിലുമാണ് കുടുംബം. ഇക്കാര്യം പറഞ്ഞ് പൊട്ടിക്കരഞ്ഞ് മധുവിന്റെ സഹോദരി സരസു നേരത്തെ മാധ്യമങ്ങൾക്ക് മുന്നിലെത്തിയിരുന്നു. കൂറുമാറാതിരിക്കാൻ സാക്ഷികൾ പണം ആവശ്യപ്പെടുകയാണ്. കേസുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെട്ട് തങ്ങൾക്ക് വലിയ സമ്മർദം ഉണ്ടെന്നും സരസു പറയുന്നു. സ്വന്തം സഹോദരന് നീതി തേടി പോരാടുമ്പോഴുള്ള ഒരു സഹോദരിയുടെ നിസ്സഹായവസ്ഥ ആണിത്. കൂറുമാറാതിരിക്കാൻ പണം ചോദിക്കുന്ന സാക്ഷികൾ. ഇതിനിടെ, അട്ടപ്പാടിയിൽ കഴിയാൻ ഭീഷണി ഉണ്ടെന്നു കാണിച്ചു മധുവിന്റെ കുടുംബം പാലക്കാട് എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്.

Related Articles

Latest Articles