Monday, May 6, 2024
spot_img

മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും അരിയും പച്ചക്കറിയും കടത്താൻ ശ്രമം; ജീവനക്കാരെ കൈയ്യോടെ പിടികൂടി വിജിലൻസ്

കോഴിക്കോട്: മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും അരിയും പച്ചക്കറിയും കടത്താൻ ശ്രമിച്ച രണ്ട് ജീവനക്കാർ പിടിയിൽ. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലാണ് (Kuthiravattam Hospital)സംഭവം. വിജിലൻസാണ് ജീവനക്കാരെ പിടികൂടിയത്. അടുത്തിടെ സുരക്ഷാവീഴ്ച മുതലെടുത്ത് അന്തേവാസികൾ ചാടിപ്പോകുന്ന സംഭവങ്ങൾ കുതിരവട്ടത്ത് പതിവായിരുന്നു. ഇതിനിടയിലാണ് ജീവനക്കാരുടെ അരി കടത്തും പിടിക്കപ്പെടുന്നത്.

ആശുപത്രിയിലെ പാചകക്കാരായ ശിവദാസൻ,കമാൽ എന്നിവരെയാണ് കോഴിക്കോട് വിജിലൻസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ പിടികൂടിയത്. ആശുപത്രിയിലെ അന്തേവാസികൾക്കായി എത്തിക്കുന്ന അരിയും പച്ചക്കറിയും മറ്റ് ഭക്ഷ്യ വസ്തുക്കളും സ്വന്തം ആവശ്യത്തിനായി കൊണ്ടുപോകുന്നു എന്ന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന നടത്തിയത്.

ഇരുവർക്കുമെതിരെ വിജിലൻസ് വകുപ്പ് തല നടപടിയ്‌ക്ക് ശുപാർശ ചെയ്തിട്ടുണ്ട്. വിജിലൻസ് നൽകിയ വിവരങ്ങൾ ഡിഎംഒയ്‌ക്ക് കൈമാറിയിട്ടുണ്ടെന്നും, ഡിഎംഒ തുടർ നടപടികൾ സ്വീകരിക്കുമെന്നും ആശുപത്രി വ്യക്തമാക്കി. കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ രണ്ട് ജീവനക്കാരെ ഭക്ഷ്യധാന്യങ്ങൾ കടത്തിയതിന് വിജിലൻസ് പിടികൂടിയിരുന്നു.

Related Articles

Latest Articles