Friday, April 26, 2024
spot_img

മികച്ച സിവിൽ സെർവന്റ്, ശ്രീപത്മനാഭ സ്വാമിയുടെ നിലവറ സംബന്ധിച്ച കേസ്സിൽ വിദഗ്ധ സമിതി തലവൻ; കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടെയും ഉപദേശകൻ! എന്നും ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിശ്വസ്തനായ ആനന്ദബോസ് ബംഗാൾ രാജ്ഭവനിലെത്തുമ്പോൾ

ദില്ലി: മലയാളിയായ മുന്‍ ഐ.എ.എസ് ഓഫീസര്‍ സി.വി. ആനന്ദ ബോസിനെ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. 71 വയസാണ് അദ്ദേഹത്തിന്. ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായ ഒഴിവിലാണ് നിയമനം. എം.കെ. നാരായണനുശേഷം പശ്ചിമബംഗാള്‍ ഗവര്‍ണറാകുന്ന മലയാളിയാണ് കോട്ടയം മാന്നാനം സ്വദേശിയായ ആനന്ദബോസ്. കേരളത്തില്‍ അഡി. ചീഫ് സെക്രട്ടറിയായിരുന്നു.

സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം കേന്ദ്രസര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും ഉപദേശകനായിരുന്നു. മേഘാലയ സര്‍ക്കാരിന്റെയും ഉപദേശകനായിരുന്നു. 1977 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. കേരളത്തില്‍ വിദ്യാഭ്യാസം, വനം, പരിസ്ഥിതി, തൊഴില്‍, പൊതുഭരണം തുടങ്ങിയ വകുപ്പുകളില്‍ പ്രവര്‍ത്തിച്ചു. ജില്ലാ കളക്ടര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി തുടങ്ങിയ പദവികളും അദ്ദേഹം വഹിച്ചിരുന്നു.

ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ വീടുകള്‍ നിര്‍മ്മിക്കാന്‍ രൂപം നല്‍കിയ നിര്‍മിതി കേന്ദ്രം ശ്രദ്ധിക്കപ്പെട്ടു. 1986-ല്‍ ബോസ് ആരംഭിച്ച ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ കേരളത്തില്‍ ടൂറിസം മേഖലയില്‍ കുതിച്ചു ചാട്ടമുണ്ടാക്കി. 2011ല്‍ വിരമിച്ചു.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറ കേസില്‍ സുപ്രീംകോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി തലവന്‍, നാഷണല്‍ മ്യൂസിയം അഡ്മിനിസ്ട്രേറ്റര്‍, നാഫെഡ് എംഡി,അറ്റോമിക് എനര്‍ജി എഡ്യുക്കേഷന്‍ സൊസൈറ്റി ചെയര്‍മാന്‍ തുടങ്ങിയ പദവികളും വഹിച്ചു.

ബംഗാളിലെ ജനങ്ങളെ സേവിക്കാന്‍ ഭരണഘടന പ്രകാരം ഭരണം സുഗമായി നടക്കുന്നുവെന്ന് ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ അനുഗ്രഹം പ്രതീക്ഷിക്കുന്നു. വലിയ ചുമതല ഏല്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി പറയുന്നു. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരുമായി സമാധാനത്തിന്റെ പാതയില്‍ ക്രിയാത്മകമായി സഹകരിക്കുമെന്നും മുന്‍ഗാമി ജഗ്ദീപ് ധന്‍കറുമായുള്ള മമതയുടെ ഏറ്റുമുട്ടലുകളെ പരാമര്‍ശിച്ച് ബോസ് പറഞ്ഞു.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ മഴവില്‍ പാലം തീര്‍ക്കാന്‍ ശ്രമിക്കുമെന്ന് ബംഗാള്‍ ഗവര്‍ണറായി നിയമിതനായ സി.വി.ആനന്ദബോസ് പറഞ്ഞു. ഭരണഘടന അനുശാസിക്കുംവിധം ഗവര്‍ണറുടെ ചുമതല നിറവേറ്റും. കേരളത്തിലേത് അടക്കം ഗവര്‍ണര്‍ സര്‍ക്കാര്‍ തര്‍ക്കം ഏറ്റുമുട്ടലായി കാണുന്നില്ല. ഏറ്റുമുട്ടലല്ല, ആരോഗ്യകരമായ സംവാദങ്ങളും അഭിപ്രായസംഘട്ടനവും ഉണ്ടാകണമെന്നും സി.വി. ആനന്ദബോസ് പറഞ്ഞു.

ഈ ദൗത്യം ഏല്‍പിക്കാന്‍ തന്നില്‍ വിശ്വാസം അര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേരളത്തിലെ ജനങ്ങളോടും നന്ദി പറയുന്നതായി അദ്ദേഹം പറഞ്ഞു. ‘ഈ ദൗത്യം ഒരു ഭാരിച്ച ഉത്തരവാദിത്തം തന്നെയാണ്. ഒരു ഗവര്‍ണറുടെ ചുമതല എന്താണെന്നു ഭരണഘടന അനുശാസിക്കുന്നുണ്ട്. ഒരു ജനാധിപത്യ സമ്പ്രദായത്തില്‍ ആ ഭരണഘടനയ്ക്കുള്ളില്‍ ഒതുങ്ങി നിന്നുകൊണ്ടു പ്രവര്‍ത്തിക്കാന്‍ ശ്രമിക്കും. ബംഗാളിലെ ജനങ്ങള്‍ പ്രയോജനകരമായ കാര്യങ്ങള്‍ ഏറ്റെടുത്ത് നടത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles