Saturday, April 27, 2024
spot_img

ലോകകപ്പിന് 20 പേരുടെ ചുരുക്കപ്പട്ടികയുമായി ബിസിസിഐ , ഐപിഎൽ മത്സരങ്ങളിൽനിന്ന് പ്രധാനപ്പെട്ട ഇന്ത്യൻ താരങ്ങൾക്ക് ഇളവു ലഭിച്ചേക്കും

മുംബൈ : 10 മാസത്തിനു ശേഷം ഇന്ത്യയിൽ വിരുന്നെത്തുന്ന ഏകദിന ലോകകപ്പിൽ ടീമിലിടം നേടാൻ സാധ്യതയുള്ള 20 കളിക്കാരുടെ ചുരുക്കപ്പട്ടികയുമായി ബിസിസിഐ രംഗത്തെത്തി. ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ഇടം നേടാൻ സാധ്യതയുള്ള 20 താരങ്ങളെ കണ്ടെത്തിയെന്നും ഇവരെ ലോകകപ്പിനു മുൻപ് റൊട്ടേഷൻ അടിസ്ഥാനത്തിൽ പരമാവധി മത്സരങ്ങൾ കളിപ്പിക്കുമെന്നും ബിസിസിഐ സെക്രട്ടറി ജയ്‌ ഷാ വ്യക്തമാക്കി.

സാധ്യതാ പട്ടികയിൽ ആരൊക്കെയുണ്ട് എന്നതു സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തു വന്നിട്ടില്ല. ജയ് ഷാ വിളിച്ചുചേർത്ത യോഗത്തിൽ ഇന്ത്യൻ സീനിയർ ടീം പരിശീലകൻ രാഹുൽ ദ്രാവിഡ്, ക്യാപ്റ്റൻ രോഹിത് ശർമ, ദേശീയ ക്രിക്കറ്റ് അക്കാദമി മേധാവി വി.വി.എസ്.ലക്ഷ്മൺ എന്നിവരും സ്ഥാനമൊഴിയുന്ന സിലക്‌ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമയും പങ്കെടുത്തു.

ടെസ്റ്റിലും ഏകദിനത്തിലും രോഹിത് ശർമയുടെ ക്യാപ്റ്റൻസി മികവിൽ ബിസിസിഐ തൃപ്തരാണെന്നും രോഹിത് ക്യാപ്റ്റനായി തുടരുമെന്നുമാണ് സൂചന. ഏകദിന ലോകകപ്പിൽ രോഹിത് തന്നെ ഇന്ത്യയെ നയിക്കും. ട്വന്റി20 ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ യോഗത്തിൽ പങ്കെടുത്തില്ല.

ലോകകപ്പ് ടീമിലുൾപ്പെട്ട കളിക്കാരുടെ ജോലിഭാരം കുറയ്ക്കുന്നത് സംബന്ധിച്ച് ഐപിഎൽ ഫ്രാഞ്ചൈസികളുമായി ചർച്ച നടത്താൻ ദേശീയ ക്രിക്കറ്റ് അക്കാദമി മേധാവി വി.വി.എസ്.ലക്ഷ്മണെ യോഗം ചുമതലപ്പെടുത്തി. ഇതിലൂടെ മാർച്ചിൽ നടക്കുന്ന ഐപിഎൽ മത്സരങ്ങളിൽനിന്ന് പ്രധാനപ്പെട്ട ഇന്ത്യൻ താരങ്ങൾക്ക് ഇളവു ലഭിച്ചേക്കും.

Related Articles

Latest Articles